ചിറകൊലിയെ പ്രണയിച്ച മനുഷ്യൻ

രാജേഷ് രാജേന്ദ്രൻ
Posted on November 12, 2019, 11:49 am

രാജേഷ് രാജേന്ദ്രൻ

ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. ഇന്ത്യയിൽ പക്ഷിമനുഷ്യൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഡോ. സാലിം അലിയുടെ ജന്മദിനം കൂടിയാണിന്ന്. രാജ്യം അദ്ദേഹത്തിന്റെ ഓർമയ്ക്ക് നവംബർ 12 ദേശീയ പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നു. ഓർണിത്തോളജി എന്ന ശാസ്ത്ര ശാഖയെയും പക്ഷി നിരീക്ഷണം എന്ന കലയെയും സമന്വയിപ്പിച്ച് മാനവ സമൂഹത്തിന് ചിറകൊലിയുടെ വാതായനങ്ങൾ തുറന്ന് തന്ന മഹാൻ, ക്രൂരമായ വിനോദത്തിൽ തുടങ്ങി ഒടുവിൽ തൂവലുകളെ പ്രണയിച്ച, ആ തൂവലുകൾ ഒരിക്കലും ശരീരം വിട്ട് കാറ്റിന്റെ ഓളത്തിൽ പറന്നു കളിക്കാനുള്ളതല്ലെന്ന് ബോധ്യപ്പെടുത്തിയ പക്ഷികളുടെ തോഴനും പറവകളുടെ നിരീക്ഷണത്തിന് അടിത്തറയിട്ട പ്രതിഭ സാലിം മുഇസുദ്ദീൻ അബ്ദുൾ അലി എന്ന ഡോ. സാലിം അലി.

1896ൽ പഴയ ബോംബൈയിൽ ആയിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ അനാഥത്വം വേട്ടയാടിയ സാലിം അലി അമ്മാവനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മൃഗവേട്ടയിൽ കമ്പമുള്ള അമ്മാവന്റെ ചുവട് പിടിച്ച് നല്ലൊരു നായാട്ടുകാരനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി അമ്മാവന്റെ കയ്യിൽ നിന്നും ഒരു എയർഗൺ സംഘടിപ്പിച്ച് വീടിന്റെ പരിസരത്തെ പക്ഷികളെ ഉന്നം വച്ച് ഷാർപ്പ് ഷൂട്ടറായി. സാലിം അലി ഉന്നം വച്ചാൽ ഒരു പക്ഷി നിലത്ത് വീഴുമെന്നുറപ്പ്. വാല്മീകിക്ക് രാമായണ സൃഷ്ടിക്ക് നിമിത്തമായതുപോലെ വീടിന്റെ തൊഴുത്തിൽ കൂടൊരുക്കിയ പക്ഷികളിൽ ആൺപക്ഷിയെ വെടിവച്ചിട്ട സാലിം അലി പെട്ടെന്ന് ചെന്ന് ചേതനയറ്റ് നിലത്ത് വീണ് പിടയുന്ന ആ ചെറു പക്ഷിയെ കയ്യിലെടുത്തു. പതിവിൽ കാണാത്ത ഒന്നായിരുന്നു അത്. അതിന്റെ കഴുത്തിൽ കാണപ്പെട്ട നിറം അദ്ദേഹത്തെ ബോംബെയിലെ നേച്വർ മ്യൂസിയത്തിലെ മേധാവിയുടെ അടുത്തെത്തിച്ചു. ഇംഗ്ലീഷുകാരനായ അദ്ദേഹവുമായി ലോഹ്യം കൂടി. മ്യൂസിയത്തിലെ പക്ഷികളുടെ ചിത്രങ്ങളും രേഖകളും സാലിം അലിയുടെ മുന്നിൽ തുറക്കപ്പെട്ടു. അതിൽ നിന്നാണ് താൻ വെടിവച്ചിട്ട പക്ഷി മഞ്ഞത്താലി ഇനത്തിൽ പെട്ടതാണെന്ന് മനസിലാക്കുന്നത്. മഞ്ഞച്ചരടും താലിയുമൊക്കെ മലയാളികൾക്ക് വിശ്വാസത്തിന്റെയും കെട്ടുറപ്പിന്റെയും പ്രതീകമാണല്ലോ. മഞ്ഞത്താലി പക്ഷിയിൽ നിന്നാണ് ഷാർപ്പ് ഷൂട്ടറായ സാലിം അലി പക്ഷികളെ പ്രണയിക്കാൻ തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് ഊണിലും ഉറക്കത്തിലും തന്റെ അടക്കാനാകാത്ത അഭിനിവേശം നമ്മൾ ഇന്നറിയുന്ന നിലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പല ജോലികൾഅദ്ദേഹം സമീപിച്ചപ്പോഴൊക്കെ അറിവിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോഴും അക്കാഡമിക്ക് ബിരുദമില്ലെന്നുള്ള കാരണത്താൽ നിത്യവൃത്തിക്കുള്ള ജോലി പോലും ലഭ്യമായിരുന്നില്ല.

1914 ആയപ്പോഴേക്കും നമ്മളറിയുന്ന പക്ഷി നിരീക്ഷകനായി കഴിഞ്ഞിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ധാരാളം വിദേശ യാത്രകളും തന്റെ പ്രവൃത്തിയിൽ കൂടുതൽ ഇഴുകിച്ചേരൻ വഴിയൊരുക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് പല സർവകലാശാലകളിലും മുഖ്യാതിഥിയായി. ജോലി നിരസിച്ചിടത്തൊക്കെ നിന്ന് വാഗ്ദാനങ്ങളുണ്ടായി. അങ്ങനെ അടയ്ക്കപ്പെട്ട വാതിലുകൾ ഓരോന്നായി തുറന്ന് ലോകമറിയുന്ന പക്ഷിനിരീക്ഷകരിൽ ഒരാളായി സ്ഥാനമുറപ്പിച്ചു. 1935ൽ തിരുവിതാംകൂറിന്റെ പ്രത്യേക ക്ഷണപ്രകാരം കേരളത്തിലെത്തിയ അദ്ദേഹം ചാലക്കുടി, തട്ടേക്കാട്, കുമരകം തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദർശിച്ച് പക്ഷി പഠനങ്ങളും നിരീക്ഷണങ്ങളും നടത്തി. 1939ൽ ഏകദേശ പഠനം പൂർത്തിയാക്കി അദ്ദേഹം റിപ്പോര്‍ട്ട് അന്നത്തെ ഭരണകൂടത്തിന് സമർപ്പിച്ചു. പക്ഷി നിരീക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തും അന്തർദേശീയതലത്തിലും ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1958ൽ പദ്മഭൂഷണും 1976ൽ പദ്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1987 ജൂലൈ മാസം 27ന് ഈ പ്രകൃതി സ്നേഹി ചിറകൊലിയില്ലാത്ത ലോകത്തേക്ക് യാത്രയായി. ബന്ധു കൂടിയായ തെഹ്മിനയാണ് ഭാര്യ.