Tuesday
19 Feb 2019

പരീക്ഷകള്‍, പ്രതീക്ഷകള്‍

By: Web Desk | Monday 5 March 2018 5:53 PM IST

  എന്‍ ശ്രീകുമാര്‍

രീക്ഷകളുടെ മാര്‍ച്ച് മാസം വന്നെത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ കേരള സമൂഹം അത്യന്തം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. പരീക്ഷയ്ക്കായി കുട്ടികളെ തയ്യാറാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ കുറെ സ്‌കൂളുകളിലെങ്കിലും രാത്രി കാലത്തും കുട്ടികളെ പാര്‍പ്പിച്ച് ക്ലാസുകള്‍ നല്‍കി പരീക്ഷയെ അഭിമുഖീകരി ക്കുന്നതിന് പ്രാപ്തമാക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ, പരീക്ഷയുടെ പേരില്‍ എന്തിനാണിത്ര ഉത്ക്കണ്ഠ എന്നുപോലും ചിന്തിപ്പിക്കുന്ന തരത്തിലുള്ള വേവലാതിയാണ് എവിടെയും!

പരീക്ഷയെ പേടിക്കേണ്ടതില്ല

പരീക്ഷയെ എന്തിനാണിത്ര പേടിക്കുന്നത്! നമുക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുള്ള ചോദ്യങ്ങളാവുമോ ഉണ്ടാകുന്നത്, സമയബന്ധിതമായി എഴുതി പൂര്‍ത്തീകരിക്കാനാവുമോ തുടങ്ങിയ സംശയങ്ങളാണ് നമ്മളെ പേടിയിലേക്ക് തള്ളി വിടുന്നത്. ഇത്തരം ആശങ്കകള്‍ക്കൊന്നും വര്‍ത്തമാനകാല പരീക്ഷകളില്‍ വലിയ സ്ഥാനമില്ല. കാരണം, കുട്ടികളുടെ ചിന്താശേഷിയെ അളക്കുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷകളിലുണ്ടാവുക. നമ്മുടെ മുന്നറിവില്‍ നിന്നുകൊണ്ട് സാധ്യമാകുന്ന വിധം ചിന്തിച്ചെഴുതിയാല്‍ ഏത് ഉത്തരവും ശരിയാവും. മനഃപാഠം പഠിച്ച് തയ്യാറാകാനല്ല പുതിയ പഠന രീതി നമ്മോട് പറയുന്നത്. പഠിച്ചതൊക്കെ പരീക്ഷാഹാളില്‍ ഓര്‍ത്തെടുക്കാനാവുമോ എന്ന പേടി അതികൊണ്ടു തന്നെ അസ്ഥാനത്താണ്. പരീക്ഷയ്ക്ക് സമയബന്ധിതമായി എഴുതി തീര്‍ക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. മുന്‍കാലത്തെ ചോദ്യങ്ങളോ മാതൃകാ ചോദ്യങ്ങളോ സമയബന്ധിത മായി എഴുതി പരിശീലിക്കുന്നതിലൂടെ ഈ ശേഷിയും കൈവരിക്കാനാവും. ഓര്‍ക്കുക, ഒന്നിലധികം മാതൃകാ ചോദ്യങ്ങളെങ്കിലും പൊതു പരീക്ഷയുടെ ഗൗരവത്തോടെ പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി എഴുതി പരിശീലിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ എഴുതി പൂര്‍ത്തിയാക്കാനാവുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രമിക്കണം.

ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് കുട്ടികളുടെ മനസ് അറിയുന്ന അധ്യാപകര്‍

കുട്ടികളുടെ പഠന നിലവാരം, ചിന്താശേഷി ഇവയൊക്കെ നന്നായി മനസിലാക്കിയിട്ടുള്ള അധ്യാപകര്‍ തന്നെയാണ് പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കുക. കഴിഞ്ഞ എസ്.എസ്.എല്‍.സി പൊതു പരീക്ഷയില്‍ ഗണിത ചോദ്യങ്ങള്‍ കടു കട്ടിയായി വന്നത് വിവാദമാവുകയും തുടര്‍ന്ന് ആ പരീക്ഷ റദ്ദു ചെയ്ത് പുതുതായി പരീക്ഷ നടത്തുകയും ചെയ്തിരുന്നല്ലോ. ചില ഗൈഡു കമ്പനിക്കാരുമായി ഒത്തുചേര്‍ന്ന് ചോദ്യം തയ്യാറാക്കിയ ചോദ്യകര്‍ത്താക്കളാണ് അന്ന് അതിനുത്തരവാദികളായത്. അവരെയെല്ലാം ഒഴിവാക്കി, ക്ലാസ് മുറിയില്‍ കുട്ടികളെ വിവിധ വിഷയങ്ങള്‍ പഠിപ്പിച്ച് അനുഭവമുള്ള പ്രഗത്ഭരായ അധ്യാപകര്‍ തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസ് അറിയുന്ന വിധമുള്ള ചോദ്യങ്ങളാവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉണ്ടാവുകയെന്ന് തീര്‍ച്ചയാണ്.

