ശലഭങ്ങളായി പറന്ന് നക്ഷത്രങ്ങളായ പ്രണയമൊഴികള്‍

Web Desk
Posted on February 11, 2018, 1:57 am

പി.കെ. അനില്‍കുമാര്‍

പ്രണയത്തിന്റെ ഉന്മാദിനിയായ രാജകുമാരിയാണ് മാധവിക്കുട്ടി. ശലഭങ്ങളായി പറന്ന് നക്ഷത്രങ്ങളായി ജനിച്ച പ്രണയമൊഴികളാണ് ആമി കുറിച്ചിട്ടത്. വേരിന്റെ ബന്ധനവും ചിറകിന്റെ സ്വാതന്ത്ര്യവും സമ്യക്കാവുന്ന വികാരമായാണ് മാധവിക്കുട്ടിയുടെ കൃതികളില്‍ പ്രണയം ഇതള്‍വിടരുന്നത്. ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ശാദ്വലഭൂമികളിലൂടെയാണ് ആമിയുടെ പ്രണയികള്‍ യാത്രചെയ്യുന്നത്. ആത്മാവ് ആത്മാവിനെ ചുംബിക്കുന്ന, ഉടലുകളെ ഉത്സവമാക്കുന്ന അലൗകികകാന്തിയുടെ പ്രണയഭൂമികയാണ് ആമി തീര്‍ത്തത്.
ജീവിതത്തെ സംഗീതമാക്കുന്ന അനാദിയായ വികാരമാണ് പ്രണയം. ഭൂമിയുടെ ഉപ്പ്. ജന്മാന്തരങ്ങളില്‍ നിന്നും ജന്മാന്തരങ്ങളിലേക്കൊഴുകുന്ന പ്രവാഹം. അതിന്റെ തണുസ്പര്‍ശത്തിലാണ് ജീവിതം തളിരിടുന്നതും പൂക്കുന്നതും. യാമങ്ങളില്‍ നിലാവിന്റെ നദി ഒഴുകുന്നത്… നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്നത്.… പകലുകളിലേക്ക് സൂര്യപ്രാര്‍ത്ഥനകള്‍ പെയ്തിറങ്ങുന്നത്. അന്തികളില്‍ അരുണിമ പരക്കുന്നത്. ഋതുഭേദങ്ങളുടെ ഉടയാടകള്‍ പ്രകൃതിവാരിച്ചുറ്റുന്നത്.… അങ്ങിനെ ഈ പ്രപഞ്ചം തന്നെ പ്രണയത്തിന്റെ ഗുരുത്വാകര്‍ഷണത്തിലാണ്.മാധവിക്കുട്ടി ഏകമുഖി‘എന്ന കഥയില്‍ എഴുതി.….… നിനക്ക് ജീവിതത്തോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാവാം നീ കവിത എഴുതുന്നത്. നിയാമകമൂല്യങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് അവര്‍ എഴുത്തിന്റെ ഭൂഖണ്ഡങ്ങള്‍ തീര്‍ത്തത്. വ്യവസ്ഥാപിതധാരകളോട് കലഹിച്ച് കൊണ്ടാണ് അവര്‍ പ്രണയവചസുക്കള്‍ ഉരുവിട്ടത്. പ്രണയം കലാപം കൂടിയാകുന്ന സമരമുഖങ്ങളാണ് മാധവിക്കുട്ടിയുടെ കവിതകള്‍ തുറന്നുതന്നത്. പ്രണയിക്കല്‍ സമരമാണ്. രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നുവെന്ന അലന്‍ ഒക്‌ടോവിയോപാസിന്റെ വാക്കുകളുടെ സാധൂകരമാണ് മാധവിക്കുട്ടിയുടെ കവിതകള്‍.

നിന്റെ മെലിഞ്ഞ ശരീരം
എന്നെ ആ ശബ്ദരഹിതമായ തീരത്തിലേക്ക്
വഹിച്ചുകൊണ്ടുപോകുമോ?
പകല്‍വെളിച്ചത്തില്‍ നിറം മങ്ങിനില്‍ക്കുന്ന
ഒരു ഗ്രഹത്തെപോലെ
അവിടെയെനിക്ക് ആകാശമില്ലാതെ
കിടക്കാനാവുമോ
പ്രവാചകരുടെ രക്തത്താല്‍
ഉപ്പുരസമുള്ളതാണ്.
എന്റെ കണ്ണുനീര്‍ത്തുള്ളികള്‍
എന്നാല്‍ ഭാവി
ഒരു വന്ധ്യയായ സ്ത്രീയുടെ തുടകള്‍ക്കിടയിലൂടെ
പുറത്തുവരണമല്ലൊ.

