സാബിറയുടെ യാത്രകള്‍

Web Desk
Posted on September 01, 2019, 6:49 am

കെ കെ ജയേഷ്
ജീവിതത്തില്‍ അധികം യാത്രകളൊന്നും ചെയ്തിട്ടില്ല സാബിറ എന്ന മുപ്പത്തേഴുകാരി. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സാബിറയുടെ ജീവിതത്തിന്റെ ഏറെ ഭാഗവും മുറിക്കുള്ളില്‍ തളച്ചിടപ്പെട്ടതായിരുന്നു. എന്നാല്‍ അവള്‍ അവിടെയിരുന്ന് സ്വപ്നങ്ങള്‍ കണ്ടു. കുന്നിന്‍ ചെരിവിലൂടെ അവള്‍ ചാറ്റല്‍ മഴയ്‌ക്കൊപ്പം അലഞ്ഞു. പാടത്തും പറമ്പത്തും കടലോരത്തും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍, നടത്തിയ യാത്രകളെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അവളുറക്കെ പൊട്ടിക്കരഞ്ഞു.….
കുട്ടികള്‍ പുസ്തക സഞ്ചിയും തൂക്കി, കഥകള്‍ പറഞ്ഞ് സ്‌കൂളിലേക്ക് നടന്നുപോകുന്നത് ജാലകപ്പഴുതിലൂടെ അവളെന്നും കാണാറുണ്ടായിരുന്നു. തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത വേദനയായി അവളെയെന്നും പിടിമുറുക്കി. നിരാശകളുടെ, വേദനകളുടെ ദിവസങ്ങളെ മറന്ന് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിനിയായ ഓങ്ങോളി നിലം പാറക്കണ്ടി താഴ സാബിറയിപ്പോള്‍ യാത്ര തുടങ്ങുകയാണ്.… പഠിച്ച് നല്ലൊരു ജോലി നേടണം. തന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസം പകരണം. കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള സാബിറയുടെ യാത്രകള്‍ തന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ കൂടിയുള്ളതാണ്.

ജീവിതം
കാപ്പാടായിരുന്നു ഉമ്മ സുബൈദയുടെ വീട്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലമായി ബാംഗ്ലൂരിലെത്തി. അവിടെ വെച്ചായിരുന്നു ജനനം. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. അതിനിടയിലാണ് രോഗം പിടികൂടിയത്. ഒന്നര വയസ്സുള്ളപ്പോള്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബാപ്പ ഉമ്മയെ ഉപേക്ഷിച്ച് പോയത്. സുഖമില്ലാത്ത എന്നെയും സഹോദരങ്ങളായ ഷാഹിദ്, സഹീര്‍ എന്നിവരെയും എങ്ങിനെ പോറ്റുമെന്നറിയാതെ ഉമ്മ ആ മഹാനഗരത്തില്‍ നിസ്സഹായയായി. സാമ്പത്തിക സ്ഥിതി മോശമായതോടെ ചികിത്സയും നിന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതോടെ മക്കളെയും കൊണ്ട് ഉമ്മ കൊയിലാണ്ടിയ്ക്ക് മടങ്ങിവന്നു. അന്നെനിക്ക് ഒന്‍പത് വയസ്സായിരുന്നു പ്രായം. പിന്നെ വാടക വീടുകള്‍ മാറിമാറിയുള്ള ജീവിതം. ജനിച്ചത് തന്നെ ബാംഗ്ലൂരിലെ വാടക വീട്ടിലായതുകൊണ്ട് അത് വലിയ വിഷമമൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍ അയല്‍പക്കത്തെ കുട്ടികളെല്ലാം സ്‌കൂളിലേക്ക് പോകുമ്പോള്‍ അവരെപ്പോലെ പഠിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത വലിയ വേദനയായി. ഉമ്മ വീട്ടുജോലിക്ക് പോയായിരുന്നു കുടുംബം പോറ്റിയിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് മടങ്ങുമ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ എട്ടിലായിരുന്നു. പഠിപ്പിക്കാന്‍ നിര്‍വ്വാഹമില്ലാതെ വന്നതോടെ ഏട്ടന്‍ പഠിത്തം നിര്‍ത്തി. ഇളയ സഹോദരന്‍ സഹീറിനെ മാത്രം പഠിപ്പിച്ചു.

