ദുരിതാശ്വാസത്തിന് ശമ്പളം: അനുകൂല നിലപാടുമായി സര്‍വീസ് സംഘടനകള്‍ 

Web Desk
Posted on September 04, 2018, 7:56 pm
തിരുവനന്തപുരം: പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയില്‍ അനുകൂല നിലപാടുമായി സര്‍വ്വീസ് സംഘടന പ്രതിനിധികള്‍. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ചു ചേര്‍ത്ത സര്‍വീസ് സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സംഘടന പ്രതിനിധികള്‍ സമ്മതം അറിയിച്ചു.
 ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും. ഇത്തരത്തില്‍ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.
 ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടര്‍ തുകയായി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അത് നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഒരു തവണയായോ, 10 മാസമായോ ശമ്പളം നല്‍കാന്‍ സൗകര്യമുണ്ട്. ഇങ്ങനെ നല്‍കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്ന് കിഴിക്കാന്‍ അവസരമുണ്ടാകും.
 ശമ്പളത്തില്‍നിന്ന് നല്‍കുന്ന തുക അടക്കമുള്ളവ രേഖപ്പെടുത്താവുന്ന ഓപ്ഷന്‍ വേണമെന്ന് ചില സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ബുദ്ധിമുട്ടുള്ളവര്‍ ഡി.ഡി.ഒമാര്‍ക്ക് എഴുതിനല്‍കിയാല്‍ മതിയാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു. പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം.
 വിവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, വിവിധ സര്‍വീസ് സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.