(കടത്തുവള്ളം)

മാധവിക്കുട്ടിയുടെ പ്രണയപുരുഷന്‍ കൃഷ്ണനാണ്. കല്പാന്ത പ്രണയത്തിന്റെ നിതാന്തമായ ബിംബമാണ് രാധാമാധവം . കൃഷ്ണപ്രണയത്തില്‍ വിലയിക്കുവാനുള്ള തീവ്രമോഹത്തിന്റെ ഫലശ്രുതികളാണ് പലകവിതകളും. പ്രണയത്തിന്റെ ഓടക്കുഴല്‍ വിളിയുമായി വൃന്ദാവനവും കൃഷ്ണനും രാധയുമൊക്കെ ആമിയുടെ കവിതകളില്‍ നിറയുന്നു.

ഓരോ സ്ത്രീയുടെ മനസിലും
വൃന്ദാവനം ജീവിക്കുന്നു.
വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും
ആ ഓടക്കുഴല്‍
അവളെ വശീകരിച്ചുകൊണ്ടുപോകുന്നു. (വൃന്ദാവനം)
നിന്റെ ശരീരം
എന്റെ തടവറയാണ്
കൃഷ്ണാ,
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു.
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.

(കൃഷ്ണന്‍)

ആമിയുടെ പ്രണയകാമനകള്‍ നിപതിക്കുന്നത് കൃഷ്ണനിലേക്കാണ്. കൃഷ്ണന്‍ പ്രണയത്തിന്റെ വിശുദ്ധസ്‌നാനഘട്ടമാകുന്നു. പ്രണയത്തിന്റെ മൂര്‍ത്തിമദ്ഭാവമായാണ് ആമി കൃഷ്ണനെ വാക്കുകളില്‍ വരയ്ക്കുന്നത്. പ്രേമപരവശരായ പെണ്‍മക്കളെല്ലാം തേടുന്നത് കൃഷ്ണസ്വത്വമാണ്. എല്ലാകാമുകരും കൃഷ്ണനെപ്പോലെ ആകുവാനാണ് മോഹിക്കുന്നതെന്ന് മാധവിക്കുട്ടി പറയുന്നു.

പ്രീയപ്പെട്ടവനേ,
നീ എന്റെ മനസിലെ പൗരാണികവാസി
വിഭ്രാന്തികളുടെ വലകള്‍ നെയ്യുന്ന
ഒരു തടിച്ച ചിലന്തി
നീ എന്നോടു കരുണാമയനാകൂ
നിയെന്നെ ശിലയുടെ ഒരു പക്ഷിയാക്കി തീര്‍ക്കുക

കൃഷ്ണശിലയുടെ ഒരു മാടപ്പിറാവ് (ശിലായുഗം)

ക്ഷണികമായ ജീവിതത്തിന്റെ അനശ്വരതയാണ് പ്രണയമെന്ന് മാധവിക്കുട്ടി പറയുന്നു. കാലത്തിന്റെ അതിരുകള്‍ ഭേദിച്ചൊഴുകുന്ന കല്ലോലിനിയാണത്. നിത്യപ്രണയികള്‍ക്കെന്നും നിത്യതാരുണ്യമാണ്. കാലത്തിന്റെ ജരാനരകള്‍ പ്രണയികളെ ഗ്രസിക്കുന്നില്ല. ദൈവങ്ങള്‍ ക്രീഢാലോലുപരായത് കൊണ്ടാണ് തളര്‍ച്ചയറിയാതെ അവര്‍ വാഴുന്നതെന്ന് മാധവിക്കുട്ടി പറയുമ്പോള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം തന്നെയായി പ്രണയത്തെ പരിഭാഷപ്പെടുത്തുകയാണ്.

പ്രണയത്തിന്റെ നിത്യത
അനശ്വരര്‍ക്ക് മാത്രമുള്ളതാണ്.
ക്രീഢാലോലുപരായ ദൈവങ്ങള്‍
അവരുടെ രഹസ്യസ്വര്‍ഗങ്ങളില്‍ രമിക്കുന്നു.
അവര്‍ അലസതയറിയുന്നില്ല

(നശ്വരപ്രണയം)

രതിയുടെ സംഗീതമില്ലാതെ പ്രണയത്തിന് ചിലങ്കകള്‍ അണിയാന്‍ കഴിയില്ല. രതി മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വിശുദ്ധയായ ബലിയാണ്. മനവും തനുവും പങ്കിടുമ്പോഴാണ്, ഇഴുകിച്ചേരുമ്പോഴാണ് പ്രണയം സാഫല്യത്തിലെത്തുന്നത്. രാഗം മാംസനിബദ്ധം കൂടിയാവുന്നു.

