കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച്‌ വിട്ടിരിക്കുകയാണ്; മറുപടി പറഞ്ഞ് സാധിക

Web Desk
Posted on November 15, 2019, 9:04 pm

സാമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ നിരവധി തവണ  സൈബർ ആക്രമണത്തിനു ഇരയായ നടിയാണ് സാധിക വേണുഗോപാല്‍. നവ മാധ്യമങ്ങളിലെ ഇത്തരം അതിക്രമങ്ങളെക്കുറിച്ചും മലയാളികളുടെ കപട സദാചാരത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും തന്റെ ഇന്‍ബോക്‌സിലേയ്ക്കും പേജിലേയ്ക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിക്കുകയും കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച്‌ വിട്ടിരിക്കുകയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചു. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്. ഇവര്‍ക്കെല്ലാം കൂടി ഒറ്റമറുപടിയാണ് ഉള്ളതെന്നും താരം പറയുന്നു.

‘എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച്‌ വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.’ സാധിക പറഞ്ഞു.

മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്.’ സാധിക പറഞ്ഞു