വിഷ സര്‍പ്പങ്ങളും മോഹനഗായകനും

Web Desk
Posted on September 10, 2018, 11:43 am

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളില്‍ ഒന്നായ  വാനമ്പാടി സീരിയലിലെ നായകൻ മോഹൻകുമാർ എന്ന സായി കിരണിനെക്കുറിച്ച് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. അഭിനയമേഖലയോടൊപ്പം സായി കിരണിന്‍റെ മറ്റൊരു വിനോദം പാമ്പ് സംരക്ഷണമാണ്. വിഷപ്പാമ്പുകളായി നിരവധി കൂട്ടുകാരുമുണ്ട് ഈ അഭിനേതാവിന്. പക്ഷികളോടും മൃഗങ്ങളോടുമുളള സ്നേഹം ചെറുപ്പകാലം തൊട്ടേയുണ്ടായിരുന്നു . പാമ്പുകളെ രക്ഷിക്കലും സഹായിക്കലുമാണ് തനിക്ക് ഏറ്റവും സന്തോഷമെന്നും സായി കിരൺ പറയുന്നു .

ഒരിക്കൽ സ്കൂളിൽ നിന്ന് വരുന്ന വഴിക്കു എട്ടോളം ആളുകൾ ചേർന്നു ഒരു പാമ്പിനെ തല്ലികൊല്ലുന്നത് കണ്ടു കൊല്ലരുതേ എന്ന് പറഞ്ഞ് സായി കിരൺ ഓടിച്ചെന്നു . പാമ്പിനടുത്തു ചെന്നതും പാമ്പു സായിക്ക് നേരെ ചീറ്റിവന്നു കൂടെ നിന്ന ആളുകൾ അദ്ദേഹത്തെ പിടിച്ചുമാറ്റി പാമ്പിനെ തല്ലിക്കൊന്നു. ആ സംഭവം നായകനെ വല്ലാതെ വിഷമിപ്പിച്ചു . അതിനാലാവണം കോളേജിൽ എത്തിയപ്പോൾ ഫ്രണ്ട്സ് ഓഫ് സ്നേക്സ് സൊസൈറ്റിയിൽ ചേർന്ന് സ്നേക്സ്സ് റെസ്ക്യു പഠിച്ചു . രണ്ടു വര്‍ഷം കൊണ്ട് പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു .

എന്നാൽ  പാമ്പുപിടിത്തത്തിനിടയിൽ ജീവിതത്തിൽ ഇത്രയേറെ പേടിച്ച നിമിഷവും ഒരിക്കൽ ഉണ്ടായിട്ടുണ്ടെന്ന് സായി പറയുന്നു . ഒരിക്കൽ നൂറ്റിയിരുപതു  പാമ്പുകളുള്ള ബാഗുമായി കാറിൽ കാട്ടിലേക്ക് പോയതാണ് സായി . ഓരോരോ പാമ്പുകളെ എടുത്തു കാട്ടിലേക്കു വിട്ടു . അവസാനത്തെ ബാഗിൽ പതിനാറു മൂർഖന്മാരാണുള്ളത് ആ ബാഗുമായി കാട്ടിലേക്കു പോകുന്നവഴി ബാഗിന്‍റെ അടിഭാഗം പൊട്ടി മുഴുവൻ പാമ്പുകളും സായിയുടെ കാലിലേക്ക് വീണു.  അതിൽ ഒരെണ്ണം കടിച്ചാൽ ആശുപത്രിയിൽ എത്താനുള്ള സമയം പോലും കിട്ടില്ല.  പക്ഷെ ഭാഗ്യത്തിന് പാമ്പുകള്‍ ഓരോന്നായി കാട്ടിലേക്ക് പോയി. പാമ്പുകൾ എല്ലാം പോയി തീരുന്നതുവരെ ഒരു പ്രതിമയെ പോലെ അവിടെ നിന്നുവെന്നു  നായകൻ പറയുന്നു.

വാവ സുരേഷിന് ഒരു പ്രതിയോഗി എന്നാണ് നമ്മുടെ നായകനെ ഇപ്പോൾ എല്ലാവരും വിശേഷിപ്പിക്കുന്നത് . ഈ മേഖലയിലും അദ്ദേഹത്തിന് ആരാധകർ ഏറെ . ആദ്യമായിട്ടാവും ഒരു സെലിബ്രിറ്റി യാതാർത്ഥ ജീവിതത്തിൽ ഒരു പാമ്പുപിടിത്തക്കാരനാകുന്നത്.