നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാൾ: ഫൈനലില്‍ അലാദ് ജുബൈലും, അറബ്കോ റിയാദും ഏറ്റുമുട്ടും

Web Desk
Posted on January 04, 2019, 7:18 pm
ദമാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാൾ ടൂർണമെന്റിന്റെ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനല്‍  മത്സരങ്ങൾക്ക് ഒടുവിൽ അലാദ് ജുബൈൽ, അറബ്കോ റിയാദ് എന്നീ ടീമുകൾ വിജയികളായി ഫൈനലിൽ കടന്നു. ആദ്യമത്സരത്തിൽ ശക്തരായ അലാദ് ജുബൈൽ ടീം  പൊരുതിക്കളിച്ച ഫ്രണ്ട്സ് ഓഫ് നേപ്പാള്‍ ടീമിനെ 3 — 0 എന്ന നിലയില്‍ പരാജയപ്പെടുത്തി. സ്കോര്‍ 25–21, 25–18, 25–24. വാശിയേറിയ രണ്ടാം മത്സരത്തിൽ അറബ്കോ ടീം, 3 — 0 എന്ന നിലയില്‍ ഫ്രണ്ട്സ് ദമ്മാം ടീമിനെ പരാജയപ്പെടുത്തി.  സ്കോര്‍: 15–25, 10–25, 18–25.
അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ തടിച്ചു കൂടിയ നൂറുകണക്കിന് പ്രവാസികള്‍ കൈയടിച്ചും, കൂകിവിളിച്ചും, നൃത്തം വെച്ചും മത്സരങ്ങളെ ആഘോഷമാക്കി മാറ്റി. പ്രൊഫെഷണല്‍ ടീമുകള്‍ ശക്തിയേറിയ സ്മാഷുകളും, മികച്ച ബ്ലോക്കുകളും, നീണ്ട വോളികളും വഴി മത്സരിച്ചു കളിച്ചപ്പോള്‍, മറക്കാനാകാത്ത ഒരു മത്സര രാവിന് കിഴക്കന്‍ പ്രവിശ്യ സാക്ഷിയായി.  സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ‑സാംസ്കാരിക രംഗത്തെ പല പ്രമുഖരു൦ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.  മത്സരത്തിന് മുൻപ് ഗ്രൗണ്ടിൽ അണിനിരന്ന ടീമംഗങ്ങളെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം,ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ജമാൽ വല്യാപ്പള്ളി,  ഉണ്ണി പൂചെടിയല്‍, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, ദാസൻ രാഘവൻ, ലത്തീഫ്മൈനാഗപ്പള്ളി, എന്നിവർ പരിചയപ്പെട്ടു.
നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസാമുദ്ദീൻ, തമ്പാന്‍ നടരാജന്‍, നവാസ്, ബിനുകുഞ്ഞു, ശ്രീലാല്‍, അബ്ദുള്‍സലാം, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, രതീഷ് ജെ മാർട്ടിൻ,  എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി. വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും സമാപനസമ്മേളനവും ദമ്മാം അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ, ജനുവരി 4 വെള്ളി, രാത്രി 9.00  മുതല്‍ ആരംഭിക്കും. ഫൈനൽ മത്സരത്തിൽ അലാദ് ജുബൈൽ ടീമും  അറബ്കോ റിയാദ്  ടീമും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സൗദിഅറേബ്യയിലെ സാമൂഹ്യ‑സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ആല്‍ഫ ഗ്രൂപ്പും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ബി.പി.എല്‍ കാര്ഗോയും സ്പോന്‍സര്‍ ചെയ്ത ക്യാഷ്പ്രൈസും, സഫിയ അജിത് സ്മാരക ട്രോഫികളും നല്‍കും. കൂടാതെ ടൂർണ്ണമെന്റിൽ മികവ് പുലർത്തുന്നവർക്ക്  ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് സ്മാഷർ, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫൻഡർ  എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനങ്ങളും  നൽകും.