സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ (സെയില്‍) അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി സംഭാവന ചെയ്തത് 30 കോടി രൂപ. ആപ്കോ ഇന്‍ഫ്രടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സെയിലിന് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തിയത്. ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനമായ സെയിലില്‍ നടക്കുന്ന കംഭകോണം സംബന്ധിച്ച് ലോക്പാലും , സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും (സിവിസി) സിബിഐയും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഏറ്റവും ഒടുവില്‍ നടന്ന തീവെട്ടിക്കൊള്ള പുറംലോകമറിഞ്ഞത്. ആപ്കോ കമ്പനിക്ക് സ്റ്റീല്‍ നല്‍കിയതിലാണ് അഴിമതി നടന്നത്. സെയിലും ആപ്കോ കമ്പനിയും തമ്മിലുള്ള അഴിമതി സംബന്ധിച്ച് ആഭ്യന്തര പരാതി നല്‍കിയ രാജീവ് ഭാട്ടിയ എന്ന ഉദ്യോഗസ്ഥനെ സ്ഥാപനം സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കാരണം അദ്ദേഹം സ്വയം വിരമിച്ചു.
സെയിലും സ്റ്റീല്‍ കമ്പനികളും തമ്മിലുള്ള അഴിമതി സംബന്ധിച്ച പരാതികളില്‍ ചിലത് സിബിഐക്ക് കൈമാറാന്‍ സിവിസി തീരുമാനിച്ചിരുന്നതാണ്. 2023 ജുലൈയില്‍ സിവിസി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് അഴിമതി നടത്തിയ ആപ്കോ കമ്പനി ബിജെപിക്ക് 30 കോടി രൂപ ഇലക്ടറല്‍ ബോണ്ടായി സംഭാവന നല്‍കിയ വിവരമുള്ളത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ബിജെപിക്ക് സംഭാവന നല്‍കിയതായി അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസം 14 ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച രേഖയിലും 2020 ജനുവരിക്കും 23 ഒക്ടോബര്‍ 12നും ഇടയില്‍ 30 കോടി വിവാദ കമ്പനി ബിജെപിക്ക് നല്‍കിയതായി പറയുന്നു. ആപ്കോ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം സെയിലിന് കോടികളുടെ നഷ്ടം സംഭവിച്ചതായി ലോക്പാല്‍ രേഖ ചൂണ്ടിക്കാട്ടുന്നു. വെങ്കിടേഷ് ഇന്‍ഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആപ്കോ സെയിലിന് നഷ്ടം വരുത്തിവച്ചത്. സമാന ഉപഭോക്താക്കളെ അപേക്ഷിച്ച് വെങ്കിടേഷ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ നല്‍കിയതിലൂടെയാണ് സെയിലിന് കോടികളുടെ നഷ്ടം സംഭവിച്ചതെന്ന് ജസ്റ്റിസ് അഭിലാഷ കുമാരി, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിങ് എന്നിവരടങ്ങിയ ലോക്പാല്‍ സമിതി കണ്ടെത്തി. സ്വകാര്യ കമ്പനിക്ക് ലാഭം നേടാന്‍ അധികൃതര്‍ കൃത്രിമം കാണിച്ചുവെന്നും സമിതി ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കൃത്രിമം നടന്നിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത 100ലധികം കമ്പനികള്‍ക്ക് 1,100,000 മെട്രിക് ടണ്ണിലധികം സ്റ്റീല്‍ കുറഞ്ഞ വിലയ്ക്ക് സെയില്‍ ലഭ്യമാക്കി. ഇത് സ്വകാര്യ കമ്പനികള്‍ സബ്സിഡി നേടാന്‍ കുറുക്കുവഴിയായി വിനിയോഗിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിച്ച സ്റ്റീല്‍ അവര്‍ അധിക വിലയ്ക്ക് വിറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികളുമായുള്ള ധാരണാപത്രം അനുസരിച്ച് സ്റ്റീല്‍ വാങ്ങുന്ന കമ്പനികള്‍ക്ക് സെയില്‍ പലിശരഹിത വായ്പ നല്‍കാറുണ്ട്. ഒരു കമ്പനി ഈ സൗകര്യം ഉപയോഗിക്കുന്നില്ലെങ്കില്‍ ആ തുകയ്ക്ക് തുല്യമായ സബ്സിഡി ലഭിക്കും. ഇതുവഴിയും ആപ്കോയും വെങ്കിടേഷ് ഇന്‍ഫ്രാടെക്കും കോടികളാണ് നേടിയെടുത്തത്. വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ സെയില്‍ കരാര്‍ വഴി ഏറ്റവും കുടുതല്‍ നേട്ടം കൈവരിച്ചത് ആപ്കോ അനുബന്ധ കമ്പനിയായ വെങ്കിടേഷ് ഇന്‍ഫ്രാടെക്കായിരുന്നു. ലോക്പാല്‍ ഉത്തരവിനെത്തുടര്‍ന്ന് സിബിഐ 2024 ഒക്ടോബറില്‍ ആപ്കോ, വെങ്കിടേഷ് ഇന്‍ഫ്ര എന്നിവരെ പ്രതികളാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അഴിമതി സംബന്ധിച്ച് സെയില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.