വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രതലത്തില്‍ ഒന്നാമതെത്തുകയാണ് ലക്ഷ്യം: മന്ത്രി സി രവീന്ദ്രനാഥ്

Web Desk
Posted on October 19, 2019, 10:31 pm
തൃശൂര്‍: വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രതലത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുകയാണ്  ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ജനയുഗം സഹപാഠി-എ കെ എസ് ടി യു അറിവുത്സവം സംസ്ഥാനതല ക്വിസ് മത്സരം സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ 82.17 പോയിന്റോടെ ആദ്യമായി ഒന്നാമതെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. വ്യത്യസ്ത മേഖലകളിലുള്ള പ്രതിഭകളെ സമ്മേളിപ്പിച്ച് അവരുടെ കഴിവുകള്‍ പുറത്തു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വര്‍ഷമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.  അറിവുത്സവം പോലുള്ള പരിപാടികളിലൂടെ ജനയുഗവും എ കെ എസ് ടി യും വിദ്യാഭ്യാസ മുന്നേറ്റത്തിന് സുതുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വിവരശേഖരണം നടത്താന്‍ പഠിപ്പിച്ചിരുന്ന പഴയ വിദ്യാഭ്യാസ രീതിയെ അപേക്ഷിച്ച് പുതിയ വിദ്യാഭ്യാസരീതി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. വിവരശേഖരണമാണ് വിദ്യാഭ്യാസം എന്ന ധാരണയ്ക്ക് മാറ്റം വരുത്തി ശേഖരിച്ച വിവരങ്ങളെ അറിവാക്കി മാറ്റുന്ന പുതിയ രീതി ഏറെ ആകര്‍ഷണമാണ്. നമുക്കറിയാവുന്ന വിവരങ്ങള്‍ അറിവ് ആകണമെങ്കില്‍ ചിന്തിക്കണം. ചിന്തയിലൂടെയാണ് ബുദ്ധി വര്‍ധിക്കുക. ആ ചിന്തയിലൂടെയാണ് ഒരു കുട്ടി വളര്‍ന്നു വരിക. കുട്ടിക്ക് എത്രത്തോളം ഉയരാനാകുമോ അവിടെ വരെ എത്തിക്കുകയാണ് ഇന്ന് പൊതുവിദ്യാഭ്യാസത്തിലുടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അറിവുത്സവം വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.