Web Desk

നെടുമ്പാശ്ശേരി

February 24, 2020, 4:31 pm

“സഖാവ്” എന്ന വാക്കിനെ അന്വർത്ഥമാക്കി സുകുമാരൻ ആവണംകോട്

Janayugom Online
സഖാവ് സുകുമാരന് എഐ വൈഎഫ് ആലുവ മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരം എൽദോ എബ്രഹാം എംഎൽഎ നൽകുന്നു. എൻ അരുൺ, പി നവകുമാരൻ, പി കെ രാജേഷ്, കെആർ റെനീഷ് എന്നിവർ സമീപം.

“സഖാവ്” എന്ന വാക്ക് പലർക്കും ഒരു അലങ്കാരമായി മാറുന്ന ഈ കാലഘട്ടത്തിൽ ആ വാക്ക് അന്വർത്ഥമാക്കി മാറ്റുകയാണ് സുകുമാരൻ അവണംകോട് എന്ന “സഖാവ് സുകുമാരൻ”. ഒരു യഥാർത്ഥ സഖാവ് മതങ്ങൾക്ക് അതീതനും മനുഷ്യത്വം ഉള്ളവനും മനുഷ്യന്റെ ദുഖങ്ങൾ മനസ്സിലാക്കുന്നവനും ആയിരിക്കണം. ഇത് തന്റെ പ്രവർത്തിയിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ് സുകുമാരൻ അവണംകോട്.

നെടുമ്പാശ്ശേരി ആവണംകോട് വേണാള കുടി സുകുമാരനെ അന്വേഷിച്ചു ചെല്ലുന്നവർക്ക് കാണാൻ കഴിയുന്നത് ” സഖാവ് സുകുമാരൻ ഭവനം” എന്ന ബോർഡ് ആണ്. സുകുമാരൻ എന്ന് മാത്രം വിളിക്കുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ല. ഭാര്യയും രണ്ടു മക്കളോടുമൊപ്പം താമസിക്കുന്ന സുകുമാരന്റെ ചെറിയ വീട്ടിൽ രണ്ടുവർഷത്തോളമായി മറ്റു രണ്ടുപേർ കൂടി താമസിക്കുന്നുണ്ട്. ഭാര്യ നിഷയുടെ സുഹൃത്തും, ചെങ്ങമനാട് സ്വദേശിനിയും, ക്യാൻസർ രോഗിയുമായ താഹിറയും അവരുടെ വൃദ്ധ മാതാവുമാണ് ഇവരോടൊപ്പം താമസിക്കുന്നത്.

12 വർഷത്തെ സൗഹൃദമാണ് നിഷയും താഹിറയും തമ്മിൽ. ഇരുവരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലീനിങ് കമ്പനിയായ ബിസിഎൽ ലെ കരാർ തൊഴിലാളികൾ ആയിരുന്നു. ഇരുവരും ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഒരുമിച്ചായതിനാൽ ആത്മ സുഹൃത്തുക്കളുമായി. അങ്ങനെയിരിക്കെയാണ് താഹിറയുടെ ബ്രസ്റ്റിൽ ഒരു തടിപ്പ് വരുന്നതും പരിശോധനയിൽ അത് ക്യാൻസറാണെന്ന് സ്ഥിരീകരിക്കുന്നതും. വൃദ്ധയായ മാതാവ് മാത്രമുള്ള താഹിറയെ ആശുപത്രിയിൽ കൊണ്ടുപോയതും കൊണ്ടുവരുന്നതും പിന്നീട് സുകുമാരനും ഭാര്യ നിഷയും ചേർന്നാണ്.

രണ്ട് വർഷം മുൻപ് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് താഹിറയുടെ ക്യാൻസർ ബാധിച്ച ബ്രസ്റ്റ് നീക്കം ചെയ്തു. രണ്ടുമാസത്തോളം ആശുപത്രിയിൽ താഹിറയെ ശുശ്രൂഷിച്ചത് സുകുമാരനും ഭാര്യയുമാണ്. ഈ സമയത്ത് ഒറ്റയ്ക്കായ താഹിറയുടെ മാതാവിനെ സുകുമാരൻ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ആശുപത്രി വിട്ടതിനുശേഷം താഹിറയെയും ഇവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുവർഷത്തോളമായി താഹിറയും മാതാവും സുകുമാരന്റെ വീട്ടിലെ ഒരംഗത്തെ പോലെ കഴിയുന്നു. ഇപ്പോൾ ചികിത്സിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ താഹിറയെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും സുകുമാരനും ഭാര്യയും ചേർന്നാണ്.

സിപിഐ നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും, എഐവൈഎഫ് ആലുവ മണ്ഡലം കമ്മിറ്റി അംഗവുമായ സുകുമാരൻ ചെറിയ വീട്ടിൽ ഒരു മുറി ക്യാൻസർ പേഷ്യന്റ് ആയ ഒരാൾക്കും അവരുടെ മാതാവിനും നൽകിയിരിക്കുകയാണെന്ന് അധികമാർക്കും അറിയില്ലായിരുന്നു. എഐവൈഎഫ് നെടുമ്പാശ്ശേരി മേഖലാ സമ്മേളനം സുകുമാരന്റെ വീടിനു സമീപത്ത് വച്ച് നടന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇന്നലെ നടന്ന എഐവൈഎഫ് ആലുവ മണ്ഡലം സമ്മേളനത്തിൽ എൽദോ എബ്രഹാം എംഎൽഎ സഖാവ് സുകുമാരനെ ആദരിച്ചു.

വിമാനത്താവളത്തിലെ ഗ്ലോബൽ കാർഗോ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സുകുമാരൻ തനിക്ക് ലഭിക്കുന്ന തുഛമായ ശമ്പളത്തിൽ നിന്നാണ് തന്റെ കുടുംബം പുലർത്തുന്നതും, രണ്ട് മക്കളെ പഠിപ്പിക്കുന്നതും ഇവരെ നോക്കുന്നതും. ഇക്കാര്യത്തെ കുറിച്ച് സുകുമാരനോട് ചോദിച്ചാൽ “താനൊരു സഖാവായതിനാൽ ഇത്രയെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യേണ്ടേ” എന്നാണ് മറുപടി. ജാതിയുടെയും മതത്തെയും പേരിൽ മനുഷ്യൻ പരസ്പരം കൊല്ലുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം മാതാപിതാക്കളെ പോലും ശുശ്രൂഷിക്കാൻ സമയമില്ലാത്ത ഈ കാലത്ത്, സ്വന്തം സുഖങ്ങൾക്ക് വേണ്ടി മക്കളെ പാറയിൽ എറിഞ്ഞു കൊല്ലുന്നവർക്കിടയിൽ എനിക്ക് യാതൊരു ബന്ധവുമില്ലാത്ത, മറ്റൊരു മതത്തിൽപെട്ട ഒരു ക്യാൻസർ രോഗിയെയും അവരുടെ വൃദ്ധമാതാവിനെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ നോക്കുന്ന “സഖാവ് സുകുമാരനും ” ഭാര്യ നിഷയും മക്കളും നന്മയുടെ വെളിച്ചമായി മാറുകയാണ്. സുകുമാരൻ യഥാർത്ഥ “സഖാവായും”.

Eng­lish Sum­ma­ry; Sakhavu suku­maran Avanamkodu

YOU MAY ALSO LIKE THIS VIDEO