വത്സൻ രാമംകുളത്ത്

June 08, 2021, 9:32 pm

ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്നവര്‍

Janayugom Online

‘ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്ന സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗം ഇന്നത്തെപ്പോലെയല്ല. സംസ്ഥാനത്തെ 50 ശതമാനം പേരും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. ഏഴ് ലക്ഷത്തോളം കുട്ടികളാണ് എല്‍ഡിഎഫ് ഭരണകാലത്തെ വികസനങ്ങളുടെ ഫലമായി അണ്‍എയ്ഡഡ് മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലേക്ക് പ്രവേശിച്ചത്. ഇതാണ് വികസനം. ഇതിനെയാണ് ജനങ്ങള്‍ വിലയിരുത്തിയത്. ജനങ്ങളുടെ വികാരം പ്രതിപക്ഷം മനസിലാക്കുന്നില്ല. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് കാര്യമുണ്ടോ?’ ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാലിന്റെ ചോദ്യം പ്രസക്തമാണ്.
ഇന്നലെയും സഭയില്‍ ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയെ പ്രതിപക്ഷം വിലയിരുത്തിയത് ശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുതന്നെയാണ്. കോവിഡാണ് ഇടതുപക്ഷത്തെ വീണ്ടും വിജയിപ്പിച്ചതെന്ന് പറയുമ്പോള്‍ അതിലും ചില യാഥാര്‍ത്ഥ്യമുണ്ട്. ആ ബോധത്തോടെ അല്ല ഓരോ പ്രതിപക്ഷാംഗങ്ങളുടെയും വാക്കുകള്‍. ഇത്തവണ ജയിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചില്ലെന്നും കോവിഡാണ് വിജയിപ്പിച്ചതെന്നും കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്തിന്റെ വാക്കുകള്‍ പ്രതിപക്ഷത്തും ചിരിയുണര്‍ത്തി. മുന്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ കുറേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അതൊന്നും തെളിയിക്കപ്പെട്ടില്ലെന്നും തുറന്നുപറഞ്ഞ അന്‍വര്‍, സഹപ്രവര്‍ത്തകരുടെ തിരുത്തിനിടെ നാക്കുളുക്കിയപോലെ നടിച്ചു. അതുകൊണ്ടാവാം കുരുടന്‍ ആനയെ കണ്ടതുപോലെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതെന്ന് ജയലാല്‍ നിരീക്ഷിച്ചത്. ജ്വലിക്കുന്ന സൂര്യനുമുന്നില്‍ ഒളിക്കുന്ന മിന്നാമിന്നിയായി മാറുകയാണവര്‍. സമ്പൂര്‍ണമായ പരാജയത്തിന്റെ വന്യമായ ശൂന്യതയാണ് പ്രതിപക്ഷത്തെന്നും ജയലാല്‍ വിമര്‍ശിച്ചു.

പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും സംസ്ഥാനത്തിന്റെ പൊതുകടത്തെ നിരത്തിയാണ് യുഡിഎഫ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളെ അവര്‍ വിസ്മരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കുമ്പോള്‍, കേരള സര്‍ക്കാര്‍ പാവപ്പെട്ടവന് താങ്ങായി അവനില്‍നിന്ന് നികുതിഭാരം ഉപേക്ഷിക്കാനാണ് പരിശ്രമിച്ചത്. സാമൂഹ്യക്ഷേമവും ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കി. അതാണ് കേന്ദ്രത്തിനെതിരെയുള്ള കേരളത്തിന്റെ ബദല്‍‍. ജയലാലുള്‍പ്പെടെ ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു.
തന്റെ ഇടപെടലുണ്ടായിടത്തെല്ലാം സര്‍ക്കാര്‍ ‘യുടേണ്‍’ ചെയ്തെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കും കിട്ടി ആവോളം. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഗോളടിക്കാന്‍ ജഴ്സിയണിഞ്ഞ രമേശ് ചെന്നിത്തലയ്ക്കാണ്, കളികഴിഞ്ഞപ്പോള്‍ ‘യുടേണ്‍’ അടിച്ച് പിറകിലേക്ക് പോകേണ്ടിവന്നതെന്ന് പറഞ്ഞ് സിപിഐ(എം)ലെ മുരളി പെരുന്നെല്ലിയാണ് ഇന്നലെ ബജറ്റിന്റെ പൊതുചര്‍ച്ച ആരംഭിച്ചത്. ചെന്നിത്തല മാത്രമല്ല, വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ നിരന്തരം വേട്ടയാടല്‍ നടത്തിയ ‘അക്കരെ’ നിന്നുള്ള മാരനും നിയമസഭയില്‍ നിന്ന് യുടേണ്‍ അടിച്ച് പുറത്തുപോകേണ്ടി വന്നില്ലേ? പെരുന്നെല്ലി നന്നായി പെരുക്കി. ഒന്നും രണ്ടുമല്ല യുടേണ്‍ ആയത്. ഇപ്പോള്‍ പ്രതിപക്ഷനേതാവും 40 പേരും മാത്രമായി. അവരെല്ലാം താമരക്കുട്ടന്മാരാണെന്നും മുരളി പറഞ്ഞു.