ബന്ധുക്കള്‍
ഒരു ദിവസം ബാപ്പയുടെ രണ്ട് സഹോദരിമാര്‍ വീട്ടിലേക്ക് വന്നു. മക്കളെ വിട്ടു നല്‍കണമെന്നതായിരുന്നു അവരുടെ ആവശ്യം. ബാപ്പ പറഞ്ഞയച്ചതാണ് അവരെ. ആണ്‍കുട്ടികളെ രണ്ടുപേരെയും അവര്‍ക്ക് വേണം. സുഖമില്ലാത്ത എന്നെ മാത്രം വേണ്ട. എന്റെ മക്കളെ ഞാനെങ്ങനെയും പോറ്റിക്കോളാമെന്ന് പറഞ്ഞ് ഉമ്മ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
എനിക്ക് പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ ഉമ്മ ഗള്‍ഫില്‍ വീട്ടു ജോലിക്ക് പോയി. ബാപ്പയും ഉമ്മയും ഇല്ലാത്തതിന്റെ പ്രയാസം ഞാന്‍ വല്ലാതെ അനുഭവിച്ചു. വല്യുമ്മ നഫീസയായിരുന്നു അക്കാലത്ത് തങ്ങളെ നോക്കിയത്. വീല്‍ചെയറൊന്നും ഇല്ലാത്തതുകൊണ്ട് പ്രായമുള്ള വല്യുമ്മ എന്നെ ബാത്ത് റൂമിലേക്കെല്ലാം എടുത്തുകൊണ്ടുപോകാറായിരുന്നു ചെയ്തിരുന്നത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ ഗള്‍ഫിലേക്ക് പോയി. ഏട്ടന്‍ അവിടെ എത്തിയതോടെ ഉമ്മ ജോലി ഉപേക്ഷിച്ച് തിരിച്ചുവന്നു.

വിവാഹം
ഉമ്മ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആള്‍ എന്റെ ഫോട്ടോ കണ്ടിട്ട് വിവാഹം കഴിച്ചു തരുമോ എന്ന് ചോദിച്ചു. ഉമ്മ എന്റെ അവസ്ഥ അയാളോട് പറഞ്ഞു. ‘പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത കുട്ടിയാണ്.. വിവാഹം കഴിച്ചാല്‍ നിനക്കവള്‍ ബാധ്യതയായാകും’ എന്നെല്ലാം അയാളോട് പറഞ്ഞു. എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‌നമില്ല. അവളെ ഞാന്‍ നോക്കിക്കോളാം എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഉമ്മയും പ്രതീക്ഷയിലായി.കഷ്ടപ്പാടില്‍ നിന്ന് ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ എന്നായിരുന്നു പാവം ഉമ്മ ചിന്തിച്ചത്. അയാള്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞു എന്നാണ് ഞങ്ങളോടെല്ലാം പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ആ ബന്ധം പിരിഞ്ഞിരുന്നില്ല എന്ന യാഥാര്‍ഥ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്.
ഇരുപത്തെട്ട് ദിവസം ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും വേദനിച്ച കുറേ ദിവസങ്ങളായിരുന്നു അത്. ദിവസവും മദ്യപിച്ച് വന്ന് ഉപദ്രവിക്കും. സ്വര്‍ണ്ണമെല്ലാം വിറ്റ് കള്ളുകുടിച്ചു തീര്‍ത്തു. ഒരു ദിവസം ഭര്‍ത്താവിന്റെ ജ്യേഷ്ഠനും പെങ്ങളുടെ ഭര്‍ത്താവും കൂടെ അയാളെ അന്വേഷിച്ച് വീട്ടില്‍ വന്നു. ഭാര്യയും കുട്ടികളും ഉണ്ടെന്നിരിക്കെ രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാനായിരുന്നു അവരുടെ വരവ്. പക്ഷെ എന്നെ കണ്ട് സഹതാപം തോന്നിയ അവര്‍ ‘കഴിഞ്ഞത് കഴിഞ്ഞു.. ഇനി രണ്ടുപേരെയും ഒരുപോലെ നോക്കണം’ എന്നെല്ലാം ഭര്‍ത്താവിനോട് പറഞ്ഞ് മടങ്ങി.
ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയ ഭര്‍ത്താവിനെക്കുറിച്ച് ഒന്നര വര്‍ഷത്തോളം യാതൊരു വിവരവും ഉണ്ടായില്ല. പലരോടും അന്വേഷിച്ചു. മുമ്പുണ്ടായിരുന്ന സ്ഥലത്ത് നിന്ന് അയാള്‍ മാറിപ്പോയെന്ന് പിന്നീടറിഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും വിളിച്ചു. അന്ന് എന്റെ വേദനകളെല്ലാം ഞാനയാളോട് പറഞ്ഞു. പിന്നീട് കുറേ ദിവസം തുടര്‍ന്ന ആ ഫോണ്‍വിളി പതിവു പോലെ പിന്നെയും നിന്നു. നാലു വര്‍ഷത്തോളം യാതൊരു വിവരവുമില്ല.
ഒരു ദിവസം വീണ്ടുമൊരു ഫോണ്‍ കോള്‍. ‘എനിക്ക് നാട്ടിലേക്ക് വരാന്‍ പറ്റില്ല. നീ ഇങ്ങോട്ട് വരണം’.
അയാളുടെ വാക്കുകേട്ടിട്ടാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ ആലോചിക്കുന്നത്. അതിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവയെല്ലാം ഉണ്ടാക്കി. പാസ്‌പോര്‍ട്ട് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞപ്പോള്‍ ‘നീയിപ്പോള്‍ ഇങ്ങോട്ട് വരാന്‍ നില്‍ക്കണ്ട. ഞാനങ്ങോട്ട് വന്നോളാം’ എന്നായിരുന്നു മറുപടി.
ഗള്‍ഫില്‍ നിന്ന് നേരെ വന്നത് തൃശ്ശൂരിലെ ഭാര്യയുടെ അടുത്തേക്കാണ്. ഒരു മാസം കഴിഞ്ഞാണ് എന്റടുത്തേക്ക് വന്നത്. മദ്യപിച്ച് ലക്കുകെട്ടുകൊണ്ടായിരുന്നു വരവ്. അന്ന് രാത്രി ബിസിനസ്സ് ചെയ്യാന്‍ പണം വേണമെന്ന് പറഞ്ഞ് കുറേ വഴക്കുണ്ടാക്കി. പൈസ കൊടുക്കാതെ വന്നതോടെ ശാരീരികമായി ഉപദ്രവിച്ചു. അതോടെ ഇങ്ങനെയൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. പിറ്റേന്ന് ഇറങ്ങിപ്പോയ ആളെപ്പറ്റി പത്ത് വര്‍ഷമായി യാതൊരു വിവരവുമില്ല. അയാള്‍ മടങ്ങിവരണമെന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുമില്ല.

‘അഭയ’ത്തിന്റെ ക്യാമ്പും പുഷ്‌പേച്ചിയുടെ ആഗ്രഹവും
അഭയം പാലിയേറ്റീവ് എന്ന സ്ഥാപനം ചേമഞ്ചേരിയില്‍ ഒരു തൊഴില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നോട്ടീസ് കണ്ട എന്റെ ഒരു ബന്ധു സംഘാടകരോട് എന്റെ കാര്യം പറഞ്ഞു. ഒരു ദിവസം അഭയത്തിന്റെ സ്ഥാപകനായ മധുവേട്ടന്‍ എന്നെ കാണാനായി വീട്ടിലേക്ക് വന്നു.
