Web Desk

ശാസ്താംകോട്ട

June 02, 2020, 9:06 pm

സായ് ശ്വേത ടീച്ചറുടെ മനോഹരമായ ക്ലാസ്സും ട്രോളുകളും അധ്യാപകന്‍റെ കുറിപ്പ് വൈറൽ ആകുന്നു

Janayugom Online

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ തുടക്ക ദിവസം തന്നെ മനോഹരമായി ക്ലാസ് അവതരിപ്പിച്ച സായി ശ്വേത ടീച്ചറെ അധിക്ഷേപിച്ച സംഭവത്തിൽ ചർച്ചകൾ ഇന്ന് ഓൺലൈൻ മാധ്യമങ്ങളിൽ പടരുകയാണ്. ക്ലാസിൽ തൻ്റെ മുന്നിലിരിക്കുന്ന കൊച്ചു കുരുന്നുകൾക്ക് എറ്റവും ലളിതമായി കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ചാനലിലൂടെ അവതരിപ്പിച്ച ശ്വേത ടീച്ചറെ അധിക്ഷേപിച്ചതിനെതിരെ സമൂഹത്തിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ടീച്ചറെ ഇത്തരത്തിൽ ക്ലാസ് എടുക്കാൻ പഠിപ്പിച്ചതിന് പിന്നിൽ കഴിഞ്ഞ അവധിക്കാലത്ത് അധ്യാപകക്കൂട്ടം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു. അധ്യാപക കൂട്ടത്തിൻ്റെ അഡ്മിൻ പാനൽ അംഗവും എ കെ എസ് ടി യു നേതാവുമായ രതീഷ് സംഗമത്തിൻ്റെ വൈറൽ കുറിപ്പ്.

ഈ അവധിക്കാലത്ത് അധ്യാപകക്കൂട്ടം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളിൽ ചിലതാണ് ടീച്ചേർസ് ക്ലബ്ബ് കോലഞ്ചേരിയുടെയും പൗലോസ് മാഷിൻ്റെയും അക്കാദമിക നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ്സ് സർഗ്ഗവസന്തം. അർപ്പണബോധവും ആത്മാർത്ഥതയുമുള്ള ധാരാളം അധ്യാപകരെ ഒപ്പം കൂട്ടാൻ അധ്യാപകക്കൂട്ടത്തിന് ഇതിലൂടെ കഴിഞ്ഞു. തുടർന്ന് ഡോ. ടി.പി.കലാധരൻ മാഷിൻ്റെ ഇടപെടലിൽ നടന്ന വീഡിയോ പാഠങ്ങളും അധ്യാപകക്കൂട്ടം വീഡിയോ പാഠ ചലഞ്ചും അധ്യാപകർ ഏറ്റെടുക്കുകയും എങ്ങനെ ഓൺലൈൻ ക്ലാസ്സ് നടത്താം എന്നവർക്ക് ധാരണ ലഭിക്കുകയും ചെയ്തു.

ഈ പ്രവർത്തനങ്ങൾ അധ്യാപകക്കൂട്ടം അഡ്മിൻ പാനൽ അംഗം എന്ന നിലയിൽ ചർച്ച ചെയ്യുന്നതിനിടക്കാണ് സായി ശ്വേത തൻ്റെ ക്ലാസ്സിലെ കുട്ടികൾക്കായ് തയ്യാറാക്കിയ ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള കഥ പറയുന്ന വീഡിയോ എനിക്ക് അയച്ച് തന്നത്. എന്നാലത് ബ്ലോഗിൽ പോസ്റ്റ് ചെയ്യണം എന്ന ഉദ്ദേശത്തിൽ ആയിരുന്നില്ല.
ഇരുപത്തി ആറാം തീയ്യതി സ്കൂളിൽ നിന്ന് വന്ന ശേഷം ഈ ഏഴ് മിനിട്ട് വീഡിയോ അയച്ച് തന്നത് രണ്ട് പാർട്ടായിട്ടാണ്.

ആദ്യഭാഗം തന്നെ അവതരണ മികവും ഭാഷാശൈലിയും കൊണ്ട് നല്ല ആകർഷകമായ് തോന്നിയതിനാൽ ഉടൻ തന്നെ വിളിച്ച് അടുത്ത ഭാഗം അയക്കാൻ പറഞ്ഞു. ശ്വേത സ്വതസിദ്ധമായ ശൈലിയിൽ — കഥയുടെ ബാക്കി കേൾക്കാൻ ആകാംക്ഷയുണ്ടോ, മാറ്റം വരുത്തണോ തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചു. നിലവിലെ തിരക്കും ബാക്കി കാണാനുള്ള ആകാംക്ഷയാലും വേഗം തന്നെ ബാക്കി അയച്ച് തരാൻ നിർബന്ധിക്കയാണുണ്ടായത്. പെട്ടെന്ന് തന്നെ മുഴുവൻ ഭാഗവും ചെയ്ത് അയച്ച് തന്നു. കുറച്ച് കൂടി മെച്ചപ്പെടുത്തണം എന്നും മറ്റുമുള്ള മുഖവുരയോടെ . ആദ്യ ഭാഗം കണ്ടിരുന്നതിനാൽ ഞാനത് അപ്പോൾ തന്നെ കലാധരൻ മാഷിന് ഫോർവേഡ് ചെയ്തു.

