December 3, 2022 Saturday

Related news

December 2, 2022
November 28, 2022
November 25, 2022
November 21, 2022
November 17, 2022
November 17, 2022
November 16, 2022
November 15, 2022
November 14, 2022
November 13, 2022

സല്യൂട്ട്: ഡോ. ഇർഫാൻ ഹബീബ്

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
September 28, 2022 5:30 am

പ്രസിദ്ധ ചരിത്രകാരനും അലിഗഡ് യൂണിവേഴ്സിറ്റി മുൻ പ്രൊഫസറുമായ ഡോ. ഇർഫാൻ ഹബീബ് മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവത്തിന്റെ പേരിൽ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു! അതിന് ഒരൊറ്റ കാരണമേ ഉള്ളൂ, ഭാരതത്തിന്റെ അടിസ്ഥാന രാഷ്ട്രീയ സ്വഭാവത്തിന് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് അനുചിതമായ സന്ദർഭത്തിൽ പ്രസംഗിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മറ്റനേകരോടൊപ്പം തന്റെയും പ്രതിഷേധം അറിയിച്ചു എന്നത് മാത്രം. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ കണ്ണൂരിൽ വച്ച് 2019 ഡിസംബറിൽ നടന്ന എൺപതാമത് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനവേദിയിലാണിത് ഉണ്ടായത്. ഉദ്ഘാടന പ്രസംഗം ഗവർണർ മുൻകൂട്ടി തയാറാക്കിയിരുന്നു. അദ്ദേഹത്തിന് മുൻപ് പ്രസംഗിച്ചവർ ഭാരതത്തിന്റെ സ്വഭാവത്തെയും ചരിത്രരൂപത്തെയും ചോദ്യം ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയിരുന്നു.
മുൻ രാജ്യസഭാംഗവും സൻസദ് രത്ന അവാർഡ് ജേതാവുമായ കെ കെ രാഗേഷ് ഇംഗ്ലീഷിൽ നടത്തിയ പ്രസംഗമായിരുന്നു പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയെ ആകർഷിച്ചത്. രാഗേഷ് ചരിത്രത്തിന്റെ ഉരുത്തിരിഞ്ഞു വരുന്ന പുതിയ ഏടിനെക്കുറിച്ചാണ് സംസാരിച്ചത്. തീർച്ചയായും ഒരു ഗൗരവതരമായ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പിന്തുണയോടെ ഭാരതത്തിന്റെ തനത് രാഷ്ട്രീയ ചരിത്രത്തെ തിരുത്തി ഏകപക്ഷീയവും പ്രതിലോമപരവും, വിവേചനപരവുമായ ചരിത്രസൃഷ്ടി സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് സമകാലിക യാഥാർത്ഥ്യമാണ്. ഈ അപകടകരമായ അവസ്ഥയെക്കുറിച്ച് ഓർമ്മപ്പെടുത്താതെ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന് ഭാരതീയ ചരിത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ സാധിക്കില്ല. ആ ഉത്തരവാദിത്തമാണ് രാഗേഷ് നിറവേറ്റിയത്. ഇതാണ് കേന്ദ്ര സർക്കാരിന്റെ കക്ഷിയെ പ്രീതിപ്പെടുത്താൻ ഉത്സുകനായ ഗവർണറെ പ്രകോപിപ്പിച്ചത്. രാഗേഷിനെപ്പോലെതന്നെ സിഎഎക്കെതിരെ പ്രസംഗിച്ച ബിജു കണ്ടക്കൈ മലയാളത്തിൽ പറഞ്ഞതൊന്നും ഗവർണർ മനസിലാക്കിയുമില്ല. ഗവർണറുടെ പ്രസംഗത്തിനെതിരെ ഉയർന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ മുതി ർന്ന രാഗേഷിനെക്കുറിച്ച് ഗവർണർ പറഞ്ഞത്, ‘രാഗേഷ് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരെ തടഞ്ഞു’ എന്നാണ്.


