കേരളത്തിലെ സെന്റ്‌ജോണ്‍സ് യൂണിവേഴ്‌സിറ്റി വ്യാജ സര്‍വകലാശാലയെന്ന് മുന്നറിയിപ്പ്

Web Desk
Posted on July 18, 2019, 10:42 pm

അബുദാബി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 സര്‍വകലാശാലകള്‍ വ്യാജ യൂണിവേഴ്‌സിറ്റികളാണെന്നും ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ ഇവയില്‍ പ്രവേശനം തേടരുതെന്നും യുഎഇയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.
ഇവയിലൊന്ന് കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ്. കൃഷ്ണനാട്ടം, കേരള എന്നു മാത്രമാണ് ഈ വ്യാജന്റെ വിലാസം. പത്തനംതിട്ട ജില്ലയിലാണ് ഈ സര്‍വകലാശാലയുടെ ആസ്ഥാനമെന്ന് ഗൂഗിളില്‍ പരതിയാല്‍ കാണാം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോണ്ടിച്ചേരിയിലുമെല്ലാം മെഡിക്കല്‍ എന്‍ജിനീയറിംഗ്, ബിരുദ‑ബിരുദാനന്തര കോളജുകള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സെന്റ്‌ജോണ്‍സ് യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഔദേ്യാഗിക അറിയിപ്പെങ്കിലും ഈ സര്‍വകലാശാലയിലെ വ്യാജ പ്രൊഫഷണല്‍ കോളജുകളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ഏജന്റുമാര്‍ മുഖേന ഇപ്പോഴും ഗള്‍ഫിലെ വിദ്യാര്‍ഥികളെ വലയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിദ്യാര്‍ഥികള്‍ വ്യാജ സര്‍വകലാശാലകളുടെ വാരിക്കുഴികളില്‍ വിഴരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദൂര വിദ്യാഭ്യാസം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന കരിമ്പട്ടികയിലുള്ള ഈ വ്യാജ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തൊരിടത്തും അംഗീകാരവുമില്ല. ഡല്‍ഹിയില്‍ മാത്രം ഒറ്റ മുറികളില്‍ വിലാസമുള്ള ഏഴു വ്യാജ സര്‍വകലാശാലകളാണുള്ളത്. പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വാരണാസിയിലെ വര്‍ണാശ്രമ സംസ്‌കൃത വിശ്വവിദ്യാലയമാണ് യുപിയിലെ ഏഴു വ്യാജ സര്‍വകലാശാലകളില്‍ ഏറ്റവുമധികം കുട്ടികളെ വലയില്‍ വീഴ്ത്തിയ തരികിട സര്‍വകലാശാല. ഇതിനകം ഇവിടെ പഠനം പൂര്‍ത്തിയാക്കിയവര്‍ തൊഴില്‍ തേടിയെത്തിയപ്പോഴാണ് തങ്ങളുടെ ബിരുദങ്ങള്‍ വ്യാജമാണെന്നു മനസിലാക്കിയത്. ബിജെപി അടക്കിവാഴുന്ന യുപിയിലാണ് ഏറ്റവുമധികം വ്യാജ സര്‍വകലാശാലകളുള്ളത്.

പ്രയാഗ്‌രാജ് എന്ന് സ്ഥലനാമം മാറ്റിയ അലഹബാദില്‍ മാത്രം മൂന്ന് വ്യാജ യൂണിവേഴ്‌സിറ്റി തട്ടുകടകളുണ്ടെന്ന് ഇവിടെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കരിമ്പട്ടികയില്‍ നിന്നു വ്യക്തം.
വ്യാജ സര്‍വകലാശാലകളുടെ ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക അപൂര്‍ണമാണെന്ന ആരോപണവുമുണ്ട്. ഇനിയും നൂറുകണക്കിന് വ്യാജ യൂണിവേഴ്‌സിറ്റികള്‍ക്ക് വിലക്കു വീഴാനുണ്ടെന്നാണ് അനുമാനം. ഇന്ത്യയില്‍ സര്‍വകലാശാലകളുടെ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO