Web Desk

തിരുവനന്തപുരം:

January 29, 2021, 9:33 pm

ശമ്പള കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

Janayugom Online

സർക്കാർ ജീവനക്കാരും അധ്യാപകരും വർഷങ്ങളായി കാത്തിരുന്ന ശമ്പളം, പെൻഷൻ എന്നിവ വർധിപ്പിച്ചും മറ്റ് ആനുകൂല്യങ്ങൾ ശുപാർശ ചെയ്തുമുള്ള 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നും 28 ശതമാനം ഡിഎയും മറ്റ് അലവൻസുകളിൽ പൊതുവായി 10 ശമാനം വർധിപ്പിച്ചും വീട് വാടക അലവൻസ് പരിഷ്ക്കരിച്ചതടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ കമ്മിഷൻ ശുപാർശചെയ്തു. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് ശമ്പളം വാർധിപ്പിച്ചത് നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കെ മോഹൻദാസ് കമ്മിഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറി. ധനമന്ത്രി ഡോ. തോമസ് ഐസക്കും പങ്കെടുത്തു. ശമ്പള, പെൻഷൻ വർധനവ് വഴിയുള്ള സർക്കാരിന്റെ വാർഷിക അധിക സാമ്പത്തിക ബാധ്യത 4,810 കോടി രൂപ വരും.

ജീവനക്കാരുടെ നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 16,500 രൂപയിൽ നിന്നും 23,000 രൂപയായും കൂടിയ ശമ്പളം 1,40,000 ൽ നിന്നു 1,66,800 രൂപയാക്കണം. ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3,400 രൂപ വരെ ഇൻക്രിമെന്റ് അനുവദിക്കണം. ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിച്ച സാഹചര്യത്തിൽ സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കണം. വില്ലേജ് ഓഫീസർമാർക്ക് 1,500 രൂപ അലവൻസ് നൽകണം പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

ശമ്പള സ്കെയിലുകൾ 27 എണ്ണംവും 83 സ്റ്റേജുകൾ ഉള്ള മാസ്റ്റർ സ്കെയിൽ നടപ്പിലാക്കുമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.
വീട് വാടക അലവൻസ് (എച്ച്ആർഎ) കോർപറേഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളിൽ എട്ട്, ആറ് എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളിൽ നാല് ശതമാനവും അധികം നൽകാൻ ശുപാർശയുണ്ട്. ഇതനുസരിച്ച് കുറഞ്ഞ എച്ച്ആർഎ 1,200 രൂപയും കൂടിയ എച്ച്ആർഎ 10,000 രൂപയുമാകും. 2019 ജൂലൈ ഒന്നിന് മുൻപുവരെയുള്ള 28 ശതമാനം ക്ഷമാബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. ശമ്പള നിർണ്ണയ ചട്ടങ്ങൾ ലഘൂകരിക്കും.
ആരോഗ്യവകുപ്പിൽ ഡോക്ടർമാർക്കും, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർക്കും അധിക സ്പെഷ്യൽ പേ അനുവദിക്കാനും സ്പെഷ്യലിസ്റ്റ് ആയുർവേദ ഡോക്ടർമാർക്കു സെപ്ഷ്യൽപേ അനുവദിക്കാനും പാരാ മെഡിക്കൽ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കാനും വർധന ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. നഴ്സിംഗ് വിഭാഗത്തിന് ഉയർന്ന യുണിഫോം അലവൻസും അധിക ഗ്രേഡും നല‍കണമെന്നും ശുപാശചെയ്യുന്നു.

തഹസീൽദാർ തസ്തിക പ്രിൻസിപ്പൽ തഹസീൽദാർ ആയി ഉയർത്തി ഉയർന്ന ശമ്പള സ്കെയിൽ നൽകും. വില്ലേജ് ഓഫീസർ, തഹസീൽദാർ എന്നിവർക്ക് അധിക അലവന്‍സ് നൽകും. സേനാവിഭാഗം ജീവനക്കാരുടെ വിവിധ അലവൻസുകൾ ലയിപ്പിച്ച് വർധിപ്പിച്ചും, അധിക ഗ്രേഡുകൾ അനുവദിക്കാനും ശുപാർശചെയ്തിട്ടുണ്ട്.

ശമ്പള വർദ്ധനവിന്റെ അതേനിരക്കിൽ പെൻഷൻ പരിഷ്ക്കരിക്കാനും 80 വയസ് കഴിഞ്ഞവർക്ക് 1000 രൂപ അധിക ബത്ത അനുവിദിക്കാനും ശമ്പള കമ്മിഷൻ ശുപാർശചെയ്തു. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 83,400 രൂപയും ആയിരിക്കും. പെൻഷൻ കണക്കാക്കുന്ന രീതിയിൽ മാറ്റംവരുത്തിയിട്ടുണ്ട്. നിലവിൽ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം, അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കും. കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പൂർണമായ പെൻഷൻ നൽകണമെന്നും ശുപാർശയിൽ പറയുന്നു.

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വർഷം വരെ അവധി അനുവദിക്കാനും ശമ്പള കമ്മിഷൻ ശുപാർശയുണ്ട്. പിതൃത്വ അവധി 10 ൽനിന്ന് 15 ദിവസമാക്കണമെന്നും നിർദ്ദേശമുണ്ട്.

പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ആർജ്ജിതാവധി ശേഖരണം പരമാവധി 120 ൽ നിന്നും 150 ആക്കി ഉയർത്തി. ഇവരുടെ കുറഞ്ഞ പെൻഷൻ 5,750 ഉയർന്ന പെൻഷൻ 11,485 ആക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.

ENGLISH SUMMARY: SALARY COMMISSION SUBMITTED THE REPORT

YOU MAY ALSO LIKE THIS VIDEO