‘മൂന്നു ദിവസത്തെ പരിപാടിയാണ്. നിര്‍ബന്ധമായും പങ്കെടുക്കണം. അതൊരു മാറ്റത്തിന്റെ തുടക്കമാവും’ എന്നും പറഞ്ഞ് മധുവേട്ടന്‍ പോയി. അപ്പോഴും ഞാനാലോചിച്ചത് ഈ ക്യാമ്പ് എന്റെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാക്കാനാ എന്നായിരുന്നു. പക്ഷെ അഭയത്തിന്റെ ക്യാമ്പ് എന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുകയായിരുന്നു.
എന്നെപ്പോലെ വയ്യാതായ പുഷ്പ, അനിഷ, പ്രഭാകരന്‍ എന്നിവരെയെല്ലാം ഞാന്‍ അവിടെ വെച്ച് പരിചയപ്പെട്ടു. പാട്ടും ആഘോഷവുമെല്ലാമായി ആദ്യ ദിവസം കഴിഞ്ഞു. അതോടെ രണ്ടാമത്തെ ദിവസവും പേകാന്‍ എനിക്ക് ആവേശമായി. പിറ്റേദിവസം എന്നെ കൂട്ടാന്‍ വന്നത് പാലിയേറ്റീവ് നഴ്‌സ് മിനിയും സത്യന്‍ എന്നൊരാളുമായിരുന്നു.
അഭയം ക്യാമ്പ് കഴിഞ്ഞതിന് ശേഷം കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവിന്റെ ക്യാമ്പില്‍ പങ്കെടുത്തു. പ്രഭാകരേട്ടന്‍ പറഞ്ഞിട്ട് സംഘാടകര്‍ വന്ന് എന്നെയും കൊണ്ടുപോവുകയായിരുന്നു. ആ ക്യാമ്പ് കഴിഞ്ഞപ്പോഴാണ് എന്നെപ്പോലെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ടവരെ സഹായിക്കണമെന്ന ആഗ്രഹം ഉണ്ടായത്. എന്നാല്‍ പരസഹായം കൂടാതെ എവിടെയും പോകാന്‍ കഴിയാത്ത എനിക്ക് അത് എങ്ങനെ സാധിക്കുമെന്ന് അറിയില്ലായിരുന്നു.
അഭയത്തിന്റെ ക്യാമ്പില്‍ വെച്ച് പരിചയപ്പെട്ട പുഷ്‌പേച്ചി ദിവസവും എന്നെ വിളിക്കും. പത്തൊന്‍പതാം വയസ്സിലാണ് അവര്‍ക്ക് വയ്യാതായത്. ഒരു ദിവസം അവര്‍ കാപ്പാട് ബീച്ചില്‍ പോകണമെന്ന ആഗ്രഹം പറഞ്ഞു. പണ്ടെപ്പോഴോ പോയതാണ്. പിന്നെ കടലും തിരമാലകളുമെല്ലാം ഓര്‍മ്മകളില്‍ മാത്രം അലയടിച്ചു. ബിരിയാണി കഴിക്കണമെന്നതായിരുന്നു പുഷ്‌പേച്ചിയുടെ മറ്റൊരാഗ്രഹം. വളരെ ചെറിയ രണ്ട് ആഗ്രഹങ്ങള്‍. അതെങ്ങിനെയെങ്കിലും നടത്തിക്കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അഭയത്തിലെ വളണ്ടിയര്‍മാരായ നവാസിനോടും ആഷിക്കിനോടും ഞാനിക്കാര്യം പറഞ്ഞു. അവര്‍ക്കും താത്പര്യമായി. അങ്ങനെ അവരൊരു കാറ് വിളിച്ച് പ്രഭാകരേട്ടനെയും എന്നെയും കൂട്ടി പുഷ്‌പേച്ചിയുടെ വീട്ടില്‍ പോയി. അവിടെ വെച്ച് ബിരിയാണി ഉണ്ടാക്കി കഴിച്ചു. വൈകീട്ട് ഞങ്ങളൊരുമിച്ച് കാപ്പാട് ബീച്ചില്‍ പോയി. ബീച്ചിലെത്തിയപ്പോള്‍ പുഷ്‌പേച്ചിയുടെ സന്തോഷം കണ്ട് എന്റെ കണ്ണു നിറഞ്ഞു. എത്രയോ കാലത്തിന് ശേഷം കടല് കാണുകയാണ് പുഷ്‌പേച്ചി. ആര്‍ത്തുവിളിച്ചും തിരകളോട് കഥകള്‍ പറഞ്ഞും അവരത് ആഘോഷമാക്കി.