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് തട്ടാന്‍ കേരളയാത്ര നടത്തിയ മുന്‍ പ്രതിപക്ഷനേതാവിന്റെ അവസ്ഥയെ വിവരിച്ചാണ് സിപിഐയിലെ മുഹമ്മദ് മുഹ്സിന്‍‍ ചര്‍ച്ച തുടങ്ങിയത്. അയ്യപ്പന്റെ പേര് പറഞ്ഞ് രണ്ടിടത്ത് വോട്ട് തേടിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നിലംതൊട്ടില്ല. എന്നാണ് അകത്ത് കിടക്കേണ്ടിവരിക എന്നേ ഇനി അറിയാനുള്ളൂ. ഖുര്‍ആന്റെ പേരില്‍ ഒരു മന്ത്രിയെത്തന്നെ നിരന്തരം ആക്രമിച്ച രണ്ട് നേതാക്കളുണ്ടായിരുന്നു. അവര്‍ക്കും നിയമസഭ കാണാനായില്ലെന്ന് മുഹ്സിന്‍ പറഞ്ഞു.
കടയില്‍ കയറി ചായകുടിച്ച ശേഷം കാശ് ചോദിച്ചപ്പോള്‍ അളിയന്‍ തരും എന്ന് പറയുന്നവരെപ്പോലെയായിരുന്നു കഴിഞ്ഞ യുഡിഎഫ് ഭരണകാലമെന്നാണ് എച്ച് സലാം വിശേഷിപ്പിച്ചത്. കയ്യിട്ടുവാരാന്‍ ഖജനാവില്‍‍ പണമില്ലാത്തതിന്റെ പേരില്‍ കടം വാങ്ങിയവരാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ കടം ചൂണ്ടിക്കാട്ടി സങ്കടപ്പെടുന്നത്. തകര്‍ന്ന് വീണ പാലാരിവട്ടം പാലം പണിയാന്‍ പോലും കടമെടുത്തു. എന്നാല്‍ പ്രയാസങ്ങളുടെ നടുവിലും ജനങ്ങളുടെ മേല്‍ ഒരു ഭാരവും അടിച്ചേല്‍പ്പിക്കാത്ത ബജറ്റാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സലാം സാക്ഷ്യപ്പെടുത്തി.
രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവുമെല്ലാം ബജറ്റ് ചര്‍ച്ചയുടെ ഭാഗമായെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന നിര്‍ദ്ദേശങ്ങളും അംഗങ്ങളില്‍ നിന്നുണ്ടായി. മരണവീട്ടിലെ കൊള്ളയടിപോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കോവിഡുകാലത്ത് ഇന്ധനവില കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് കോണ്‍ഗ്രസിലെ റോജി എം ജോണ്‍ നിര്‍ദ്ദേശിച്ചു. പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള അധികനികുതി ഒഴിവാക്കുന്നത് ആശ്വാസകരമാകുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബിലെ അനൂപ് ജേക്കബും പറഞ്ഞു. പ്രാദേശിക വികസനം വലിയമാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞ അദ്ദേഹം, എംഎല്‍എ ഫണ്ട് വിനിയോഗം തദ്ദേശസ്ഥാപനങ്ങളുടേതുമായി ബന്ധപ്പെടുത്തുന്നതിലെ അപാകതകള്‍ ഒഴിവാക്കാന്‍ ഇടപെടലുണ്ടാവണം എന്നും ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍‍ക്കും കൂടുതല്‍ സഹായം നല്‍കാന്‍ ബജറ്റില്‍ ഇടം കാണണമെന്നായിരുന്നു ലീഗിലെ കെ പി എ മജീദിന്റെ നിര്‍ദ്ദേശം.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പൊരുതി തോല്‍പ്പിക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടതെന്നാണ് സിപിഐ(എം)ലെ പ്രമോദ് നാരായണന്‍ പറഞ്ഞത്. ആരോഗ്യരംഗത്ത് കൂടുതല്‍ വികസനം നടത്താന്‍ ഇനിയുമാകണം. ലോകത്ത് സാങ്കേതിക വിദ്യയാണ് ഏറ്റവും വലിയ തൊഴില്‍ദാതാവ്. അത് കണ്ടറിഞ്ഞ് ബജറ്റ് മുന്നോട്ട് വച്ചിട്ടുള്ള ഐടി, വിദ്യാഭ്യാസ പദ്ധതികള്‍ മാതൃകാപരമാണ്. വീടുകള്‍ തൊഴിലിടങ്ങളായി മാറുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുകയാണ്. അതൊരു ‘ഹിസ്റ്ററി’ എന്നതിലപ്പുറം ‘ഹെര്‍ സ്റ്റോറി’ കൂടിയാവും-പ്രമോദ് പറഞ്ഞു. ഈ വിധം സര്‍‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തിത്തന്നെയാണ് ഭരണപക്ഷത്തെ ഭരണപക്ഷത്തും പ്രതിപക്ഷത്തെ പ്രതിപക്ഷത്തും പുനഃപ്രതിഷ്ഠിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചതെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും കൂട്ടിചേര്‍ത്തു. പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നവരെ അവര്‍‍ തിരിച്ച് നെഞ്ചോടുചേര്‍ത്തു നിര്‍ത്തുമെന്നത് പ്രതിപക്ഷത്തിന് അറിയാതെ പോയിരിക്കുന്നു…

Eng­lish sum­ma­ry; sab­hamukham janayu­gom story

You may also like this video;