Saturday
23 Feb 2019

പെരുമ്പടവം ശ്രീധരന്‍

By: Web Desk | Monday 11 June 2018 10:45 PM IST


നിലവിലുള്ള പത്താംതരത്തിലെ കേരള പാഠാവലി മലയാളഭാഗം രണ്ടിലെ ‘ആത്മാവിന്റെ വെളിപാടുകള്‍’ എന്ന പാഠം വിഖ്യാത റഷ്യന്‍ നോവലിസ്റ്റ് ഹയദോര്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിലെ പത്താം അദ്ധ്യായമാണ്. ‘ജീവിതത്തെ പ്രസാദാത്മകമായി
നോക്കിക്കാണണം’ എന്ന സന്ദേശമാണ് ‘ആത്മാവിന്റെ വെളിപാടുകള്‍’

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് പെരുമ്പടവം ശ്രീധരന്‍. അദ്ദേഹം എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റേയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ാം തീയതി ജനിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ സാഹിത്യത്തില്‍ അദ്ദേഹത്തിന് അതീവ താത്പര്യമുണ്ടായിരുന്നു. ആദ്യനാളുകളില്‍ അദ്ദേഹത്തിന് കവിതാരചനയിലായിരുന്നു കൂടുതല്‍ താല്‍പര്യം. അതിനുശേഷം കഥയിലേക്കും നോവലിലേക്കും ശ്രദ്ധ തിരിഞ്ഞു. അദ്ദേഹം 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി, ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 2011ല്‍ കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റായി നിയമിതനായി.

നിലവിലുള്ള പത്താംതരത്തിലെ കേരള പാഠാവലി മലയാളഭാഗം രണ്ടിലെ ‘ആത്മാവിന്റെ വെളിപാടുകള്‍’ എന്ന പാഠം വിഖ്യാത റഷ്യന്‍ നോവലിസ്റ്റ് ഹയദോര്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിലെ പത്താം അദ്ധ്യായമാണ്. ‘ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണണം’ എന്ന സന്ദേശമാണ് ‘ആത്മാവിന്റെ വെളിപാടുകള്‍’ എന്ന പാഠഭാഗം മുന്നോട്ടുവയ്ക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ പരാജയങ്ങളോ നഷ്ടങ്ങളോ പോലും താങ്ങാനാവാതെ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ലഹരികള്‍ക്കും അടിമയായി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിപോകുന്ന ആധുനിക തലമുറയ്ക്ക് എന്താണ് ജീവിതത്തിന്റെ സൗന്ദര്യവും ലക്ഷ്യവും എന്ന് തുറന്നുകാട്ടിത്തരികയാണ് ഈ പാഠഭാഗം. വേറിട്ട ജീവിതനിരീക്ഷണങ്ങളുടെ അക്ഷയശേഖരങ്ങളായ ലോക ക്ലാസിക് കൃതികള്‍ വായിച്ചറിയുവാനുള്ള പ്രേരണ കുട്ടികളിലുണ്ടാക്കാന്‍ ഈ പാഠഭാഗം എന്തുകൊണ്ടും സഹായകമാണ്.

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം (1975)- അഷ്ടപദി, വയലാര്‍ പുരസ്‌കാരം (1996)- ഒരു സങ്കീര്‍ത്തനം പോലെ, വി ടി ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, കേരള കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, മഹാകവി ജി സ്മാരക പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, അബുദാബി മലയാളം സമാജം സാഹിത്യ പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യപുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, കാവ്യമണ്ഡലം പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, അബുദാബി ശക്തി പുരസ്‌കാരം- ഒരു സങ്കീര്‍ത്തനം പോലെ, കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം- മികച്ച തിരക്കഥ-സൂര്യദാഹം, ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, ഫിലിം ഫെയര്‍ പുരസ്‌കാരം കേരള സംസ്ഥാന ബാലസാഹിത്യപുരസ്‌കാരം – നിലാവിന്റെ ഭംഗി (കുട്ടികള്‍ക്കുള്ള നോവല്‍), മലയാറ്റൂര്‍ പുരസ്‌കാരം- നാരായണം, വള്ളത്തോള്‍ പുരസ്‌കാരം.

പ്രധാന കൃതികള്‍

ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മ ജ്വാലകള്‍, കാല്‍വരിയിലേയ്ക്ക് വീണ്ടും, ഇടത്താവളം, അര്‍ക്കവും ഇളവെയിലും, മേഘച്ഛായ, ഏഴാംവാതില്‍, നിന്റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വച്ച മനസ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, പൊന്‍പറകൊണ്ട് സ്‌നേഹമളന്ന്, ദൂരങ്ങള്‍ കടന്ന്, തേവാരം, പകല്‍പൂരം, കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, അസ്തമയത്തിന്റെ കടല്‍, ഗോപുരത്തിനുതാഴെ, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടില്‍ പറക്കുന്ന പക്ഷി, പ്രദക്ഷിണ വഴി, തൃഷ്ണ, സ്മൃതി, ദൈവത്തിന്റെ കാട്ടിലെ ഒരില, ശംഖുമുദ്രയുള്ള വാള്‍, ബോധിവൃക്ഷം, കടല്‍ക്കരയിലെ വീട്, ഹൃദയരേഖ, ഒറ്റശിഖരത്തിന്റെ മരം, ഡിസംബര്‍, ഒരു കീറ് ആകാശം, സ്‌നേഹത്തിന്റേയും മരണത്തിന്റേയും അതിര്.