Janayugom Online
sabarimala woman entering

ശബരിമലയിലെ സ്ത്രീപ്രവേശനം

Web Desk
Posted on October 16, 2018, 10:47 pm

ബി അജയകുമാര്‍

ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ 12 വര്‍ഷത്തിലധികം ബന്ധപ്പെട്ട എല്ലാ വസ്തുതകളും മനസ്സിലാക്കിയതിനുശേഷവും വാദമുഖങ്ങള്‍ കേട്ടതിനുശേഷവും നടത്തിയ വിധിയാണ്.
ജാതിമതവര്‍ണവര്‍ഗലിംഗ വിവേചനമില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശമെന്ന ധര്‍മ്മബോധത്തില്‍ നിന്നുകൊണ്ടുള്ള പുരോഗമനപരമായ വിധിയാണ് ഇത്. ഒരു ഏകീകൃത സിവില്‍ നിയമത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ സഹായകമായ വിധികൂടിയാണിത്.
സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടില്‍ ദൈവം എന്നത് ‘പരബ്രഹ്മ’മാണ്. നിര്‍ഗുണ പരബ്രഹ്മം. ആ ബ്രഹ്മത്തിലാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്. സര്‍വചരാചരങ്ങളിലുമുള്ള ഊര്‍ജ്ജമായി നമുക്കിതിനെ വിശേഷിപ്പിക്കാം. ഇതു ഏതാണ്ട് ഇലക്ട്രിസിറ്റി പോലെയാണ്. കറണ്ട് ഏത് മെഷീനിലാണോ കയറ്റിവിടുന്നത് ആ മെഷീനെ പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഉപയോഗം നമുക്ക് നടത്തിത്തരും. എ സിയിലാണെങ്കില്‍ തണുപ്പ്, ഹീറ്ററിലാണെങ്കില്‍ ചൂട്. ബള്‍ബില്‍ ആണെങ്കില്‍ ലൈറ്റ്. ഫാനില്‍ ആണെങ്കില്‍ കാറ്റ് എന്നതുപോലെ. ദേവീദേവതകളും മനുഷ്യരും ഉള്‍പ്പെടെ സര്‍വ ചരാചരങ്ങളിലും ദൈവം പ്രവര്‍ത്തിക്കുന്നു. ഓരോന്നിന്റെയും ആകൃതിയും വികൃതിയും പ്രകൃതിയും ഒക്കെ അനുസരിച്ച് അതില്‍ അടങ്ങിയിരിക്കുന്ന എനര്‍ജിയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ അളവില്‍ വ്യത്യാസം കാണും. ദേവിദേവതകളുടെ കാര്യത്തിലും മറ്റ് പൈശാചിക ശക്തികളുടെ കാര്യത്തിലുമെല്ലാം ഇത് ബാധകമാണ്.

ഇനി വിഗ്രഹങ്ങള്‍ പരിശോധിക്കാം. ഓരോ വിഗ്രഹവും ഏതു രൂപത്തില്‍ ആണെന്നത് വളരെ പ്രധാനമാണ്. ശിവലിംഗരൂപത്തിലാണ് ന്യൂക്ലിയര്‍ എനര്‍ജി റിയാക്ടറുകള്‍. ഊര്‍ജ്ജത്തിന്റെ ഉത്പാദനത്തിന് ഈ രൂപം ഏറ്റവും അനുയോജ്യമാണെന്നുള്ളതുകൊണ്ടാണിത്. ഏതു വസ്തു കൊണ്ടാണോ ഈ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത് എന്നതും വളരെ പ്രധാനമാണ്. സാളഗ്രാമം, കരിങ്കല്ല്, മാര്‍ബിള്‍, പഞ്ചലോഹകൂട്ടുകള്‍ തുടങ്ങിയവയിലെല്ലാം വ്യത്യസ്തമായ ഊര്‍ജ്ജ ഉല്പാദന സഞ്ചാലനരീതികള്‍ ആണ് ഉള്ളത്. ആ വിഗ്രഹങ്ങളില്‍ ചൈതന്യത്തെ നല്‍കുന്ന പ്രതിഷ്ഠാക്രമങ്ങളും മൂലമന്ത്രങ്ങളും പൂജാവിധികളുമാണ്. ഇതിന്റെ വ്യത്യസ്തതകള്‍കൊണ്ടാണ് ഓരോ വിഗ്രഹവും വ്യത്യസ്ത ദേവതകളെ ഉള്‍ക്കൊള്ളുന്നത്, ഉദാഹരണത്തിന് സരസ്വതി, ലക്ഷ്മി, പാര്‍വതി, ദുര്‍ഗ, ഭദ്രകാളി, ചാമുണ്ഡി, രക്തചാമുണ്ഡി, അയ്യപ്പന്‍, ശാസ്താവ്, ധര്‍മ്മശാസ്താവ് തുടങ്ങി വ്യത്യസ്തങ്ങളായ മൂര്‍ത്തികള്‍ രൂപപ്പെടുകയും ഓരോന്നും അതിന്റേതായ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനരീതികളെ നിലനിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വ്യത്യസ്തമായ ആചാരവിധികളും പൂജാവിധികളും പുനരുദ്ധാരണക്രമങ്ങളും നടത്തിവരുന്നത്.
ശബരിമലയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ആദ്യകാലങ്ങളില്‍ മകരവിളക്കിനും മണ്ഡലവിളക്കിനും മാത്രമാണ് ശബരിമല തുറന്നിരുന്നത്. പിന്നീട് അത് മണ്ഡലകാലങ്ങളിലേക്കും ഉത്സവകാലത്തേക്കും വിഷുവിനുമൊക്കെയായി പലപ്പോഴായി മാറ്റം വരുത്തി. 1970‑ലാണ് എല്ലാ മലയാളമാസവും ഒന്നു മുതല്‍ അഞ്ചു വരെ നട തുറക്കാന്‍ തീരുമാനിച്ചത്. അപ്പോഴാണ് യുവതികളുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്കിനും മണ്ഡലകാലങ്ങളിലും വിഷുവിനും യുവതികളായ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. 1970 വരെ സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളും ഇല്ലായിരുന്നു എന്നതാണ് വസ്തുത. അങ്ങനെയുണ്ടായിരുന്നെങ്കില്‍ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ അവിടെ ഉണ്ടാകുമായിരുന്നില്ല. 1990 ആഗസ്റ്റ് 18‑ന് (ചിങ്ങം രണ്ട്) നടന്ന തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണിന്റെ ചിത്രങ്ങള്‍ ജന്മഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തില്‍, മഹേന്ദ്രന്‍ എന്ന ചങ്ങനാശേരി പെരുന്നക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 1991 ആഗസ്റ്റ് അഞ്ചിന്റെ ജസ്റ്റിസ് കെ എസ് പരിപൂര്‍ണന്റെ വിധിയിലൂടെ യുവതികളുടെ (10‑നും 50‑നും മധ്യേ) പ്രവേശനം അസാധ്യമാക്കിയത്. ഈ പത്തിന്റെയും 50‑ന്റെയും വയസുകളുടെ മാനദണ്ഡം എന്താണെന്നു മനസ്സിലായിട്ടില്ല. നിരവധി കുട്ടികള്‍ 10 വയസ്സിനുമുമ്പ് ഋതു ആകാറുണ്ട്. 50‑ലും ആര്‍ത്തവം നിലയ്ക്കാത്ത സ്ത്രീകളാണ് ഭൂരിപക്ഷവും. യൗവനമാണ് പ്രശ്‌നമെങ്കില്‍ 60 വയസിലും 30 കാരികളെപോലെയുള്ള പലരേയും നമുക്ക് കാണാന്‍ കഴിയും.