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്റെ മനസ്സില്‍ പുഷ്‌പേച്ചിയുടെ സന്തോഷമായിരുന്നു അലയടിച്ചത്. ഇതുപോലെ വീടുകളില്‍ തളച്ചിടപ്പെട്ട നിരവധിപേര്‍ ഉണ്ടാകും. പുറത്തുപോകാന്‍ ആഗ്രഹമുണ്ടെങ്കിലും കൊണ്ടുപോകാന്‍ ആരുമില്ലാതെ.. അല്ലെങ്കില്‍ നാണക്കേടുകൊണ്ട് ആരും കൊണ്ടുപോകാത്ത കുറേ പേര്‍. അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞാനാലോചിച്ചു. അങ്ങനെയാണ് ഏഞ്ചല്‍സ് സ്റ്റാര്‍സ് എന്ന സംഘടനയുടെ തുടക്കം. പ്രഭാകരേട്ടനും ഞാനും ചേര്‍ന്ന് ഏഞ്ചല്‍സിന് തുടക്കമിട്ടു. പിന്നീട് ധാരാളം വളണ്ടിയര്‍മാര്‍ സഹായത്തിനായെത്തി. സ്വന്തമായി കെട്ടിടമൊന്നും ആയിട്ടില്ല. അഭയം സ്‌പെഷ്യല്‍ സ്‌കൂളുമായി സഹകരിച്ച് പരിപാടികള്‍ നടത്തും. വര്‍ഷത്തില്‍ രണ്ടു തവണ കലാവിരുന്നും കിടപ്പിലായ രോഗികളുടെ ഒത്തുചേരലും സംഘടിപ്പിക്കും. വയ്യാത്തവരെ വീടുകളില്‍ പോയി കണ്ട് പരിപാടിക്ക് എത്തിക്കും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സ്വയം തൊഴിലിന് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കും. പ്രയാസങ്ങളെ നേരിട്ടുകൊണ്ട് ഞങ്ങളുടെ ഏഞ്ചല്‍സ് മുന്നോട്ട് പോവുകയാണ്..

 

പഠനത്തിന്റെ വഴിയിലേക്ക്
പാലിയേറ്റീവ് നഴ്‌സായ മിനി ഇടയ്ക്കിടെ എന്നെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു. ഒരു ദിവസം മിനിക്കൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാല്‍ജിത്ത് സാറും എന്നെ കാണാന്‍ വന്നു. എന്തെങ്കിലും ജോലി ചെയ്തുകൂടെ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്റെ നിസ്സഹായാവസ്ഥ അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നായി അദ്ദേഹത്തിന്റെ ചോദ്യം. ‘പഠിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ വൈകിപ്പോയില്ലേ..’ എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് പകര്‍ന്ന് അദ്ദേഹത്തിന്റെ മറുപടിയുണ്ടായത്. ‘വൈകിയിട്ടൊന്നുമില്ല. പഠിക്കാന്‍ ഇനിയും സമയമുണ്ട്. തുല്യതാ കോഴ്‌സുണ്ട്. തീരെ പഠിക്കാത്തവര്‍ക്കും പഠനം പാതി വഴിയില്‍ നിന്നവര്‍ക്കും വേണ്ടിയുള്ളതാണ്. താത്പര്യമുണ്ടെങ്കില്‍ അതിനൊന്ന് ശ്രമിച്ചു നോക്കൂ’.
