ഉന്നതഉദ്യോഗവും വില്‍പ്പനയ്ക്ക്

Web Desk
Posted on June 10, 2018, 10:30 pm
  • ജോയിന്റ് സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നു
  • അപേക്ഷ ക്ഷണിച്ചത് പത്തു സുപ്രധാന തസ്തികകളിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ തന്ത്രപ്രധാനമായ സിവില്‍ സര്‍വീസ് മേഖലയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും സ്വകാര്യമേഖലയിലുള്ളവര്‍ക്കും തീറെഴുതുന്ന ഉത്തരവുമായി മോഡി സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്ന ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കാണ് സ്വകാര്യമേഖലയില്‍ നിന്ന് നേരിട്ട് നിയമനം നടത്താന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് തസ്തികയിലേക്കാണ് ആദ്യഘട്ടത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

റവന്യൂ, സാമ്പത്തികസേവനങ്ങള്‍, സാമ്പത്തികകാര്യം, വാണിജ്യം, വ്യോമഗതാഗതം തുടങ്ങിയ വകുപ്പുകളിലെ തന്ത്രപ്രധാനമായ പോസ്റ്റുകളിലേക്കാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രവുമായി മോഡി സര്‍ക്കാര്‍ രംഗത്തെത്തിയത്. സുതാര്യവും സത്യസന്ധവുമായ നടപടിക്രമങ്ങളിലൂടെ യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങള്‍ നിയമിക്കുന്ന തസ്തികളിലേയ്ക്ക് നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനാണ് കേന്ദ്ര പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1,44,200 — 2,18,200 രൂപ സ്‌കെയിലിലാണ് നേരിട്ടുള്ള നിയമനം. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും ഇതിന് പുറമേ ലഭിക്കും. യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ നീക്കം.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുക. എന്നാല്‍ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന്റെ മാനദണ്ഡമെന്തെന്നോ ആരാണിത് തയ്യാറാക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതില്‍ നിന്നുതന്നെ കോര്‍പ്പറേറ്റ് തല്‍പരരെയും ആര്‍എസ്എസുകാരെയും ഉന്നതങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന എല്ലാ വകുപ്പുകളും കോര്‍പ്പറേറ്റുകള്‍ക്കും ആഗോള സാമ്പത്തിക കുത്തകകള്‍ക്കും ഏറെ സ്വീകാര്യമായതാണ്. കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന മോഡി സര്‍ക്കാറിന് കോര്‍പ്പറേറ്റ് പ്രതിനിധികളെത്തന്നെ ഉദേ്യാഗസ്ഥരാക്കി മാറ്റി അനുകൂല തീരുമാനമെടുക്കാമെന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ഫലം. സ്വകാര്യമേഖലയിലെ കമ്പനികള്‍, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് 15 വര്‍ഷത്തെ അനുഭവമാണ് യോഗ്യതയായി ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. കരാറടിസ്ഥാനത്തില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നിയമനം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ഇത് വീണ്ടും നീട്ടുന്നതായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്തുല്യ പദവിയില്‍ ജോലി ചെയ്യുന്നവരെ നിയമിക്കുമെന്ന് പറയുമ്പോഴും സ്വകാര്യ കോര്‍പ്പറേറ്റുകളില്‍ നിന്നായിരിക്കും ഭൂരിഭാഗം നിയമനങ്ങളും നടക്കുന്നത്. അതായത് സിവില്‍സര്‍വീസ് മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതാണ് മോഡി സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന മികച്ച ഉദേ്യാഗസ്ഥരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പിന്നില്‍. കൂടാതെ സംഘപരിവാറും ബിജെപിയും സര്‍ക്കാര്‍ഭരണത്തില്‍ കൂടുതല്‍ കൈകടത്തല്‍ നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെത്തി.

സിവില്‍സര്‍വീസ് ഉദേ്യാഗസ്ഥരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പുറത്തുവന്നിട്ടുള്ളത്. നിലവിലുള്ള ഭരണസംവിധാനത്തെ താറുമാറാക്കുമെന്നാണ് കേന്ദ്രസെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന ഐഎഫ്എസ് ഉദേ്യാഗസ്ഥന്‍ പ്രതികരിച്ചത്. ഇത് വലിയ കച്ചവടമാണ്. പുതിയ തീരുമാനത്തിനു പിന്നില്‍ കോര്‍പ്പറേറ്റുകളുടെ വാണിജ്യ താല്‍പര്യമാണെന്ന് ഒഡിഷയില്‍ നിന്നുള്ള ജയപാണ്ഡെ പ്രതികരിച്ചു.

സ്വകാര്യമേഖലയില്‍ നിന്ന് ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമനം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ലക്ഷ്യം കാണില്ലെന്നും നിയമന രീതികള്‍ സുതാര്യമാകില്ലെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയിലുള്ളവരെ നിയമിക്കാനുള്ള തീരുമാനം സംശയാസ്പദമാണ്. ഭരണക്ഷമതയ്‌ക്കെന്ന് പറയുമ്പോഴും സാമ്പത്തിക കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഊടുവഴിയാണ് പുതിയ തീരുമാനമെന്ന ആക്ഷേപം ഇതിനകം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.