റുഡോള്‍ഫ് മോസ്ബര്‍

Web Desk
Posted on January 28, 2018, 10:19 pm

ഡോ. എം ആര്‍ സുദര്‍ശനകുമാര്‍

1929 ജനുവരി 31‑നാണ് റുഡോള്‍ഫ് മോസ്ബര്‍ ജനിച്ചത്. മൂണിച്ചിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1955ല്‍ മൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭൗതികത്തില്‍ ബിരുദം നേടി. 1958ല്‍ ഹൈന്‍സ് ലിബ്‌നിസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പിഎച്ച്ഡി ബിരുദം നേടി. പിഎച്ച്ഡി ഗവേഷണ പ്രവര്‍ത്തനം ‘മോസ്ബര്‍ എഫക്ട്’ കണ്ടുപിടിക്കുന്നതിന് വഴിതെളിച്ചു. മോസ്ബര്‍ സ്‌പെക്‌ട്രോസ്‌കോപ്പി എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനുള്ള കാരണമായി.

1960ല്‍ റിച്ചാര്‍ഡ് ഫെയ്മാന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ കാല്‍ടെക്കിലേക്ക് ക്ഷണിച്ചു. 1962ല്‍ അവിടെ പ്രൊഫസറായി. 1964ല്‍ മൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി മോസ്ബറിനെ പ്രൊഫസറായി തിരികെ വിളിച്ചു. 1997ല്‍ എമറിറ്റസ് പ്രൊഫസര്‍ ആകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇടയ്ക്ക് 1972ല്‍ ലിബ്‌നിസ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി. അഞ്ച് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള ഗവേഷണ താല്‍പര്യം ന്യൂട്രിനോ ഫിസിക്‌സിലായിരുന്നു.

മോസ്ബര്‍ പ്രശസ്തനായ അധ്യാപകനായിരുന്നു. ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം നിരന്തരം പ്രഭാഷണങ്ങള്‍ നല്‍കിയിരുന്നു. 1961‑ലെ ഭൗതിക നൊബേല്‍ സമ്മാനം ലഭിച്ചു. അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞ ഈ വാക്കുകള്‍ പ്രശസ്തമാണ്.
”വിശദീകരിക്കുക! വിശദീകരിക്കാന്‍ കഴിവുണ്ടെന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. പരീക്ഷയിലും നിങ്ങള്‍ക്ക് വിശദീകരിക്കേണ്ടി വരും. പരീക്ഷ പാസായി നിങ്ങള്‍ ബിരുദം നേടും. നിങ്ങളുടെ ജീവിതം തന്നെ പരീക്ഷയാണ്. അതുകൊണ്ട് വിശദീകരിക്കുവാന്‍ പഠിക്കുക. അടുത്തിരിക്കുന്ന വിദ്യാര്‍ഥിയോട് വിശദീകരിച്ച് സഹപ്രവര്‍ത്തകനോട് വിശദീകരിച്ച് നിങ്ങള്‍ക്കിത് ചെയ്യാം. ഇവരാരുമില്ലെങ്കില്‍ അമ്മയോട് വിശദീകരിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ വളര്‍ത്തുപൂച്ചയോട്. ഏതായാലും വിശദീകരിക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ളതാണ്.”2011 സെപ്റ്റംബര്‍ 14ന് മോസ്ബര്‍ അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം

1947ല്‍ സെസില്‍ പവല്‍, ഗിയുസെപ് ഒഖിയാലിനി, സീസര്‍ ലാറ്റസ് എന്നിവരാണ് മെസേണ്‍ കണ്ടുപിടിച്ചത്.

ഈ ലക്കത്തിലെ ചോദ്യം

1961ലെ ഭൗതികത്തിലെ നൊബേല്‍ സമ്മാനം മോസ്ബര്‍ ആരുമായാണ് പങ്കുവച്ചത്?