Friday
06 Dec 2019

താലിബാന്റെ ഭീഷണിമൂലം അഫ്ഗാനിസ്ഥാനിലെ റേഡിയോ നിലയം അടച്ചുപൂട്ടി, കാരണം കൗതുകകരം

By: Web Desk | Tuesday 16 July 2019 5:06 PM IST


കാബൂള്‍ : വനിതകളെ ജോലിക്കുവയ്ക്കാനാവില്ല, താലിബാന്റെ ഭീഷണിമൂലം അഫ്ഗാനിസ്ഥാനിലെ റേഡിയോ നിലയം അടച്ചുപൂട്ടുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പട്ടണത്തിലെ സമാ റേഡിയോ സ്‌റ്റേഷനാണ് പ്രദേശത്തെ താലിബാന്‍ കമാന്‍ഡറുടെ തുടര്‍ച്ചയായ ഭീഷണിയെത്തുടര്‍ന്ന് അടച്ചുപൂട്ടുന്നത്.ഗസ്‌നി പ്രോവിന്‍സിലെ നിരവധി ജില്ലകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താലിബാന്‍ ആണ്.

തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് സമാ റേഡിയോ സ്‌റ്റേഷന്റെ ഡയറക്ടര്‍ റമീസ് അസീമി പറഞ്ഞതതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ കോളുകള്‍ക്ക്
പുറമേ താലിബാന്‍ കമാന്‍ഡറുടെ ഭീഷണിക്കത്തുകളും ലഭിച്ചു. മാത്രമല്ല ചിലര്‍ വീട്ടില്‍ നേരിട്ടെത്തിയും ഭീഷനിപ്പെടുത്തിയതായി അസീമി അറിയിച്ചു.
റേഡിയോ നിലയത്തിലെ 16 ജീവനക്കാരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്നതാണ് താലിബാനെ ചൊടിപ്പിച്ചതെന്ന് അസീമി പറയുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസപരവും തൊഴില്‍ ചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് താലിബാന്‍ ആശയപരമായി എതിരാണ്. നാലുദിവസം മുന്നേ നിലയം അടച്ചുപൂട്ടിയതായി അസീമി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 2013 മുതല്‍ സംപ്രേഷണം നടത്തുന്ന സ്വകാര്യ റേഡിയോ സ്‌റ്റേഷന്‍ ആണ് സമാ.
എന്നാല്‍ സമാ റേഡിയോയെ തങ്ങള്‍ ഭീഷനിപ്പെടുത്തിയെന്ന ആരോപണം താലിബാന്‍ വക്താവായ സബീഹുള്ള മുജാഹിദ് നിഷേധിച്ചിട്ടുണ്ട്.

. പ്രതീകാത്മക ചിത്രം