ശബരിമലവരെ എത്തിപ്പെടുക എന്നുള്ളത് വളരെ ദുഷ്‌കരമായ കാര്യമായിരുന്നു എന്നതുകൊണ്ട് അവിടെ സ്ത്രീകള്‍ പോകുക വളരെ അപൂര്‍വമായിരുന്നു. എങ്കിലും പലപ്പോഴും സ്ത്രീകള്‍ പ്രവേശിക്കാറുണ്ടായിരുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 1940‑ലെ റാണി സേതു പാര്‍വതിഭായിയുടെ ശബരിമല ദര്‍ശനം. 07.11.1896‑ല്‍ ജനിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിന്റെ അമ്മ മഹാറാണിയായ സേതു പാര്‍വതി ഭായിക്ക് ക്ഷേത്രദര്‍ശനസമയത്ത് പ്രായം 43 വയസ് മാത്രമാണ്. വസ്തുതകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ഇടക്കാലത്ത് കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് പരിപൂര്‍ണന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ മാറ്റി പൂര്‍വസ്ഥിതിയിലാക്കുക മാത്രമാണ് സുപ്രിം കോടതി ചെയ്തത്. ഇതിനെതിരെ ഇല്ലാത്ത ആചാരങ്ങളുടെ പേരു പറഞ്ഞ് വിമര്‍ശിക്കുന്നതും സമരം ചെയ്യുന്നതും വിരോധാഭാസമാണ്. വീടുകളിലോ ക്ഷേത്രങ്ങളിലോ അല്ലെങ്കില്‍ അതിന് അനുയോജ്യമായ മറ്റു സ്ഥലങ്ങളിലോ ഇരുന്ന് നാമജപം നടത്തുന്നത് വളരെ നല്ലതാണ്. സമരത്തിന്റെ പേരില്‍ പൊതുനിരത്തിലിരുന്ന് ഗതാഗത തടസം സൃഷ്ടിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയും നാമജപം നടത്തുന്നത് വിപരീതഫലം ഉളവാക്കും.
ഇനി നൈഷ്ഠിക ബ്രഹ്മചര്യം. നിഷ്ഠകൊണ്ട് ബ്രഹ്മചര്യം എന്നാണതിന്റെ അര്‍ത്ഥം. അയ്യപ്പനെ ദര്‍ശിക്കാന്‍ വൃശ്ചികം ഒന്നുമുതല്‍ 41 ദിവസത്തെ വ്രതമനുഷ്ഠിച്ച് മണ്ഡലവിളക്കിനായിരുന്നു ആദ്യകാലങ്ങളില്‍ എത്തിയിരുന്നത്. അതുകൊണ്ടാണ് അന്ന് തിരുവാഭരണമൊക്കെ ചാര്‍ത്തുന്നത്. അന്ന് എത്തിപ്പറ്റാന്‍ കഴിയാത്തവര്‍ മകരവിളക്ക് കാലത്ത് ദര്‍ശനം നടത്തുമായിരുന്നു. പില്‍ക്കാലത്ത് ക്ഷേത്രത്തില്‍ തിരക്ക് കൂടിയതിനാല്‍ മണ്ഡലകാലങ്ങളില്‍ മുഴുവന്‍ സമയവും എല്ലാ മലയാളമാസങ്ങളില്‍ 1-ാം തീയതി മുതല്‍ അഞ്ചാം തീയതി വരേയും മകരവിളക്കിന് കൂടുതല്‍ സമയവും ഉത്സവകാലങ്ങളിലുമെല്ലാം നടതുറക്കാന്‍ തുടങ്ങി. കുറയൊക്കെയെങ്കിലും ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച് അയ്യപ്പസന്നിധിയില്‍ എത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചുവെങ്കിലും സ്ത്രീകള്‍ പ്രത്യേകിച്ചും യുവതികള്‍ വളരെ കുറവായിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകള്‍ അതിന് ഒരു കാരണമായിരുന്നു. യഥാര്‍ത്ഥത്തില്‍ നൈഷ്ഠികബ്രഹ്മചര്യം എന്നത് നിഷ്ഠകൊണ്ട് അനുസരിക്കുന്ന ബ്രഹ്മചര്യമെന്നതാണ്. അതായത് എല്ലാവിധ ലൗകികസുഖങ്ങളും