മനസും ശരീരവും സജ്ജമാക്കാം

മാര്‍ച്ച് ഏഴു മുതല്‍ 28 വരെ മൂന്നാഴ്ചക്കാലത്തോളം ദൈര്‍ഘ്യമുണ്ട് പരീക്ഷാ ദിനങ്ങള്‍ക്ക്. നല്ല മാനസികാവസ്ഥയോടെ വേണം പരീക്ഷയെഴുതാന്‍. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. അതുകൊണ്ടു തന്നെ, ആരോഗ്യകാര്യങ്ങളിലും ഈ കാലയളവില്‍ നല്ല ശ്രദ്ധ വേണം. ചിന്തിച്ച് പരീക്ഷയെഴുതാന്‍ നല്ല ഉന്മേഷഭരിതമായ മനസോടെ പരീക്ഷാഹാളിലേക്ക് പോകണം. നന്നായി ഭക്ഷണം കഴിക്കുകയും, നന്നായി ഉറങ്ങുകയും വേണം. പഠനത്തിന് പരീക്ഷാ സഹായികളെക്കാള്‍ പാഠപുസ്തകങ്ങളെയാണ് മുഖ്യമായും ആശ്രയിക്കേണ്ടത്. പാഠപുസ്തകങ്ങളിലെ പാഠങ്ങളും അവയ്ക്ക് ക്ലാസ്‌റൂമില്‍ ടീച്ചര്‍ നല്‍കിയ പഠന പ്രവര്‍ത്തനങ്ങളും ആവര്‍ത്തിച്ച് പരിശോധിച്ചു വേണം പരീക്ഷയ്‌ക്കെത്താന്‍.

പരീക്ഷാഭാരം കുറയ്ക്കാന്‍ നടപടി

കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷയെ തുടര്‍ന്ന് പരീക്ഷാഭാരം കുറയ്ക്കാന്‍ ചില നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. നിശ്ചത ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതിയാല്‍ മതിയെന്ന് നിഷ്‌ക്കര്‍ഷിക്കുമ്പോഴും, ചോദ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും. കൂടുതല്‍ നന്നായി ഉത്തര മെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍ കണ്ടെത്തി തൃപ്തികരമായി ഉത്തരമെഴുതാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ചോദ്യങ്ങള്‍ ശ്രദ്ധയോടെ വായിക്കണം

പരീക്ഷാഹാളില്‍ എത്തിയാല്‍ പതിനഞ്ച് മിനിറ്റ് ലഭിക്കുന്ന ആശ്വാസ സമയം ഫലപ്രദമായി വിനിയോഗിക്കണം. ചോദ്യങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ചു നോക്കാനുള്ള അവസരമാണിത്. ചോദ്യങ്ങള്‍ക്ക് ഏതു രൂപത്തിലാണ് ഉത്തരമെഴുതേണ്ടതെന്ന് ചിന്തിച്ചുറപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. ചോദ്യങ്ങള്‍ പകുതി മാത്രം വായിച്ചു പോകുന്ന രീതി നന്നല്ല. ഓരോ ചോദ്യവും പൂര്‍ണ്ണമായി വായിച്ച്, നിര്‍ദ്ദേശിക്കുന്ന വിധത്തിലുള്ള ഉത്തരമാണ് എഴുതേണ്ടത്. വളരെ സമാധാനത്തോടെ ആസൂത്രണം ചെയ്യാനും, തീരുമാനിച്ച പ്രകാരം സമയ ബന്ധിതമായി എഴുതാനും കഴിയണം.

പരീക്ഷകള്‍ ആവേശം പകരട്ടെ

പരീക്ഷകള്‍ നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായി കാണണം. കഴിഞ്ഞ ഒരു വര്‍ഷം പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ശേഷികള്‍ പ്രതിഫലിപ്പിക്കാനാവണം. കലാ രംഗത്തോ കായിക രംഗത്തോ ഉള്ള മത്സരങ്ങളിലേര്‍പ്പെടുമ്പോള്‍ പ്രകടിപ്പിക്കാറുള്ള ആവേശവും മത്സരബുദ്ധിയും പരീക്ഷയോടു കാണിച്ചാല്‍, ഉന്നത വിജയം ഉറപ്പ്. ഓരോ പരീക്ഷയും നമ്മുടെ കഴിവും പരിമിതിയും നമ്മേ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരിമിതികളെ അതിജീവിക്കാന്‍ തയ്യാറായാല്‍ നമ്മള്‍ വിജയശ്രീലാളിതരാകുമെന്ന് തീര്‍ച്ച. അതുകൊണ്ടുതന്നെ, ഓരോ പരീക്ഷയും നമ്മുടെ വളര്‍ച്ചയും ഭാവിയിലേക്കുള്ള പ്രതീക്ഷയുമാണ് പ്രദാനം ചെയ്യുന്നത്.