16 April 2024, Tuesday

Related news

December 19, 2023
October 14, 2023
October 11, 2023
September 24, 2023
September 24, 2023
September 9, 2023
September 9, 2023
September 6, 2023
September 6, 2023
August 24, 2023

ആരല്ലെൻ ഗുരുനാഥർ…? !

എന്‍ ശ്രീകുമാര്‍
August 30, 2021 4:29 am

പ്രകൃതിയെന്ന പാഠാലയത്തിലെ ആരെല്ലാമോ എന്തെല്ലാമോ പഠിപ്പിക്കുന്നുണ്ടെന്ന് എഴുതിയ കവി, വ്യവസ്ഥാപിത വിദ്യാലയത്തിനപ്പുറമുള്ള വിദ്യാഭ്യാസത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചാണ് കവിതയിലൂടെ പറഞ്ഞു തരുന്നത്. വിദ്യാലയത്തിലെ ഗുരുനാഥന്മാർക്ക് നമ്മൾ ആർജിക്കുന്ന അറിവിന്റെ നാലിലൊന്ന് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് പ്രസിദ്ധമായ ഒരു സംസ്കൃത ശ്ലോകവുമുണ്ട്. അധ്യാപക ദിന ചിന്തകളിൽ, വിശേഷിച്ച് ഓൺലൈൻ പഠന കാലത്ത് അധ്യാപകന്റെ സാധ്യതകളേക്കാൾ, പരിമിതികൾ നമ്മേ ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ സൂചിപ്പിച്ചെന്നു മാത്രം. എന്നിരുന്നാലും, നമ്മുടെ നാട്ടിൽ ഗുരുക്കന്മാർ എന്നും വിദ്യാർത്ഥികൾക്ക് കൺകണ്ട ദൈവമാണെന്ന് പറയേണ്ടതില്ലല്ലോ.

ഭാരതത്തിന്റെ രാഷ്ട്രപതിയും, വിദ്യാഭ്യാസ വിചക്ഷണനും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണൻ എന്ന മഹാഗുരുവിന്റെ ജന്മദിനമാണ് സെപ്തംബർ അഞ്ച് എന്ന് നമുക്കറിയാം. ഈ ദിനം ഇന്ത്യയിലെ എല്ലാ അധ്യാപകരേയും സ്മരിക്കാനും ആദരിക്കാനും ഉള്ള അധ്യാപക ദിനമായി മാറ്റിവച്ചിരിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു. ഒക്ടോബർ 5 സാർവ്വദേശീയ അധ്യാപക ദിനമായും, നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായും ആചരിക്കുന്നുണ്ടെന്ന കാര്യവും അറിയണം.

ഗുരുവിന്റെ വീട്ടിൽ കുട്ടികൾ എത്തി, ഗുരുമുഖത്തു നിന്ന് വിദ്യ നേരിട്ട് അഭ്യസിക്കുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു, പ്രാചീന ഭാരതീയ വിദ്യാഭ്യാസ രീതി. അക്കാലത്തെ ഏറെക്കുറെ എല്ലാ വിജ്ഞാന മണ്ഡലങ്ങളെക്കുറിച്ചും നല്ല ധാരണയുള്ളവരായിരുന്നിരിക്കണം ഗുരുക്കന്മാർ. പ്രകൃതിയെ അറിഞ്ഞു ജീവിക്കാനുള്ള പാഠങ്ങൾ പഠിപ്പിച്ചവർ. ആയോധനമുറകൾ ഉൾപ്പെടെ അന്ന്, ജീവിക്കാനാവശ്യമായ വിധമുള്ള വിദ്യാഭ്യാസമായിരുന്നു അവർ പകർന്നത്. ഇന്നത്തെ അത്ര വിജ്ഞാന സ്രോതസ്സുകൾ നിലവില്ലാതിരുന്ന കാലഘട്ടമായിരുന്നല്ലോ, അത്. എന്നിരുന്നാലും, പ്രകൃതിയെ നിരന്തരം നിരീക്ഷിച്ചും വിശകലനം ചെയ്തും അന്വേഷിച്ചും തിരിച്ചറിഞ്ഞും കൈവന്ന തിരിച്ചറിവുകളാണ് വിദ്യയായി ഗുരുക്കന്മാർ കൈമാറിയത്. ഗണിതം, വൈദ്യം, ജ്യോതിശാസ്ത്രം ഈ മേഖലകളിലൊക്കെ, പക്ഷേ, മനുഷ്യസാധ്യമെന്നു കരുതാൻ പോലുമാകാത്തത്ര അറിവ് അന്നത്തെ ഋഷിതുല്യരായ ഗുരുക്കന്മാർ കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് ഗുരുകുലങ്ങൾ വിദ്യാലയങ്ങളായി പരിവർത്തനം ചെയ്തു. അതോടെ, വിദ്യാർത്ഥികൾ എത്തിച്ചേരുന്ന പൊതു ഇടങ്ങളായ വിദ്യാലയങ്ങളിലേക്ക് അധ്യാപകരും എത്തിച്ചേരുകയായി. ബ്രിട്ടീഷ് അധിനിവേശത്തെ തുടർന്നാണ്, ഇന്നു കാണുന്ന ആധുനിക പഠന രീതിക്കും വിദ്യാലയങ്ങൾക്കും തുടക്കമാവുന്നത്.

നമ്മുടെ ഓരോ വിദ്യാലയങ്ങൾക്കും, ഒരു നാടിനെ വികസിപ്പിച്ചതിന്റെ എത്രയെത്ര ചരിത്ര ഗാഥകൾ പറയാനുണ്ടാകും! നാടിനെ മാറ്റി മറിച്ച തലമുറകളെ നിർമ്മിച്ചതിന്റെ ചരിത്ര ഗാഥകൾ! ആ തിളക്കമുള്ളതും ആവേശോജ്വലവുമായ ഓരോ ഏടുകളിലും എത്രയെത്ര അധ്യാപകരുടെ ശിക്ഷണത്തിന്റെ, ശാസനയുടെ, സ്നേഹത്തിന്റെ, കൈത്താങ്ങിന്റെ നിറക്കൂട്ടുകൾ പതിഞ്ഞിട്ടുണ്ടാകുമെന്ന് ഓർത്തു നോക്കുക. അതെ, അവരാണ് നാടിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. അവരുടെ നാവുകൾ പകർന്ന അക്ഷരങ്ങളിൽ, അവരുടെ ചൂണ്ടുവിരൽ കാട്ടിയ മാർഗങ്ങളിൽ, അവരുടെ ചുണ്ടുകൾ സമ്മാനിച്ച പുഞ്ചിരിയിൽ, അവരുടെ ധിഷണ പകർന്ന ആവേഗങ്ങളിൽ ലോകം വളർന്നു വളർന്നു വന്നു. അവരാണ്, തീർച്ചയായും അധ്യാപകരാണ് നമ്മുടെ കാലത്തിന്റെ ചക്രം മുന്നോട്ടു നയിച്ചവർ. പട നയിച്ച പോരാളിയിലും, ന്യായം വിധിച്ച നീതിപീഠത്തിലും, ചെങ്കോലേന്തിയ അധികാരത്തിലും, വിത്തെറിഞ്ഞ കൈക്കരുത്തിലും എന്നു വേണ്ട, നാടിന്റെ സമസ്ത ധമനികളെയും മുന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചതിന്റെയൊക്കെ പിന്നിൽ അവരുണ്ട്, ഗുരുക്കന്മാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.