വെടിഞ്ഞ് വ്രതകാലം കഴിഞ്ഞുകൂടുക എന്നതാണ് ഉദ്ദേശിക്കുന്നത്. സ്ത്രീ ആയാലും പുരുഷനായാലും ലൗകികസുഖങ്ങളെ വ്രതകാലങ്ങളില്‍ ഉപേക്ഷിക്കുക. പ്രധാനമായും കാമം, ക്രോധം, ലോഭം, മോഹം ഇത്യാദി വികാരങ്ങളെ വെടിയുക എന്നതാണതിന്റെ അര്‍ത്ഥം. വ്രതം അനുഷ്ഠിക്കുന്ന കാര്യത്തില്‍ പുരുഷനെക്കാള്‍ നിഷ്ഠ സ്ത്രീകള്‍ക്കാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അല്ലാതെ ആര്‍ത്തവമോ സ്ഖലനമോ ഉണ്ടാകരുതെന്ന് അതിന് അര്‍ത്ഥമില്ല. സാധാരണ ഗതിയില്‍ ഈ വികാരങ്ങളെ വെടിഞ്ഞവര്‍ക്ക് സ്ഖലനമോ ആര്‍ത്തവമോ ഉണ്ടാകാന്‍ തരമില്ല. സാധാരണ കാമ ക്രോധ ലോഭ മോഹാദികള്‍ കാരണമാണ് അങ്ങനെ സംഭവിക്കുക. ലൗകിക ചിന്തകള്‍ വെടിഞ്ഞ് ആത്മീയതയിലേക്കെത്താന്‍ ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗ, വിവേചനങ്ങള്‍ക്കപ്പുറം നിലകൊള്ളുന്ന ആരാധനാലയമാണ് ശബരിമല.
ശബരിമലയില്‍ അമ്മയായി, സഹോദരിയായി, ദേവിയായി, പ്രപഞ്ചസ്രഷ്ടാവായി, പ്രപഞ്ചമാതാവായി, ബ്രഹ്മ വിഷ്ണു മഹേശ്വര ത്രിമൂര്‍ത്തികള്‍പോലും വണങ്ങുന്ന ആദിപരാശക്തിയായി പ്രശോഭിക്കുന്ന സ്ത്രീകള്‍ക്ക് യൗവനകാലത്ത് കയറാന്‍ കഴിയില്ല എന്നു പറയുന്നതില്‍ ന്യായം എന്താണുള്ളത്? അതും 10‑നും 50‑നും മധ്യേ പ്രായത്തില്‍.
ഇന്ന് സ്ത്രീകള്‍ എല്ലാ രംഗത്തും പുരുഷന്മാരേക്കാള്‍ മുന്നിലാണ്. വിദ്യാഭ്യാസരംഗത്തു മാത്രമല്ല അതിസാഹസിക, സങ്കേതികരംഗങ്ങളിലും ബഹിരാകാശപേടകങ്ങളിലും വിമാനം, കപ്പല്‍, ട്രക്ക്, കണ്ടയ്‌നര്‍ ലോറി, യുദ്ധവിമാനങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവ ചലിപ്പിക്കുക ഉള്‍പ്പെടെ എല്ലാ രംഗത്തും അവര്‍ മുന്നിലാണെന്നത് കേവലം വസ്തുതയാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ പുരുഷന്മാരേക്കാള്‍ കരുത്തും കാര്യക്ഷമതയും അവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്.
ജീവിതത്തിന്റെ സമസ്തമേഖലകളിലും മുന്നില്‍ നില്‍ക്കുന്ന സ്ത്രീ പ്രത്യുല്‍പ്പാദനദൗത്യവും നിര്‍വഹിക്കുന്നു. ഒരുപക്ഷേ ഈ ഉത്തരവാദിത്തം പുരുഷനായിരുന്നുവെങ്കില്‍ എത്ര പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുവാന്‍ തയ്യാറാകുമായിരുന്നു?
വസ്തുതകള്‍ ഇതൊക്കെയാണെന്നിരിക്കെ സ്ത്രീകളുടെ ശബരിമല ദര്‍ശനവിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വിവരക്കേടാണ്. അന്ധവിശ്വാസമാണ്.

(ലേഖകന്‍ ജ്യോതിഷിയും ജ്യോതിര്‍ഗമയ എന്ന ടെലിവിഷന്‍ വൈജ്ഞാനിക പരിപാടിയുടെ ആശയാവിഷ്‌കാരകനും ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ ചെയര്‍മാനുമാണ്.)