28 March 2024, Thursday

കായിക സൗഹൃദമാകേണ്ട തൊഴിൽ ഇടങ്ങൾ

ഡോ. അജീഷ് പി ടി
October 18, 2021 7:20 am

കായികാധ്വാനമുള്ള പ്രവർത്തനങ്ങളിലും ശരീരത്തിന് ആയാസം ലഭിച്ചിരുന്ന ജോലികളിലും ഏർപ്പെട്ടുകൊണ്ട് ജീവിതം നയിച്ചിരുന്ന ആളുകളുടെ പൊതുജീവിത സാഹചര്യത്തിൽ ഉണ്ടായ മാറ്റങ്ങൾ നിരവധി ന്യൂജൻ രോഗങ്ങളെ ക്ഷണിച്ചുവരുത്തുവാൻ ഇടയാക്കിയിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ മനുഷ്യജീവിതത്തിന് വേഗം വർധിച്ചപ്പോൾ ശരീരം തീരെ അനങ്ങാത്ത അവസ്ഥ സ്വാഭാവികമായി ഉണ്ടാകുകയും പുത്തൻ തലമുറ അത്തരം രീതികളെ വളരെ വേഗം സ്വാംശീകരിച്ച് സംസ്കാരത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിയുടെ ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ആഹാരശീലങ്ങൾ, പൊതുജീവിതരീതി, തൊഴിൽ സാഹചര്യം എന്നിവയുമായും അഭേദ്യമായ ബന്ധമുണ്ട്. വ്യായാമരഹിത ജീവിതവുമായി തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് അത്തരം സാഹചര്യങ്ങളിലൂടെ നിരവധി രോഗങ്ങൾ വന്നുഭവിക്കുന്നുണ്ട്. പലപ്പോഴും തുടർച്ചയായി ഒരേരീതിയിൽ നിൽക്കുകയും ഇരിക്കുകയും ചെയ്തുകൊണ്ട് ജോലികളിൽ ഏർപ്പെടുന്നവർക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം ആളുകളുടെ സ്വാഭാവിക ശാരീരിക സംസ്ഥിതിയിൽ മാറ്റം വരികയും ക്രമേണ വൈകല്യങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കപ്പെടുകയും ചെയ്യുന്നു. കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്നവരുടെ കാൽമുട്ടുകൾക്ക് അമിതഭാരം വഹിക്കേണ്ടിവരുന്നുവെന്ന യാഥാർത്ഥ്യം പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം തൊഴിലെടുക്കുന്നവരിൽ കാൽമുട്ട് സംബന്ധിച്ച് ആരോഗ്യ പ്രശ്നങ്ങൾ രൂപപ്പെടാറുണ്ട്. എന്നാൽ ഇത്തരം തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ആരോഗ്യ പരിപാലനത്തെപ്പറ്റി ചിന്തിക്കുകയും ശരീരവിശ്രമത്തിനുള്ള ഇടവേള കണ്ടെത്തേണ്ടതും വളരെ അത്യാവശ്യമാണ്. ട്രാഫിക് പൊലീസുകാർ, ഹോം ഗാർഡ്, ലിഫ്റ്റ് ഓപ്പറേറ്റർമാർ, നഴ്‌സുമാർ, കടകളിൽ സെയിൽസിനായി സ്ഥിരമായി നിൽക്കേണ്ടിവരുന്ന ജീവനക്കാർ എന്നിവരെല്ലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ഓരോ അരമണിക്കൂറിലും മിനിമം അഞ്ച് മിനിട്ടെങ്കിലും ഇരിക്കുന്നതിന് സമയം കണ്ടെത്തുന്നതും നല്ലതാണ്. സാധാരണയായി നടുവേദന, കാൽമുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യം ബാധിക്കുന്നതെങ്കിൽ കാലക്രമേണ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലേക്കുവരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.

പ്രതിരോധ മാർഗങ്ങൾ

കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾ കാലുകളിലെ പേശികൾക്ക് കരുത്തും ബലവും അയവും വർധിപ്പിക്കുന്ന വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. ഇരുന്ന് ജോലി ചെയ്യുന്നവർ ശരീര പേശികൾക്ക് അയവ് ലഭ്യമാക്കുന്നതിന് സഹായകമായ സ്ട്രെച്ചിങ്ങ് എക്സർസൈസുകൾ ഇടയ്ക്കിടക്ക് ചെയ്യുന്നത് ഏറെ ഗുണപ്രദമാണ്. ഓരോ തൊഴിൽ സാഹചര്യത്തിനും അനുയോജ്യമായ വ്യായാമമുറകൾ നിർദ്ദേശിച്ചു നൽകുന്നതിനായി കായിക വിദഗ്ധരുടെ സേവനം തേടുന്നതും നല്ലതാണ്. കായിക, വ്യായാമ പ്രവർത്തനങ്ങൾ രക്തചംക്രമണം അതിവേഗത്തിലാക്കുകയും എല്ലാ ശരീരകോശങ്ങളിലേക്കും ഓക്സിജന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. തൻമൂലം ഓരോ വ്യക്തിക്കും ഉത്സാഹവും ഉൻമേഷവും ഊർജസ്വലതയും കൈവരികയും സ്വന്തം കർമ്മമണ്ഡലത്തിൽ കൂടുതൽ കാലം കരുത്തോടെ പ്രവർത്തിക്കുവാൻ സാധിക്കുകയും രോഗ രഹിത ജീവിതം നയിക്കുന്നതിനും കഴിയുന്നു. ഹൃദയ ശ്വസനക്ഷമത വർധിപ്പിക്കുവാനായി ചെയ്യാറുള്ള കാർഡിയോ വ്യായാമങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നതിലൂടെ എൻഡോർഫിൻ ഉൾപ്പെടെയുള്ള ഹാപ്പീ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുകയും വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഴിയുന്നു. കായിക ശേഷി നേടിയിട്ടുള്ള വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെ കാണപ്പെടുകയും നടുവേദന, കഴുത്തുവേദന തുടങ്ങിയ പ്രശ്നങ്ങൾ കുറഞ്ഞിരിക്കുകയും, ദീർഘകാലം ചെറുപ്പമായിരിക്കുവാനും ഇവർക്ക് കഴിയുന്നു. ഇത്തരത്തിൽ ആരോഗ്യവും കായിക ക്ഷമതയുമുള്ള തൊഴിലാളികൾ രാജ്യത്തിന്റെ അഭിവൃദ്ധിയിലും സമ്പദ് ഘടനയുടെ പുരോഗതിയിലും നിർണായക ശക്തിയായി മാറുവാൻ കഴിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.