പിറ്റേന്ന് മിനി തുല്യതാ കോഴ്‌സ് കോര്‍ഡിനേറ്റര്‍ സിന്ധു സുരേഷിനെയും കൂട്ടി വീട്ടിലേക്ക് വന്നു. നാലാം ക്ലാസിന് വേണ്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എനിക്ക് കഷ്ടിച്ച് വായിക്കാന്‍ അറിയാമായിരുന്നു. വീട്ടിലിരുന്ന് തന്നെ പഠിച്ചു. ഏഞ്ചല്‍സിലെ വളണ്ടിയര്‍മാര്‍ വന്ന് പഠിപ്പിക്കും. ശ്രീരേഖ എന്ന കുട്ടി കുറേ സഹായിച്ചു. കാപ്പാട് ചിരാത് ക്ലബില്‍ വെച്ചായിരുന്നു നാലാം തരം തുല്യത പരീക്ഷ. അങ്ങിനെ ഞാന്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ആദ്യത്തെ പരീക്ഷയെഴുതി. ഏഴാം തരവും വീട്ടിലിരുന്ന് പഠിച്ച് നല്ല മാര്‍ക്കോടെ പാസ്സായി.
പത്താം തരം ക്ലാസ് എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു. ഹിന്ദിയായിരുന്നു ഏറ്റവും പ്രയാസം. ബാംഗ്ലൂരില്‍ കുറച്ചുകാലം ജീവിച്ചതുകൊണ്ട് പറയാനും പറയുന്നത് മനസ്സിലാക്കാനും കഴിയും. എന്നാല്‍ എഴുതാന്‍ തീരെ അറിയില്ല. ഏഞ്ചല്‍സ് വളണ്ടിയര്‍ പ്രകാശേട്ടന്‍ വീട്ടില്‍ വന്ന് എഴുതാനും വായിക്കാനും പഠിപ്പിച്ചു. അപ്പോഴേക്കും ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നെങ്കിലും ക്ലാസില്‍ പോകുന്നത് വലിയ പ്രയാസമായിരുന്നു. പത്ത് മുതല്‍ നാലു വരെ ക്ലാസ്. ഇരുന്നാല്‍ അര മണിക്കൂര്‍ കഴിയുമ്പോഴേക്കും കാലില്‍ നീര് വരും. പിന്നെ വലിയ വേദനയാണ്. പഠിക്കാനുള്ള ആഗ്രഹം കൊണ്ട് അതൊന്നും കാര്യമാക്കിയില്ല. ക്ലാസില്‍ പോകുമ്പോള്‍ ഭക്ഷണം കൊണ്ടുപോകില്ല. വെള്ളവും കുടിക്കില്ല. ബാത്ത് റൂമില്‍ പോകാനുള്ള പ്രയാസമോര്‍ത്ത് വിശപ്പെല്ലാം സഹിച്ചു.
കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളലായിരുന്നു പത്താം തരം പരീക്ഷ. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഏറ്റവും പേടിച്ച കണക്കിനും ഹിന്ദിയ്ക്കും എ പ്ലസ് ഉണ്ടായിരുന്നു. കൊയിലാണ്ടി പന്തലായനി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു. അനുമോദന ചടങ്ങിന് വിളിച്ചതോടെ അതെനിക്ക് കൂടുതല്‍ ഊര്‍ജ്ജമായി.
പത്താം തരം ക്ലാസ് നടക്കുമ്പോള്‍ തുല്യതാ കലോത്സവം നടന്നു. ഞങ്ങളുടെ ടീം ഒപ്പന സംഘടിപ്പിച്ചു മണവാട്ടി ഞാനായിരുന്നു. ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു പരിപാടിക്ക് സ്റ്റേജില്‍ കയറി. പ്ലസ് വണ്‍ ക്ലാസ് കൊയിലാണ്ടി ബോയ്‌സിലായിരുന്നു. സ്‌കൂട്ടറില്‍ ക്ലാസിലേക്ക് പോകും. ഒപ്പം പഠിക്കുന്ന എല്ലാവരും നല്ല സഹകരണമാണ്. വണ്ടിയില്‍ നിന്ന് എടുത്ത് ക്ലാസിലെത്തിക്കാനും തിരിച്ച് വണ്ടിയില്‍ കയറ്റാനുമെല്ലാം എല്ലാവരും മത്സരിച്ചു. പ്ലസ് വണിന് കുഴപ്പമില്ലാത്ത മാര്‍ക്കുണ്ട്. ഇപ്പോള്‍ പ്ലസ് ടുവിലാണ്. ഒക്‌ടോബറിലാണ് പരീക്ഷ.
