Monday
18 Feb 2019

മലയാള സിനിമയിലേക്ക് തന്റെ വരവറിയിച്ച് ‘ ശബ്ദം’വുമായി പി കെ ശ്രീകുമാര്‍

By: Web Desk | Sunday 7 October 2018 11:09 AM IST

സന്തോഷ് എന്‍ രവി
വേറിട്ട വഴിയും വ്യത്യസ്തമായ ട്രീറ്റ്‌മെന്റും നല്‍കി കാഴ്ചയുടെ വസന്തവും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയും പ്രേക്ഷകന് സമ്മാനിക്കുകയാണ് തന്റെ കന്നി സംരംഭമായ ‘ ശബ്ദം’ എന്ന മലയാള ചിത്രത്തിലൂടെ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ പി കെ ശ്രീകുമാര്‍. എസ്എല്‍ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന്ത് മാമ്മന്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രമേയത്തിലെ വൈവിധ്യത്തിന് പുറമേ കേള്‍വിയും സംസാരശേഷിയുമില്ലാത്ത രണ്ട് പ്രധാന താരങ്ങളെ അഭിനയിപ്പിച്ചാണ് ശബ്ദമില്ലാത്തവരുടെ ശബ്ദം സിനിമയിലൂടെ പകര്‍ന്നു നല്‍കുന്നത്. ശബ്ദം തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. നായകനും നായികയും അവരുടെ ഏക മകനും മൂക ബധിരരാകുന്നതിലൂടെ ഒരു കുടുംബം നേരിടുന്ന വെല്ലുവിളികളും സമൂഹത്തിലെ ശബ്ദങ്ങളുടെ മഹാപ്രളയത്തില്‍ അവര്‍ ഒറ്റപ്പെടുകയും ചെയ്യുന്ന ചിത്രം അതി ഭംഗിയായി തന്നെ ‘ ശബ്ദം ‘ പറയുന്നു. കുശവ സമുദായത്തിന്റെ പരമ്പരാഗത കുല തൊഴില്‍ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് പികെ ശ്രീകുമാര്‍ ശബ്ദം അണിയിച്ചൊരുക്കുന്നത്. നായക കഥാപാത്രമായ ചക്രപാണിയെ തന്മയത്വത്തോടെ ജയന്ത് മാമ്മന്‍ അവതരിപ്പിച്ചിരിക്കുന്നു. വളരെ ശക്തമായ പ്രമേയം അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ സംവിധായകന്‍ തന്റെ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള’ശബ്ദ ത്തിന് ട്രീറ്റ് ചെയ്തിട്ടുണ്ട്. കേള്‍വിയും സംസാരശേഷിയുമില്ലാത്ത സോഫിയ, റിച്ചാര്‍ഡ് സഹോദരങ്ങളാണ് മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഫിയ എം ജോ മിസ് ഇന്‍ഡ്യ ഡഫും ബൈക്ക് റേസറുമാണ്. സഹോദരന്‍ റിച്ചാര്‍ഡും റേസര്‍ തന്നെ. വൈകല്യങ്ങളെ തോല്‍പ്പിച്ച് സാഹസികതയെ പ്രണയിക്കുന്ന ഈ സഹോദരങ്ങള്‍ മലയാള സിനിമയ്ക്ക് പുതിയ മുതല്‍ക്കൂട്ടാവുകയാണ്. താരങ്ങളും ടെക്‌നീഷ്യന്‍സും എല്ലാം പുതുമുഖങ്ങളാണ്. നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ മാതാവ് റൂബി തോമസ് ശക്തമായ ഒരു കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുന്നു. കഥാകൃത്ത് ബാബു കുഴിമറ്റവും തിരശ്ശീലയ്ക്ക് മുന്നിലുണ്ട്. ബിച്ചു തിരുമല ഗാനങ്ങളിലുടെ സിനിമയിലേക്ക് തന്റെ മടങ്ങി വരവ് നടത്തുന്ന ചലച്ചിത്രം കൂടിയാണ് ശബ്ദം. മറ്റൊരു ഗാനം രചിച്ചിട്ടുള്ളത് കവി ശരത്ചന്ദ്രലാല്‍ ആണ്. സംഗീതം ബിജിബാല്‍. ജയകൃഷ്ണന്‍ ഉണ്ണികൃഷ്ണനാണ് ക്യാമറയും എഡിറ്റിംഗും കളര്‍ കറക്ഷനും നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍ട്ട് ഡയറക്ഷന്‍ രാജീവ് സൂര്യന്‍. ടെക്‌നിക്കല്‍ ഡയറക്ടര്‍ അരുണ്‍ ഗോപിനാഥ്. മേക്കപ്പ് ശിവരാജന്‍ പാലക്കാട് കോസ്റ്റ്യൂം ജിജി ടോം വങ്ങാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ചെങ്ങന്നൂര്‍. സ്റ്റുഡിയോ മെഗാ മീഡിയ, വിസ്മയ, വിഷ്വല്‍റേ കമ്മ്യൂണിക്കേഷന്‍സ്. കോ പ്രൊഡ്യൂസര്‍ ലിനു ഐസക്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തോമസ് ജോസഫ് പട്ടത്താനം. തിരുവനന്തപുരത്തും പരിസരത്തും ചിത്രീകരണം പൂര്‍ത്തിയായ ശബ്ദം റൂബി ഫിലിംസ് ഈ മാസം തന്നെതിയറ്ററുകളില്‍ എത്തിക്കും.