June 1, 2023 Thursday

സിനിമാ താരങ്ങൾക്കും വരുന്നു ‘ശമ്പളകട്ട്’

ഷാജി ഇടപ്പള്ളി
കൊച്ചി:
June 2, 2020 9:01 pm

കോവിഡ് മഹാമാരിയെ തുടർന്ന് സ്തംഭനത്തിലായ സിനിമ മേഖല താരങ്ങളുടെ പ്രതിഫലത്തെച്ചൊല്ലി വീണ്ടും പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രയാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൂപ്പർ സ്റ്റാറുകളടക്കം വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം അമ്പതു ശതമാനം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ പുതിയ സിനിമ നിർമ്മാണം ആരംഭിക്കില്ലെന്ന നിലപാടുമായി നിർമ്മാതാക്കളുടെ സംഘടനയും രംഗത്തെത്തി. ചലച്ചിത്ര നിർമ്മാണവും വിതരണവും പ്രദർശനവുമെല്ലാം കൂടുതൽ ജനാധിപത്യ സ്വഭാവത്തിലെത്തുന്നതിന് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന സിനിമാ റെഗുലേഷൻ അതോറിറ്റി രൂപീകരണത്തിന് അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് മാക്ട ഫെഡറേഷൻ ( എഐടിയുസി ) സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ മാർച്ച് 24 ന് ലോക്ഡൗണിനെ തുടർന്ന് തീയേറ്ററുകൾ അടച്ചിട്ടതും പൂർത്തിയായ ചിത്രങ്ങൾ റിലീസിംഗ് ഒഴിവാക്കിയതും പുതിയ ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങിയതും മറ്റു നിയന്ത്രണങ്ങളുമെല്ലാം ഈ മേഖലയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. ലോക്ഡൗൺ നാലാം ഘട്ടം തീർന്നതോടെ സിനിമയുടെ ഇൻഡോർ ഷൂട്ടിങ്ങിന് താരങ്ങളും, സാങ്കേതിക പ്രവർത്തകരുമടക്കം പരമാവധി 50 പേരെയും ചാനൽ ഇൻഡോർ ഷൂട്ടിങ്ങിന് 25 പേരെയുമുപയോഗിച്ച് ചിത്രീകരണം ആരംഭിക്കാമെന്നുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്.

ഏഴ് സിനിമകളാണ് വിഷു റിലീസിങ്ങിനൊരുങ്ങിയിരുന്നത്. ഇത് തിയേറ്ററുകൾ തുറന്നാലുടൻ റിലീസ് ചെയ്യും. ചിത്രീകരണം നിർത്തിവയ്ക്കപ്പെട്ട 26 ചിത്രങ്ങളുടെ അവസാന ഘട്ട ചിത്രീകരണം പത്തു ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിയുന്നവയുമാണ്. അത്തരം ചിത്രങ്ങൾ പൂർത്തീകരിക്കും. എന്നാൽ പുതിയ സിനിമകൾ ആരംഭിക്കണമെങ്കിൽ താരങ്ങൾ പ്രതിഫലം അമ്പതു ശതമാനം കുറയ്ക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഈ മാസം അഞ്ചിന് യോഗം ചേരുമെന്നും വിവിധ സംഘടനകളുമായി ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. സിനിമയിൽ മുൻനിര താരങ്ങൾ 10 കോടി വരെയാണ് പ്രതിഫലം പറ്റുന്നത്. പ്രധാന രണ്ടാം നിര താരങ്ങളും അമ്പതു ലക്ഷം മുതല്‍ ഒരുകോടി വരെ പ്രതിഫലം വാങ്ങുന്നവരാണ്.

ഇതുപോലെ തന്നെ പേരുകേട്ട സാങ്കേതിക പ്രവർത്തകരും വൻ പ്രതിഫലമാണ് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ചുറ്റുപാടിൽ താരങ്ങളും സംവിധായകരും സാങ്കേതിക പ്രവർത്തകരുമടക്കം കൂടിയ പ്രതിഫലം കൈപ്പറ്റുന്നവരെല്ലാം തുകയിൽ വലിയ ഇളവുകൾ നൽകാൻ സ്വയം തയ്യാറായാൽ മാത്രമേ ഇനി മേഖലക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളുവെന്ന് സംവിധായകനും മാക്ട ഫെഡറേഷൻ (എഐടിയുസി ) ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി ഇതിനുമുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ഉയർന്നിട്ടുള്ള വിഷയങ്ങളും പ്രതിസന്ധിയില്ലാതെ പരിഹരിക്കപ്പെടുമെന്ന് താരസംഘടനയായ എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു ജനയുഗത്തോട് പറഞ്ഞു.

ലോക്ഡൗൺ ഇളവുകളിൽ പറഞ്ഞിട്ടുള്ളതുപോലെ അമ്പതു പേരെ ഉപയോഗിച്ച് ഒരു നല്ല ബജറ്റ് സിനിമ ചിത്രീകരണം നടത്താൻ കഴിയില്ലെന്നും സൂപ്പർ സ്റ്റാറുകളില്ലാത്ത ചെലവ് കുറഞ്ഞ സിനിമകൾക്കു മാത്രമേ ഈ ഇളവ് സഹായകമാവുകയുള്ളുവെന്നും പ്രോജക്ട് ഡിസൈനറായ അജ്മൽ ശ്രീകണ്ഠപുരം പറഞ്ഞു. സ്കൂൾ അധ്യയനം പോലും ഓൺലൈൻ സംവിധാനത്തിൽ ആരംഭിച്ചിട്ടുള്ള സന്ദർഭത്തിൽ സിനിമകളുടെ ഓൺലൈൻ പ്ലാറ്റ് ഫോം റിലീസും സർക്കാർ പരിഗണിക്കേണ്ടതാണെന്ന ആവശ്യവും നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്.

ENGLISH SUMMARY: salary cut also for film stars

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.