28 March 2024, Thursday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

സെപ്റ്റംബര്‍ 21 — ലോക അല്‍ഷിമേഴ്സ് ദിനം; കണ്ടെത്തിയ ഡോക്ടറുടെ പേരില്‍ അറിയപ്പെടുന്ന മഹാരോഗം

വലിയശാല രാജു
September 20, 2021 3:00 am

റ്റവും ഭയപ്പെടുത്തുന്ന രോഗം. എന്നാല്‍ രോഗി അറിയുന്നില്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരിക്കും കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാവുക. ആരോഗത്തിന്റെ പേരാണ് അല്‍ഷിമേഴ്സ് (Alzheimer’s dis­ease). മലയാളത്തില്‍ സ്മൃതിനാശ രോഗമെന്ന് പറയും. ഇതുവരെയും ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രത്യേക ചികിത്സയുമില്ല. രോഗം വന്നാല്‍ പരമാവധി പത്തോ പന്ത്രണ്ടോ വര്‍ഷം വരെ മാത്രം ജീവിതം. ഈ ജീവിതം തന്നെ നരകതുല്യം. 65 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണ കണ്ടുവരുന്നതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവരിലും കണ്ടുവരാറുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച് ബ്ലസി സംവിധാനം ചെയ്ത ‘തന്മാത്ര’ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് ഈ രോഗത്തിന്റെ തീക്ഷ്ണത മലയാളികള്‍ കൂടുതല്‍ അറിഞ്ഞത്. ഓര്‍മകള്‍ നശിക്കുന്നു എന്നതാണ് പ്രധാന രോഗലക്ഷണം.
ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ അലിയോസ് അല്‍ഷിമര്‍ 1906 ലാണ് വൈദ്യശാസ്ത്രത്തിന് അതുവരെ അജ്ഞാതമായിരുന്ന ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഈ ഡോക്ടറോടുള്ള ആദരസൂചകമായാണ് രോഗത്തിന് അദ്ദേഹത്തിന്റെ പേര്‍ ശാസ്ത്രലോകം നല്കിയത്.

2010 ലെ കണക്ക് പ്രകാരം ലോകത്താകെ മൂന്നര കോടി ജനങ്ങള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2050 ആകുമ്പോഴേക്ക് 10 കോടി പേര്‍ക്ക് ഈ രോഗം കാണപ്പെടുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ നിലവില്‍ 30 ലക്ഷം പേര്‍ക്ക് ഈ രോഗമുണ്ട്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ജനിതക തകരാറുകളോ പാരിസ്ഥിതിക പ്രശ്നങ്ങളോ ആവാം ഈ രോഗമുണ്ടാവാന്‍ കാരണമെന്നാണ് ഒരു നിഗമനം. വായനാശീലം കുറയുന്നത് രോഗം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് പറയുന്നു. ഡിജിറ്റല്‍ മീഡിയ ഈ രോഗത്തിന്റെ ആധിക്യത്തിന് ശക്തിപകരുമെന്നാണ് ഏറ്റവും പുതിയ ശാസ്ത്രപഠനങ്ങള്‍ പറയുന്നത്. ജനറ്റിക് എന്‍ജിനീയറിങിന്റെ വളര്‍ച്ചയോടെ ഈ രോഗം കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് കരുതുന്നത്.

ലോക പ്രശസ്തരായ പലര്‍ക്കും അല്‍ഷിമേഴ്സ് രോഗം വന്നിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍, 2009ലെ നൊബേല്‍ സമ്മാന ജേതാവ് ചാള്‍സ് കെ കാവോ എന്നിവര്‍ ഈ രോഗം ബാധിച്ചവരില്‍ ചിലരാണ്. ഇന്ത്യയുടെ കേന്ദ്രമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഈ രോഗം ബാധിച്ചാണ് മരണമടഞ്ഞത്. മലയാളത്തിന്റെ കവയിത്രി ബാലാമണി അമ്മ അവസാനകാലത്ത് അല്‍ഷിമേഴ്സ് രോഗബാധിതയായിരുന്നു. പ്രസിദ്ധ എഴുത്തുകാരി കമല സുരയ്യയുടെ മാതാവാണ് ബാലാമണിയമ്മ. ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 21ന് ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത് ഈ രോഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.