September 26, 2022 Monday

കൈയ്ക്ക് സ്വാധീനം കുറഞ്ഞു വരുന്നു, വരയ്ക്കാനുള്ള സാധനങ്ങൾ പോലും എടുത്തു കൊടുക്കണം; വേദനകളിൽ തളർന്നിരിക്കാതെ സജിത

കെ കെ ജയേഷ്
കോഴിക്കോട്
September 22, 2020 2:49 pm

സജിതയ്ക്ക് ജീവിതം സമ്മാനിച്ചത് വേദനകളാണ്. എന്നാൽ അതിന് മുമ്പിൽ തളർന്നിരിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് മുന്നോട്ടു പോവുകയാണ് തളിപ്പറമ്പ് സ്വദേശിനിയായ മാണിയൂർ വീട്ടിൽ സജിത. പ്രകൃതിയും മനുഷ്യരും ദൈവങ്ങളുമെല്ലാം അക്രിലികിൽ പിറവിയെടുക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിടിമുറുക്കിയ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ്വ ജനിതക രോഗമാണ് തളിപ്പറമ്പിനടുത്ത് കൊളുമ്പറമ്പ് കരിപ്പൂൽ സ്വദേശിനിയായ സജിതയെ വീട്ടിനകത്ത് തളച്ചിട്ടത്.

പതിനാല് വയസുവരെ ചെറുതായി നടക്കാൻ സാധിച്ചിരുന്ന സജിതയ്ക്ക് ഏഴാം ക്ലാസു വരെ മാത്രമെ പഠിക്കാൻ സാധിച്ചുള്ളു. രോഗി ക്കൊപ്പം രോഗവും വളർന്നപ്പോൾ യാത്ര ദുഷ്ക്കരമായി. വീട്ടിലേക്ക് നല്ല റോഡില്ലാത്തതു കൊണ്ട് ഓട്ടോയ്ക്കടുത്തേക്ക് അമ്മ എടുത്തു കൊണ്ടു പോവേണ്ട സ്ഥിതിയായിരുന്നു. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതോടെയാണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്. ഏട്ടൻമാർ വരയ്ക്കുന്നത് കണ്ട് ചിത്രരചന തുടങ്ങിയ സജിതയുടെ ഇപ്പോഴത്തെ ശ്രദ്ധ മ്യൂറൽ പെയിന്റിംഗിലാണ്. ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും യൂട്യൂബ് നോക്കി മ്യൂറൽ വെയിന്റിംഗിലെ പുതിയ സങ്കേതങ്ങൾ തേടുകയാണ് സജിതയിപ്പോൾ. കുട നിർമ്മാണം, ഗ്ലാസ് പെയിന്റിംഗ്, വിത്തു പേന നിർമ്മാണം എന്നിവയിലും സജിത സജീവമാണ്.

കോവിഡ് കാലത്ത് ഇന്റർനെറ്റിന്റെ സഹായത്തോടെ നെറ്റിപ്പട്ട നിർമ്മാണവും ആരംഭിച്ചിട്ടുണ്ട് സജിത. മ്യൂറൽ പെയിന്റിംഗ് ശാസ്ത്രീയമായി പഠിക്കണമെന്നും സ്വന്തമായി പെയിന്റിംഗ് എക്സിബിഷൻ സംഘടിപ്പിക്കണമെന്നതുമാണ് സജിതയുടെ സ്വപ്നം. കോവിഡ് പ്രയാസങ്ങൾക്കിടയിൽ പലരും ചിത്രങ്ങൾ വാങ്ങാനെത്തുന്നത് വലിയ ആശ്വാസമാണെന്ന് സജിത പറയുന്നു. കണ്ണൻ വിശ്വകർമ്മന്റെയും ഗൗരിയുടെയും ഏഴു മക്കളിൽ ഏറ്റവും ഇളയവളാണ് സജിത. രണ്ട് സഹോദരങ്ങൾക്കും അവളുടെ അതേ അസുഖമായിരുന്നു. രണ്ടു പേരും മരണപ്പെട്ടു. അച്ഛനും യാത്രയായി. മറ്റു സഹോദരങ്ങൾ കുടുംബമായി കഴിയുന്നു. കൈയ്ക്ക് സ്വാധീനം കുറഞ്ഞു വരുന്നതു കൊണ്ട് ഇരുചക്ര വാഹനം പോലും ഓടിക്കാൻ കഴിയില്ല. വരയ്ക്കാനുള്ള സാധനങ്ങൾ പോലും അമ്മ അടുത്തു വെയ്ക്കണം. ശക്തമായ ശാരീരിക വേദന ഇടയ്ക്ക് പിടിമുറുക്കുമെങ്കിലും തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള യാത്രയിലാണ് ഈ മുപ്പത്തേഴുകാരി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.