Monday
16 Sep 2019

എന്‍റെ മകന്‍ ചെയ്ത തെറ്റു പൊറുക്കണം; എടുത്ത പണം തിരികെവച്ചിട്ടുണ്ട്; വൈറലായി പിതാവിന്‍റെ കത്ത്

By: Web Desk | Thursday 27 June 2019 7:58 PM IST


കോട്ടയം: മകന്‍ വഴിയില്‍നിന്നും എടുത്ത പേഴ്‌സും രേഖകളും ഉടമസ്ഥന് തിരികെയെത്തിച്ച് മാതൃകയായി മാതാപിതാക്കള്‍. പേഴ്‌സില്‍ നിന്നും മകനെടുത്ത 100 രൂപയും തിരികെ വെച്ചാണ് ഉടമസ്ഥനായ ചങ്ങനാശേരി സ്വദേശി സബീഷ് വര്‍ഗീസിന് തപാല്‍മാര്‍ഗം ഉടമസ്ഥന്  തിരിച്ചുനല്‍കിയത്. ‘എന്റെ മകന്‍ ചെയ്‌ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പേഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ആ പണം തിരികെ വെച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്‌തു അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം.’- സബീഷിന് ലഭിച്ച കത്തില്‍ പറയുന്നു.

കത്ത്കിട്ടിയ വിവരം സബീഷ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പേഴ്‌സ് കണ്ടെത്തിയ കുട്ടിയോടും തിരികെ നല്‍കാന്‍ മനസ് കാട്ടിയ മാതാപിതാക്കളോടും നന്ദിയുണ്ടെന്നും സബീഷ് പറഞ്ഞു.

സബീഷ് വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പേഴ്സും തിരിച്ചറിയൽ രേഖകളും പെൻഡ്രൈവും
തിരികെ ലഭിച്ചു

എന്റെ പേഴ്സും വിലപിടിച്ച രേഖകളും നഷ്ടമായി എന്നറിഞ്ഞ് അവ തിരിച്ചു കിട്ടാൻ പ്രാർത്ഥിച്ചവർക്കും ഈ വാർത്ത സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തവർക്കും ഈ വാർത്ത പൊതു ജനങ്ങളെ അറിയിക്കാൻ മനസുകാട്ടിയ പ്രദേശിക പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾക്കും നെഞ്ചിനകത്തുനിന്ന് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ തിങ്കളാഴിച്ച (17 – 6-19) വൈകുന്നേരമാണ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പേഴ്സ് നഷ്ടമായത്.
ഒരാഴ്ച പിന്നിടുമ്പോൾ എന്റെ സർവ്വപ്രതീക്ഷയും നഷ്ടമായിരുന്നു.
ഈ പേഴ്സ് വഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞ് കൂട്ടുകാരനും അത് അയച്ചു തരാൻ മനസുകാട്ടിയ അവന്റെ അമ്മയോടും പറഞ്ഞാൽ തീരാത്ത കടപ്പാട് അറിയിക്കുന്നു.
ആ കുഞ്ഞിനെ ഞാനും എന്റെ കുടുംബവും സ്നേഹിക്കുന്നു. അവനു വേണ്ടി ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവൻ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്.
പ്രിയ മാതാപിതാക്കളെ,
ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓർത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതി കൊണ്ട് വഴിയിൽ കിടന്ന പേഴ്സ് അവനെടുത്തു.
ഇതിന്റെ പേരിൽ അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇനിയൊരിക്കലും അവനിത് ആവർത്തിക്കില്ല.
സ്നേഹം കൊണ്ട് നമുക്കവനെ തിരുത്താം.
തെറ്റുപറ്റുക മാനുഷികമാണ്.
തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകം.
ദൈവപുത്രനായി ആ കുഞ്ഞ് വളരട്ടെ. സ്വാഭാവിക പ്രക്രിയ എന്ന നിലയിലാണ് പോലിസിൽ പരാതിപ്പെട്ടത്. നാളെ ( 26-6-19) തന്നെ പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് പോസ്റ്റ ലായി തിരികെ ലഭിച്ചു എന്നറിയിക്കുകയും പരാതി പിൻവലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു.
ഞാനാവർത്തിക്കുന്നു ആ കുഞ്ഞിനേയും കുടുംബത്തേയും ഞങ്ങൾ സ്നേഹിക്കുന്നു. ആ കുടുംബത്തെ കാണാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. അവനു നൽകാൻ സമ്മാനപ്പൊതിയും മധുര പലഹാരങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു.
ഞങ്ങളുടെ ഉദ്ദേശ്യം ആത്മാർത്ഥമാണെന്ന് തോന്നിയാൽ ദയവായി ഞങ്ങളെ ബന്ധപ്പെടൂ

സബീഷ് നെടുംപറമ്പിൽ

Related News