മരിച്ച കവി
മഴക്കൊപ്പം വന്ന്
രാപ്പാതിയിൽ
തണുത്ത മുറിയിൽ
കസേരയിലിരിക്കുന്നു
ചിലത് ബാക്കിയുണ്ടെന്ന്
പിറുപിറുക്കുന്നു
പ്രകാശനത്തിന്
വാങ്ങി വായിക്കാതെ വച്ച
അവന്റെ ആദ്യ പുസ്തകം
അലങ്കോലമായ
അലമാരയിൽ
തിരയുന്നു
അക്ഷമനായി
അവൻ
കനപ്പെട്ട
പുസ്തകങ്ങൾക്കിടയിൽ
ഞെരുങ്ങിയ നിലയിൽ
ആദ്യസമാഹാരം
കണ്ടെടുക്കപ്പെടുന്നു
വായിക്കാതിരുന്ന
വല്ലായ്മയിൽ
അവനെ നോക്കാതെ
തിടുക്കത്തിൽ
താളുകൾ മറിക്കുന്നു
അപൂർണ്ണ മെന്ന
കവിത
എഴുതി വരുമ്പോഴാണോ
മരണമേ വിളിച്ചിറക്കുന്നത്
ഹൃദയത്തിൽ നിലവിളിക്കുന്ന വാക്കുകൾ
മൗനത്തിലേക്ക് പരിഭാഷപ്പെടുത്താൻ
സമയമുണ്ടാകുമോ …
താളു മറിക്കവേ
അപ്രതീക്ഷിതം
അവൻ
പുസ്തകം പിടിച്ചെടുത്ത്
അപ്രത്യക്ഷമാക്കുന്നു
പോണ പോക്കിൽ
വാതിൽക്കൽ നിന്ന്
ചിരിച്ച മുഖത്തോടവൻ
ഇത്രയും പറയുന്നു
മരിച്ചവന്റെ കവിത
ജീവിതമാണെടാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.