28 March 2024, Thursday

പത്താം ക്ലാസിലെ കേരളപാഠാവലിയിലെ ഋതുയോഗം എന്ന പാഠഭാഗത്തിന്റെ വിലയിരുത്തൽ

റെജി മലയാലപ്പുഴ
October 18, 2021 3:04 am

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ഭാരതീയ നാടക സാഹിത്യത്തിന് എന്നും മുതൽക്കൂട്ടാണ്. മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി കാളിദാസൻ രചിച്ചിട്ടുള്ളത്. മലയാള ഭാഷയ്ക്ക് ഈ കൃതി മൂല്യവത്താകുന്നത് എ ആർ രാജരാജവർമ രചിച്ച മലയാള ശാകുന്തളത്തോടു കൂടിയാണ്.
മലയാള ശാകുന്തളം ഏഴാം അങ്കത്തിലെ ഭാഗമാണ് ഋതുയോഗം എന്ന പാഠം.
ഗാന്ധർവവിധി പ്രകാരം ശകുന്തളയെ വിവാഹം ചെയ്ത ദുഷ്യന്ത മഹാരാജാവ് ദുർവാസാവിന്റെ ശാപത്താൽ ശകുന്തളയെ മറന്നു പോകുന്നു. രാജാവിനെ കാണുന്നതിന് ഹസ്തിനപുരിയിൽ കണ്വ ശിഷ്യരോടൊപ്പം എത്തിയ ഗർഭിണിയായ ശകുന്തള അപമാനിതയാക്കപ്പെട്ടു. അവൾ മടങ്ങിപ്പോയി വർഷങ്ങൾ കഴിഞ്ഞ് ദുഷ്യന്തൻ കശ്യപ ആശ്രമത്തിലെത്തുന്നതാണ് പാഠ സന്ദർഭം.
എ ആറിന്റെ മലയാള ശാകുന്തളത്തിൽ നിന്നു കൊണ്ടു തന്നെ നമുക്ക് അഭിജ്ഞാന ശാകുന്തളത്തെ വിലയിരുത്താനാകും. ശകുന്തള എന്ന കഥാപാത്രം സ്നേഹത്തിലും ധർമത്തിലും അധിഷ്ഠിതമായാണ് നിലകൊള്ളുന്നത്. ശകുന്തള അനുഭവിച്ച മാനസിക ദുഃഖം വർത്തമാന കാലത്തെ സ്ത്രീകൾ വ്യത്യസ്തമായ മറ്റു വിഷയങ്ങളിൽ കൂടി അനുഭവിക്കുന്നുണ്ട്. ശകുന്തളയുടെ ജീവിതം മുള്ളുകൾ നിറഞ്ഞതാണ്. വിദ്യാഭ്യാസവും തൊഴിലുമൊക്കെ നേടുമ്പോഴും ഇന്നത്തെ സ്ത്രീകൾ സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന അവഗണന വളരെ വലുതാണ്. നീ ഒരു പെണ്ണല്ലേ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നും മുഴങ്ങിക്കേൾക്കുന്നു.
സ്ത്രീ ബലഹീനയാണെന്ന് ആവർത്തിച്ചുറപ്പിക്കാൻ സമൂഹം ഇന്നും ശ്രമിക്കുന്നു. പുരുഷാധിപത്യത്തിൽ നിന്നും പൂർണമായ മോചനം നേടാൻ സ്ത്രീകൾക്ക് ആയിട്ടില്ല എന്നത് ദുഃഖസത്യമാണ്. ശാകുന്തളം നാടകം ജീവിതഗന്ധിയാകുന്നത് മുല്ലവള്ളിയും തേന്മാവും മാൻകിടാവുമൊക്കെ എത്തുമ്പോഴാണ്. കാളിദാസന്റെ പരിസ്ഥിതി ബോധം നിഴലിക്കുന്ന നാടകമാണ് അഭിജ്ഞാന ശാകുന്തളം എന്നും പറയാം. പ്രകൃതിയിലെ സകല ജീവികളും ഒത്തൊരുമിച്ച് വസിക്കണമെന്ന സന്ദേശമാണ് ഈ നാടകത്തിൽ നിന്നും ലഭിക്കുന്നത്. പ്രകൃതിയെ അമ്മയായി കാണാനും മറ്റു ജീവജാലങ്ങളെ പോറ്റി പുലർത്താനുമുള്ള ശേഷി ഭൂമി മാതാവിന് ഉണ്ട് എന്ന് തെളിയിക്കാൻ നാടക കൃത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ നാടകത്തിലെ പ്രകൃതി ദർശനം തലമുറകൾക്ക് നൽകുന്ന ഒരു സന്ദേശമുണ്ട്. നോക്കു മനുഷ്യരോടൊപ്പം ചെടികളും വൃക്ഷങ്ങളും ജന്തുജാലങ്ങളും കഥാപാത്രങ്ങളായി അവതരിക്കുന്നു.