അന്നയച്ച മൂന്നോ നാലോ വീഡിയോ പാഠങ്ങളിൽ അതു മാത്രമാണ് കലാധരൻ മാഷ് തൃപ്തികരമായ മറുപടി തന്നത്.അടുത്ത ദിവസം ലഭിച്ച കലാധരൻ മാഷിൻ്റെ മറുപടി കിട്ടിയപ്പോളാണ് കലാധരൻ മാഷ് വീഡിയോ കണ്ടു എന്ന് ശ്വേത അറിയുന്നത്. (ഞാൻ കണ്ട ശേഷം ശ്വേത അത് ഡിലീറ്റ് ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കാണാൻ കഴിഞ്ഞതും അതിന് മുമ്പ് തന്നെ വീഡിയോ കലാധരൻ മാഷിന് അയച്ചതും എന്തോ നിമിത്തമായ് മാത്രം കാണുന്നു.) ആ വീഡിയോയുടെ അവസാന ഭാഗത്തുണ്ടായ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അന്ന് കഴിഞ്ഞില്ല.കാരണം മുമ്പ് പറഞ്ഞ പോലെ അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ വേണ്ടി തന്നതായിരുന്നില്ല.

ഇരുപത്തി എട്ടാം തീയ്യതിയാണ് എസ്.എസ്.കെയിൽ നിന്നും ഒന്നാം ക്ലാസ്സിലേക്ക് അധ്യാപകരെ അന്വേഷിച്ച് വിളി വന്നത്. കലാധരൻ മാഷിൻ്റെ നിർദ്ദേശ പ്രകാരം നമ്മുടെ വീഡിയോ പാഠങ്ങളുടെ ലിങ്ക് നൽകി. ഒന്ന് രണ്ട് ദിവസം ചർച്ചകൾ നീണ്ടു. സമയം വൈകിയതും ഒന്നാം തീയ്യതി തന്നെ ടെലിക്കാസ്റ്റ് ചെയ്യണം എന്നതും തിരുവനന്തപുരത്താണ് വിക്ടേർസിൻ്റെ സ്റ്റുഡിയോ എന്നതുമെല്ലാം പല തരം പ്രതിസന്ധികളിലേക്ക് നയിച്ചു. ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച പ്രോജക്ട് ചർച്ച വീണ്ടും സജീവമായി. ഇതിനിടെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ശ്വേതയുടെ വീഡിയോ കൂടി അയച്ച് കൊടുത്തു. മറുപടി അനുകൂലമായിരുന്നു. പക്ഷേ മുമ്പ് സെലക്ട് ചെയ്ത ടീച്ചേർസിന് നേരിടേണ്ടി വന്ന പ്രതിസന്ധി — ദൂരം. കോഴിക്കോട് നിന്ന് വിക്ടേർസിൽ എത്തുക ഈ സമയം റിസ്കാണ് .

ഒടുവിൽ സായ് ശ്വേതയുടെ ഹസ്ബൻ്റ്(ദിലീപ് ഇപ്പോൾ ഗൾഫിൽ, അദ്ദേഹം വീഡിയോ എഡിറ്ററാണ്.)ൻ്റെ പരിചയത്തിൽ കോഴിക്കോട് ഉള്ള സ്റ്റുഡിയോയുടെ സഹായത്താൽ ഷൂട്ട് ചെയ്തു. എഡിറ്റിംഗ് ഉൾപ്പടെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.  ഏഴ് മിനിട്ടുള്ള വീഡിയോ ഒരു മണിക്കൂറോളം ദൈർഘ്യമുള്ളതാക്കിയത് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് എന്നിങ്ങനെ പല ജില്ലകളിലിരുന്നാണ്. രണ്ടാം ദിവസം ചില എഡിറ്റിംഗ് വർക്കുകൾ കഴിഞ്ഞ് തിരികെ പോകും വഴി ശ്വേതയും അമ്മയും സഞ്ചരിച്ച സ്കൂട്ടർ ഒരു കാറിൽ തട്ടിയതും വലത് കണ്ണിന് ചെറിയ പരിക്ക് പറ്റിയതുമെല്ലാം ഇപ്പോൾ ലഭിച്ച വലിയ സന്തോഷത്തിൽ മറക്കാൻ ശ്രമിക്കുന്നു.

അധ്യാപകക്കൂട്ടത്തെ സംബന്ധിച്ചും ഇത് അഭിമാന നിമിഷം തന്നെ.  അധ്യാപകക്കൂട്ടത്തിൻ്റെ ടീമിലെ ഒരു കൂട്ടം അധ്യാപകർ കൂടി അണിയറയിൽ തയ്യാറെടുപ്പുകൾ നടത്തുന്നു. അവർക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ.  കുട്ടികൾക്ക് മുന്നിൽ ക്ലാസ്സ് എടുക്കുന്ന മികവ് മാത്രം മതിയാകില്ല പെട്ടെന്ന് രൂപപ്പെട്ട പുതിയ പ്ലാറ്റ്ഫോം. ഏവർക്കും അധ്യാപകക്കൂട്ടത്തിൻ്റെ ഭാവുകങ്ങൾ.  ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ പിന്നിട്ട വഴികളിൽ കൈത്താങ്ങായി നിന്ന ഏവർക്കും നന്ദി. ടീം അധ്യാപകക്കൂട്ടം പൊതു വിദ്യാഭ്യാസം വിജയിക്കട്ടെ.

ENGLISH SUMMARY:sai swetha teacher class and trolls goes viral
You may also like this video