വിശ്രമിക്കാന്‍ സമയമില്ല
വാടക വീടുകളിലായിരുന്നു നേരത്തെ താമസം. അവിടെ യാത്ര സൗകര്യമുള്ള റോഡുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് റോഡ് സൗകര്യം ഇല്ല. പുറം ലോകം കാണാനോ തുല്യതാ ക്ലാസില്‍ എത്താനോ കഴിയാത്ത അവസ്ഥ. ചേമഞ്ചേരി ഈസ്റ്റ് യു പി സ്‌കൂളിന് സമീപത്തെ ടാറിട്ട റോഡില്‍ നിന്ന് വീട്ടിലേക്കെത്താന്‍ 300 മീറ്റര്‍ സഞ്ചരിച്ചാല്‍ മതി. എന്നാല്‍ പാടവരമ്പിലൂടെ മുച്ചക്രവാഹനത്തില്‍ പോകാന്‍ കഴിയില്ല. സഹായിക്കാന്‍ സമീപവാസികള്‍ തയ്യാറാണ്. സ്ഥലം അവര്‍ നല്‍കും. എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ ഫണ്ടില്ല. വഴിയ്ക്ക് വേണ്ടി കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അഭിഭാഷകയാകാനാണ് ആഗ്രഹം. പി എസ് സി പരീക്ഷയെഴുതാന്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ട്. ഒക്‌ടോര്‍ പന്ത്രണ്ടിന് വി ഇ ഒ പരീക്ഷ എഴുതാന്‍ പോവുകയാണ്. അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു പി എസ് സി പരീക്ഷ എഴുതുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞാല്‍ പൂക്കാട് കലാലയത്തില്‍ വയലിന്‍ പഠിക്കാന്‍ ചേരണം. പാട്ടുപഠിക്കാനും ആഗ്രമുണ്ട്. ഏഞ്ചല്‍സ് നല്ല രീതിയില്‍, കൂടുതല്‍ ആളുകള്‍ക്ക് സഹായം ആകുന്ന തരത്തില്‍ വളര്‍ത്തണം. ഒറ്റപ്പെട്ടുപോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പഠിക്കാന്‍ കഴിയാതെ പോയവരെ സഹായിക്കണം. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കിടപ്പിലായ പലരും വിളിക്കുന്നുണ്ട്. അവിടെയൊന്നും എത്തിപ്പെടാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമം മാത്രമാണ് ഉള്ളത്.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ കിട്ടിയപ്പോള്‍ ‘ഏഞ്ചല്‍സി‘ന്റെ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. ഗുരുവിനെ ആദരിക്കാന്‍ ഞാന്‍ സ്റ്റേജിലേക്ക് കയറി. പൊന്നാട അണിയിച്ചപ്പോള്‍ ഗുരു എഴുന്നേറ്റ് ആ പൊന്നാട എന്നെ തിരിച്ച് അണിയിച്ചു. ഈ പൊന്നാടയ്ക്ക് അര്‍ഹത ഈ കുട്ടിക്കാണെന്ന് ഗുരു പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. നാടക പ്രവര്‍ത്തകന്‍ നൗഷാദ് ഇബ്രാഹിം, ദാവൂദ്ക്കാ, പ്രകാശേട്ടന്‍, കോയക്ക, മിനി, സത്യേട്ടന്‍, പ്രഭാകരേട്ടന്‍, ദിനേശേട്ടന്‍ തുടങ്ങി നിരവധി പേര്‍ ജീവിത്തില്‍ താങ്ങും തണലുമായി കൂടെയുണ്ട്. ഞാന്‍ യാത്ര തുടരുകയാണ്.. ഒരു പാട് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുണ്ട്.. അതുകൊണ്ട് തന്നെ വിശ്രമിക്കാന്‍ തീരെ സമയമില്ല…