ഇതുകൂടി വായിക്കൂ:  ഗവർണറുടെ അധികാരം ; ഒരു തെലങ്കാന മാതൃക


ഉദ്ഘാടന വേദിയിൽ സ്ഥാനമൊഴിയുകയായിരുന്ന ചരിത്ര കോൺഗ്രസിന്റെ അധ്യക്ഷൻ ഡോ. ഇർഫാൻ ഹബീബ് സ്വാഭാവികമായി ഗവർണറുടെ പരാമർശത്തിൽ അസ്വസ്ഥനായി. ലോകത്തെവിടെനിന്നും പുറത്താക്കപ്പെട്ടതോ പുറത്തുവന്നതോ ആയ ഏതൊരു ജനവിഭാഗത്തെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച് അഭയമരുളിയ ചരിത്രമാണ് ഭാരതത്തിനുള്ളത്. അങ്ങനെ തന്നെയാണ് ഇന്ന് ഇവിടെ സവർണ ഹിന്ദു രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആര്യന്മാരും വന്നുചേർന്നതും വേരുറപ്പിച്ചതും. ചെന്നിടത്തെല്ലാം, പ്രത്യേകിച്ചും ജർമ്മനിയിൽ വേട്ടയാടപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത ജൂതവംശജരെ സ്വതന്ത്രരായി ജീവിക്കാനും വ്യാപാരത്തിൽ ഏർപ്പെടാനും അവസരമൊരുക്കിയ ലോകത്തിലെ, ഒരുപക്ഷെ, ഏക രാജ്യമാണ് ഭാരതം.
അതേസമയം ജർമ്മനിയിൽ ജൂതരെ പീഡിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഹിറ്റ്ലറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപീകരിക്കപ്പെട്ട ആർഎസ്എസിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയുടെ അജണ്ടയെ സാധൂകരിക്കുന്ന ശൈലിയിൽ പ്രസംഗിക്കുന്നത് ഗവർണറല്ല രാഷ്ട്രപതി തന്നെ ആയാലും അതിനെതിരെ പ്രതിഷേധിക്കുക എന്നത് ഈ നാടിന്റെ ജനാധിപത്യ‑ബഹുസ്വരതാ സംസ്കാരത്തിൽ അഭിമാനമുള്ള ഏതൊരു പൗരന്റെയും കടമയാണ്. എന്നാൽ ഗവർണറാകട്ടെ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയം നടപ്പാക്കിയ പൗരത്വ ഭേദഗതിയെ പുകഴ്ത്തുക മാത്രമല്ല ആ നിയമം ഗാന്ധിജിയും നെഹ്രുവും മൗലാനാ ആസാദും ആഗ്രഹിച്ചിരുന്ന കാര്യമാണ് എന്ന് പറഞ്ഞ്, ചരിത്രത്തിന്റെ തിരുത്തലിനും മുതിരുകയുണ്ടായി. ഈ സന്ദർഭത്തിൽ ഇർഫാൻ ഹബീബ് ക്ഷമ നശിച്ചിട്ടാണ് “മൗലാനാ ആസാദിന് പകരം നാഥുറാം ഗോഡ്സയെ ഉദ്ധരിക്ക്” എന്ന് വിളിച്ച് പറഞ്ഞത്.


ഇതുകൂടി വായിക്കൂ: ഗവർണർ നിയമവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കണം


