Tuesday
17 Sep 2019

വലയില്‍ കുരുങ്ങി ഫ്രീക്കന്‍മാര്‍ വലയുന്നു

By: Web Desk | Monday 29 April 2019 11:06 AM IST


തിരുവല്ല: തോന്നിയതുപോലെ ഇരുചക്ര വാഹനങ്ങളുടെ ഷെയ്പ്പില്‍ വ്യത്യാസം വരുത്തി കാതടപ്പിക്കും ഇരമ്പലുമായി നിരത്തില്‍ ചെത്തുന്ന ഫ്രീക്കന്‍മാര്‍ വലയുന്നു. സേഫ് കേരളാ തേഡ് ഐ എന്‍ഫോഴ്സ്മെന്റ് വലവിരിച്ചതോടെയാണ് ഫ്രീക്കന്‍മാരുടെ കഷ്ടകാരം ആരംഭിച്ചത്.

വാഹന നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കാനും വാഹനങ്ങളില്‍ നിയമാനുസരണമല്ലാത്ത ഫിറ്റിങ്സുകള്‍ ഘടിപ്പിച്ചവ കണ്ടെത്തി നീക്കം ചെയ്യാനും തിരുവല്ല ജോയിന്റ് ആര്‍.ടി.ഒ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക സ്‌ക്വാഡ് നിരീക്ഷണം ആരംഭിച്ചതോടെ കേസ്സുകളും കുമിഞ്ഞുകൂടി. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്നവരെ പുതിയ സംവിധാനത്തിലൂടെകൃത്യമായി പിടികൂടാന്‍ കഴിയും.
വാഹനത്തില്‍ പിന്തുടരുന്നതൊഴിവാക്കി നിയമം ലംഘിച്ചു പായുന്നവരെ മൂന്നാം കണ്ണ് എന്‍ഫോഴ്സ്മെന്റ് സംവിധാനത്തിലെ ക്യാമറയിലൂടെ കണ്ടെത്താനാവും. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിനൊപ്പം കനത്ത പിഴയും ഒടുക്കേണ്ടി വരും.
ഇതിനകം അപകടകരമായി വാഹനമോടിച്ച നിരവധി പേരുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ വിശദീകരണമാവശ്യപ്പെട്ടു തിരുവല്ലയിലെ ആര്‍.ടി.ഒ. കത്തുകള്‍ അയച്ചു. കൗമാരക്കാരുടെ മയക്കുമരുന്ന് ഉപയോഗം മറ്റ് ക്രിമിനല്‍ നടപടികള്‍ എന്നിവയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി പോലീസിനും, എക്സൈസിനും വിവരങ്ങള്‍ കൈമാറും. വേനലവധികാലത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കുട്ടികളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി മുതിര്‍ന്നവര്‍ പരിശീലനം നടത്തുന്ന സംഭവങ്ങള്‍ പിടികൂടി നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു.
അനധികൃതമായി വാഹന ഘടനയില്‍ മാറ്റം വരുത്തിയും നിയമ വിരുദ്ധമായി ശബ്ദം പറപ്പെടുവിച്ചും സഞ്ചരിച്ച വാഹനങ്ങള്‍ ഇതിനകം പിടികൂടി. ഇവയുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു. കുട്ടിഡ്രൈവര്‍മാരും രക്ഷിതാക്കളും വാഹന ഉടമകളും ഒരു പോലെ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. രാത്രി കാലങ്ങളില്‍ എതിര്‍വാഹന ഡ്രൈവര്‍മാരുടെ കാഴ്ച മറയക്കുന്ന ശക്തിയേറിയ ബള്‍ബുകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ രാത്രി പട്രോളിങ് നടത്തുന്നതായും അധികൃതര്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട സമയങ്ങളിലെ ടിപ്പര്‍ ട്രിപ്പുകള്‍, സ്‌കൂള്‍ കുട്ടികളെ സ്വകാര്യ ബസുകളില്‍ കയറ്റാത്ത ബസ് ജീവനക്കാരുടെ നടപടികള്‍ ഡോര്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസ് സര്‍വീസുകള്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കള്ള ടാക്സികള്‍ എന്നിവ എല്ലാം മൂന്നാം കണ്ണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി നിയമ നടപടികള്‍ സ്വകരിക്കും ഇതിനായ രണ്ടുപ്രത്യേക വാഹനങ്ങളും ക്യാമറകളും 24 മണിക്കുറും നഗരത്തിലും പരിസരപ്രദേശത്തുമായി റോന്തു ചുറ്റുന്നുണ്ട്.