ആ നീണ്ട കാത്തിരിപ്പ്
അവരുടെ ബന്ധത്തെ
വളരെയധികം പവിത്രമാക്കി
എല്ലാസന്ദേഹങ്ങളും
എല്ലായുക്തിവിചാരങ്ങളും നീങ്ങി
അതിനാല്‍ അവന്റെ ആദ്യത്തെ ആലിംഗനത്തിനും
അവള്‍ ഒരു വെണ്ണയായി
കരയുന്ന കന്യകയുമായിത്തീര്‍ന്നു.
എന്നിലുള്ളതെല്ലാം ഉരുകുന്നു.
എന്റെ അകകാമ്പിലെ കാഠിന്യംപോലും
ഓ.…. കൃഷ്ണാ.…..

(രാധ)

പ്രണയത്തിന്റെ അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും അര്‍ത്ഥവിപര്യയങ്ങളും പര്യായങ്ങളുമെല്ലാം ആമിയുടെ കവിതകളില്‍ ദൃശ്യമാകുന്നു. പ്രണയത്തിന്റെ പ്രച്ഛന്ന ഭാവങ്ങളും ഋതുഭേദങ്ങളും നക്ഷത്രശോഭയുള്ള സാരസ്വതങ്ങള്‍കൊണ്ട് മാധവിക്കുട്ടി വായനക്കാരന്റെ ഹൃദയത്തില്‍ വിളക്കുകള്‍ കൊളുത്തുന്നു. വൈരുധ്യങ്ങളായ ബിംബങ്ങള്‍ ചേര്‍ത്ത് വച്ച് കൊണ്ടുതന്നെ, സ്‌നേഹിക്കരുതെന്ന് പറഞ്ഞ് കൊണ്ട് തന്നെ സ്‌നേഹത്തിന്റെ ആനന്ദധാരയിലേക്ക് ആമി ആസ്വാദകനെ നയിക്കുന്നു.

ഒരിക്കലും സ്‌നേഹിക്കരുത്
കാരണം
സ്‌നേഹം
ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം
കണ്ണീരാണ്.
രക്തത്തിലെ നിശബ്ദതയാണ്.

(തോല്‍ക്കുന്നയുദ്ധം)

മാധവിക്കുട്ടിയുടെ സര്‍ഗസപര്യയുടെ അന്തര്‍ധാര സ്‌നേഹമായിരുന്നു . പവിത്രമായ സ്‌നേഹം കൊണ്ടാണ് അവര്‍ ലോകത്തെ വെല്ലുവിളിച്ചത്. പ്രണയത്തിന്റെ രസതന്ത്രം കൊണ്ടാണ് ആമി വായനക്കാരെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചത്. പ്രേമത്തിന്റെ ഭിക്ഷാപാത്രവുമായാണ് അവര്‍ അലഞ്ഞത്.
എന്റെ ഈ സ്‌നേഹംമാത്രം
സത്യമാണ്.
സ്‌നേഹം പകര്‍ന്നുകൊടുക്കാന്‍
പാത്രം തേടി
ഞാന്‍ നടക്കുന്നു.
ദാനം ഒരു യാചകനെ
തേടുന്നത് പോലെ

(ഒരു മായാപുഷ്പം)

ഇത് പ്രണയംപൊഴിഞ്ഞ സൈബര്‍കാലം. പ്രണയം വെറും ഭ്രമം മാത്രമാകുന്ന, ഉപഭോഗരസങ്ങളില്‍ മാത്രം സ്‌നേഹം അഭിരമിക്കപ്പെടുന്ന പുതിയകാലത്തില്‍ മാധവിക്കുട്ടിയുടെ കവിതകളുടെ ഓരോ വായനയും ഓരോ പ്രണയതീര്‍ത്ഥാടനങ്ങളാണ്. തനിക്കുള്ളതെല്ലാം മറുപാതിക്ക് സമര്‍പ്പിക്കുന്ന പ്രണയവിശുദ്ധിയുടെ നിര്‍മ്മലതകളാണ് ആമി കോറിയിട്ടത്. അതുകൊണ്ട് തന്നെ നിത്യപ്രണയത്തിന്റെ സ്മാരകങ്ങളായി മാധവിക്കുട്ടിയുടെ കവിതകള്‍ അനശ്വരമായ പ്രണയനിലാവിനെ ഹൃദയക്കുടന്നയിലേക്ക് പെയ്യിച്ച് കൊണ്ടേയിരിക്കും. ജനിയുടെ അശാന്തികളെയെല്ലാം സ്‌നാനപ്പെടുത്തുന്ന പ്രണയജലധിയാണ് ആമിയുടെ സ്‌നേഹാക്ഷരങ്ങള്‍.

നിള, തോട്ടുംമുഖം.പി.ഒ, മൈനാഗപ്പള്ളി, ഫോണ്‍ : 8301858742