ഭൂമിയാകുന്ന വേദിയിൽ ഇവരെല്ലാം ഒത്തു വസിക്കുന്ന, ഇടപെടുന്ന ഒന്നാണ് ജീവിതം. സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി ഭൂമിയിലെ വിഭവങ്ങളെ അത്യാർത്തിയോടെ കൊന്ന് തിന്നു തീർക്കരുത്. ചാക്രികമായ ജീവിതത്തിൽ ഇവരുടെയൊക്കെ കാരുണ്യ സ്പർശമേറ്റു മാത്രമേ ഓരോരുത്തർക്കും കഴിയാനാകൂ. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ജീവിതത്തിനേ അർത്ഥമുള്ളു. പ്രകൃതിയിൽ നിന്നും അകന്നു കഴിഞ്ഞാൽ മനുഷ്യന് സർവനാശമായിരിക്കും ഫലം.
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം മുന്നോട്ടുവയ്ക്കുന്ന ദർശനം സ്നേഹത്തിന്റേതാണ്.
ലോകത്തിന്റെ നിലനിൽപ്പ് തന്നെ സ്നേഹത്തിലാണ്. പരസ്പരം മല്ലടിക്കുകയോ, പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുകയോ ചെയ്താൽ ലോകത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും. സ്നേഹത്തെക്കുറിച്ചു തന്നെയാണ് കവികളും കലാകാരന്മാരും രചനകളിൽ അടയാളപ്പെടുത്തിപ്പോരുന്നത്. സ്നേഹം ഒരു വലിയ ശക്തിയാണ്. ശത്രുവിനെപ്പോലും പരാജയപ്പെടുത്താൻ സ്നേഹം ആയുധമാക്കിയാൽ സാധിക്കും. പ്രകൃതിയുടെ മടിത്തട്ടിൽ വളർന്ന ശകുന്തള ഒരു പ്രതീകമാണ്. സർവംസഹയായ അവളെപ്പോലെ തന്നെയാണ് ഭൂമി.
പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഭൂമി അതെല്ലാം സഹിച്ചു നിൽക്കുന്നു.
പ്രകൃതിവിഭവങ്ങൾ നമുക്ക് മിതമായി ഉപയോഗിക്കാനുള്ളതാണ്. ശകുന്തളയുടെ കൂട്ടുകാർ വനമുല്ലയും മാൻകുട്ടിയുമാണ് എന്നതു തന്നെ പാരസ്പര്യ സ്നേഹത്തിന്റെ അടയാളപ്പെടുത്തലാണ്.
തങ്ങളുടെ പ്രിയപ്പെട്ടവൾ ആശ്രമം വിട്ടുപോകുമ്പോൾ വൃക്ഷങ്ങൾ കരഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ശകുന്തളയുടെ സ്നേഹത്തിനു മുന്നിൽ പ്രകൃതി പോലും വിട നൽകി കരയേണ്ടി വരുന്ന രംഗം കാളിദാസൻ വെറുതെ സൃഷ്ടിച്ചതല്ല. ഹരിതാഭമായ ഈ ഭൂമിയുടെ സൗന്ദര്യം പേറുന്നവരുടെ സമഭാവനയെ പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് എന്ന് വിലയിരുത്തേണ്ടി വരും. അഭിജ്ഞാന ശാകുന്തളം വെറുമൊരു നാടകമല്ല. ജീവിതത്തിന്റെ രൂപപ്പെടലുകൾക്ക് കരുതലാകുന്നവരുടെ കൂട്ടായ്മയുടെ നേർ ചിത്രമാണ് അഭിജ്ഞാന ശാകുന്തളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.