റെജി കുര്യന്‍

ന്യൂഡല്‍ഹി

June 04, 2020, 10:27 pm

ലോക്ഡൗണ്‍ കാലത്തെ ശമ്പളം: മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ഇഎസ്ഐ ഫണ്ട് വേതനത്തിന് വിനിയോഗിച്ചുകൂടേയെന്ന് കോടതി
Janayugom Online

ലോക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ ശമ്പളമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ശമ്പളം സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തട്ടെയെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഴുവൻ വേതനം നൽകാൻ സാധിക്കില്ലെന്ന് പറയുന്ന കമ്പനികൾ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ശമ്പളം വെട്ടിക്കുറച്ചവര്‍ക്കും നല്‍കാത്തവര്‍ക്കുമെതിരെ വിധി പുറപ്പെടുവിക്കും വരെ നടപടി ഉണ്ടാകില്ല.

ലോക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ തൊഴിലാളികളെ പിരിച്ചു വിടുകയോ ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ച്ച് 29ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്നലെ വാദം കേട്ടത്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ് കെ കൗള്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് മുഴുവന്‍ വേതനവും നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നിവയുടെ ചുവടുപിടിച്ചായിരുന്നു ഇത്തരമൊരു ഉത്തരവ്. എന്നാല്‍ നിലവിലെ കേസുകളില്‍ തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തി ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുന്നതാണ് ഉചിതമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

കോടതി ഇതേതുടര്‍ന്ന് നിരവധി ചോദ്യങ്ങള്‍ വ്യക്തതയ്ക്കായി ഉന്നയിച്ചപ്പോഴും കേന്ദ്രം പിന്‍വലിയുന്നെന്ന നിലപാടാണ് എ ജി സ്വീകരിച്ചത്. കേസില്‍ മൂന്നാം കക്ഷിയായ കേന്ദ്രം ഉത്തരവില്‍ നിന്നും പിന്‍വലിയുന്നു എന്നതായിരുന്നു വേണുഗോപാലിന്റെ നിലപാട്. അതേസമയം കേസുകളില്‍ കോടതി ഇടപെടലുകള്‍ കടുത്തതോടെ രണ്ടു മാസത്തേക്ക് കേസ് നീട്ടിവയ്ക്കണമെന്ന ആവശ്യം വേണുഗോപാല്‍ ഉയര്‍ത്തി. കേന്ദ്രം ഉത്തരവില്‍ നിന്നും പിന്‍വലിഞ്ഞെന്നു ബോധ്യമായ കോടതി അറ്റോര്‍ണി ജനറലിനോടു അവസാനമായി രണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇ എസ് ഐ ഫണ്ട് തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ വിനിയോഗിക്കാനാകുമോ. ഇല്ലെന്നായിരുന്നു എ ജിയുടെ മറുപടി എന്നാല്‍ ഇതില്‍ നിന്നും വായ്പയെടുക്കാം.

രണ്ടാമത്തെ ചോദ്യം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചായിരുന്നു. അതിന് എ ജി നല്‍കിയ മറുപടി, ശമ്പളം നല്‍കിയാല്‍ കുടിയേറ്റ തൊഴിലാളികള്‍ മറ്റെവിടേയ്ക്കും പോകില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരെ സമര്‍പ്പിച്ച കേസുകളില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി ഈ മാസം 12ന് പുറപ്പെടുവിക്കും. അതുവരെ ഇതുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇഎസ്ഐ ഫണ്ടില്‍ 80,000 മുതല്‍ 90,000 കോടി രൂപ വരെ ഉണ്ടെന്നും, ഈ തുക ശമ്പളം നല്‍കാനായി വിട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നുമായിരുന്നു ഹര്‍ജിക്കാരായ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

ENGLISH SUMMARY:salary in lockdown
You may also like this video