അലിഗഡ് സൊസൈറ്റി ഓഫ് ഹിസ്റ്ററി ആന്റ് ആർക്കിയോളജി ഇക്കാര്യത്തിൽ പ്രസിദ്ധീകരിച്ച വിശദീകരണത്തിൽ “തുടർന്ന് ഡോ. ഹബീബ് എഴുന്നേറ്റ് കണ്ണൂർ വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണറോട് പ്രസംഗം നിർത്തി സംഘർഷാവസ്ഥ ഒഴിവാക്കാൻ സാഹചര്യം ഒരുക്കണം എന്നാവശ്യപ്പെടാൻ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അപ്പോൾ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തടയുകയും തള്ളുകയും ചെയ്തു. ഗവർണറാകട്ടെ ആ സന്ദർഭത്തിൽ തന്റെ പ്രസംഗം തടസപ്പെടുത്താൻ ഇർഫാൻ ഹബീബ് ശ്രമിച്ചു എന്ന് കുറ്റപ്പെടുത്തുകയാണ്. ഇതാണ് സംഭവിച്ചത് എങ്കിലും, ഡോ. ഹബീബ് തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടയാണ് എന്നാണ് ഗവർണർ പിന്നീട് പറഞ്ഞത്. കണ്ണൂർ വൈസ് ചാൻസലർ ഇതിന് പിൻതുണ നൽകി എന്നും ഇത് വലിയൊരു ഗൂഢാലോചനയുടെ ഫലമായുണ്ടായതാണ് എന്നും ആരോപിക്കുകയായിരുന്നു. തന്റെ അംഗരക്ഷകനെ ഡോ. ഹബീബ് തള്ളി മാറ്റാൻ ശ്രമിച്ചു എന്നും താനാകട്ടെ മുൻപ് പ്രസംഗിച്ചവർ നടത്തിയ പ്രസ്താവനകൾക്കെതിരെ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ട്വിറ്ററിൽ ഗവർണർ പിന്നീട് കുറിച്ചു. ഒരു പ്രത്യേക വിഭാഗത്തെ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കുന്ന പുതിയ പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെയും തത്വങ്ങളെയും ലംഘിക്കുന്നതാണ് എന്ന്, തന്റെ മാത്രം പ്രശസ്തിയും ഉയർച്ചയും അന്വേഷിച്ച് അനേക കടമ്പകൾ ചാടിക്കടന്ന് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചേർന്ന, ഗവർണർ മനസിലാക്കാതെ പോയതാണോ അതോ മനഃപൂർവം മറക്കുന്നതാണോ എന്നതു മാത്രമാണിവിടത്തെ പ്രസക്തമായ ചോദ്യം. ഇനി ചാടിക്കടക്കാൻ കടമ്പകളൊന്നുമില്ലാത്തതിനാൽ എത്തിയയിടത്ത് പടികൾ കയറാനുള്ള ശ്രമമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ഗവർണർ പദവി ആർക്കാണ് അനിവാര്യം


ഡോ. ഇർഫാൻ ഹബീബിന്റെ ഭാഗത്തുനിന്നും, ഗോഡ്സെയെ ഉദ്ധരിക്കാൻ പറഞ്ഞതും പ്രസംഗം നിർത്താൻ ഗവർണറോട് ആവശ്യപ്പെടണമെന്ന് കണ്ണൂർ വിസിയോട് പറയാൻ മുതിർന്നതുമായ രണ്ട് നീക്കങ്ങളും, ഹിസ്റ്ററി കോൺഗ്രസിന്റെ അധ്യക്ഷൻ, ഭാരതത്തിന്റെ ജനാധിപത്യ- സോഷ്യലിസ്റ്റ്- മതനിരപേക്ഷ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ആൾ, ഒരു ചരിത്ര പണ്ഡിതൻ എന്നീ നിലകളിലുള്ള വ്യക്തിയുടെ സ്വാഭാവിക പ്രതികരണവും പ്രതിഷേധവുമായിരുന്നു എന്നതിനാൽ തികച്ചും നീതീകരിക്കപ്പെടേണ്ടതാണ്. അതിനെ ഗുണ്ടായിസം എന്ന് വ്യാഖ്യാനിക്കുന്നത് ഈ നാടിന്റെ മൂല്യങ്ങളിലുള്ള വിശ്വാസ രാഹിത്യമാണ്. ഗവർണർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നവർ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി ഭാരതത്തിലെ മുഴുവൻ ജനങ്ങളുടെയും വികാരം ഉൾക്കൊള്ളുന്നവരാകണം. ഇവിടെ കേരളാ ഗവർണർ ഒരു സാധാരണ സംഘ്പരിവാർ രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അധഃപതിച്ചു എന്ന് ഖേദത്തോടെ പറയേണ്ടിവരുന്നു. താൻ സന്നിഹിതനായിരിക്കുന്ന വേദിയിൽ ആരെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയം പറഞ്ഞാലും അതിനെ അവഗണിക്കാനുള്ള വിവേകം അദ്ദേഹം കാണിക്കേണ്ടിയിരുന്നു. ഈ രണ്ട് വ്യക്തികൾ തമ്മിലുള്ള താരതമ്യത്തിൽ ഡോ. ഹബീബിനു തന്നെയാണ് പ്രശംസ ലഭിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.