ജെയ്സൺ ജോസഫ്

സഭാമുഖം

October 06, 2021, 11:59 pm

കയറും വേണ്ട കള്ളും വേണ്ട; വലതുപക്ഷമെന്ന് പറയരുത്

Janayugom Online

കയറും കള്ളും ധാതുമണലിലും ഊന്നിയുള്ളതായിരുന്നു സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍. എന്നാല്‍ തങ്ങള്‍ വലതുപക്ഷം അല്ലെന്നും ഇടതുപക്ഷമെന്നും തിരുത്താന്‍ സഭാസമ്മേളനാരംഭം മുതല്‍ തുടങ്ങിയ മായാമോഹത്തിലായിരുന്നു ഇന്നലെയും കോണ്‍ഗ്രസ്. കോൺഗ്രസ് വലതുപക്ഷ പാർട്ടിയാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമർശത്തെ സിപിഐ(എം) ഹൈദരാബാദ് പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ഉദ്ധരിച്ച് പി സി വിഷ്ണുനാഥ് പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെയാണ് ചർച്ചകളുടെ ഗതി മാറിയത്. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ എങ്ങും കോൺഗ്രസ് വലതുപാർട്ടിയാണെന്ന് പറയുന്നില്ലെന്നും പിന്നെങ്ങനെ അതിന് വിരുദ്ധമായി സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗമായ മന്ത്രിക്ക് ഇത്തരത്തിൽ പറയാൻ കഴിയുമെന്നായി കോണ്‍ഗ്രസ് ചോദ്യം.

കോൺഗ്രസ് വലതുപക്ഷ പാർട്ടി തന്നെയാണെന്നും ബിജെപി തീവ്ര വലതുപാർട്ടിയാണെന്നും എ എൻ ഷംസീർ തിരിച്ചടിച്ചു. ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ പോയ കുഞ്ഞാലിക്കുട്ടി പോയപോലെ തിരികെ വന്നത് പോരാട്ട ലക്ഷ്യം പൂര്‍ത്തീകരിച്ചതിനാലാണോ എന്ന് ചോദിച്ചു പി എസ് സുപാല്‍.കോൺഗ്രസിന്റെ വർഗസ്വഭാവം സംബന്ധിച്ചുള്ള നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും കോൺഗ്രസ് വലതുപക്ഷ പാർട്ടിയാണെന്നും മന്ത്രി ആവര്‍ത്തിച്ചു. അതാത് കാലത്തെ വസ്തുനിഷ്ഠ സാഹചര്യത്തെ വിലയിരുത്തി സ്വീകരിക്കുന്ന അടവ് നയമാണ് പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയം. ഫാസിസത്തിനെതിരെയുള്ള യോജിച്ച പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുമെന്നതില്‍ ഒരു തർക്കവുമില്ല.

തെറ്റുകളുടെയും കുറ്റങ്ങളുടെയും പട്ടിക നിരത്തിയാല്‍ ആരു ജയിക്കും ആരു തോല്‍ക്കും എന്നു നോക്കിയാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടിയ ഇ ചന്ദ്രശേഖരന്‍ ബില്ലില്‍ കേന്ദ്രീകരിച്ച് സംസാരിച്ചു. വലതുപക്ഷം തെറ്റാണെന്നും ഇടതുപക്ഷമാണ് ശരിയെന്നും ഇപ്പോഴെങ്കിലും സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബില്ലിന്മേലുള്ള ചർച്ചയെ തുടര്‍ന്നുള്ള മറുപടിയിൽ മന്ത്രി പി രാജീവ് പറഞ്ഞു. ഈ തിരിച്ചറിവ്‌ നല്ലതാണ്‌. അതിനാലാണ്‌ തങ്ങളും ഇടതുപക്ഷമാണെന്ന്‌ സ്ഥാപിക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നത്‌.
കോൺഗ്രസ്‌ ദുർബലപ്പെടരുതെന്നാണ്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ, ഒരു നേതാവുപോലുമില്ലാത്ത പാർട്ടിയായി അത്‌ അധഃപതിക്കുന്നു. ഇത്‌ ചുണ്ടിക്കാട്ടുന്നത്‌ കോൺഗ്രസിനുള്ളിൽ തന്നെയുള്ളവരാണ്‌. കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടാനും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയുന്ന നിലയിലേക്ക്‌ കോൺഗ്രസ്‌ മാറണം. വർഗീയ ഫാസിസ്‌റ്റ്‌ ഭരണത്തിനെതിരായ വിശാലമായ മുന്നണി രൂപപ്പെടുത്താനാണ് ഇടതുപക്ഷം അക്ഷീണം പ്രയത്നിക്കുന്നത്‌. ഇതിന്റെ ഫലം കർഷക സമരത്തിൽ പ്രകടമാണ്‌. ഇത്‌ കോൺഗ്രസ്‌ നേതാക്കൾ തിരിച്ചറിയണം. വ്യക്തമാണ് നിലപാട്.

Eng­lish Sum­ma­ry: janayu­gom sabhamugom

You may also like this video :