സമാന്തര സിനിമയിലെ ബലത്ത കരങ്ങളായിരുന്നു ശ്യാംബനഗിലിന്റേത്. ഇന്ത്യൻ സിനിമയിലെ ഗോപുര വിളക്ക്. സിനിമയിൽ കഥപറയുന്ന രീതിക്ക് വിപ്ലവകരമായപുതിയ മാതൃക സമ്മാനിക്കുകയും മായാമുദ്രപതിക്കുകയും ചെയ്ത സംവിധായകനാണ് ശ്യാം ബെനഗൽ. 1974 ൽ തന്റെ നാല്പതാം വയസിലാണ് ശ്യാം ബനഗൽ ആദ്യസിനിമയായ ‘അങ്കുർ’ നിർമ്മിക്കുന്നത്. തോട് പൊളിഞ്ഞു വിത്തിൽനിന്ന് മുളപൊട്ടുന്നതുപോലെ സമാന്തര സിനിമയ്ക്ക് പുതിയ മുകുളങ്ങൾ അന്ന് അവിടെ അങ്കുരിക്കുകയായിരുന്നു. ഓം പുരി, ശബന ആസ്മി, നസറുദ്ദീൻഷാ, സ്മിത പാട്ടീൽ, ഗിരീഷ് കർണാട് എന്നിങ്ങനെയുള്ള ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാക്കളെ സൃഷ്ടിച്ചതിൽ ശ്യാംബനഗൽ വഹിച്ച പങ്ക് വളരെ വലുതാണ്. അവർക്കെല്ലാം നിരവധി ബഹുമതികൾ വാങ്ങിക്കൊടുത്ത സംവിധായകരിൽ പ്രമുഖനും അദ്ദേഹം തന്നെ. 1974 ൽ അങ്കൂരിൽ തുടങ്ങിയ കലാസപര്യ അവസാനിച്ചത് 2023 ൽ മുജീബ് എന്ന ചിത്രത്തിലൂടെയാണ്. ദേശബന്ധു മുജീബുർ റഹ്മാന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ‘മുജീബ് ദ മേക്കിങ് ഓഫ് നേഷൻ’ എന്ന സിനിമ തന്റെ 89ാം വയസിൽ സംവിധാനം ചെയ്തുകൊണ്ട് തന്റെ ചലച്ചിത്ര സംവിധാന ജീവിതത്തിന് അദ്ദേഹം താൽക്കാലിക വിരാമമിട്ടു. പിന്നീട് ആരോഗ്യകാരണങ്ങളാൽ അദ്ദേഹത്തിന് പുതിയ സിനിമകൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. .
1934 ൽ സെക്കന്തരാബാദിലെ കൊങ്കിണിഭാഷ സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സംവിധായകനായിരുന്ന ഗുരുദത്ത് ഇദ്ദേഹത്തിന്റെ ബന്ധുവായിരുന്നു. ആ അടുപ്പം സിനിമയിലേക്ക് വരാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ ‘ഹൈദരാബാദ് ഫിലിം സൊസൈറ്റി’ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി. തന്റെ പഠനകാലത്ത് തന്നെ സാധാരണ ജനങ്ങളുടെ ജീവിതം മനസിലാക്കിയിരുന്ന അദ്ദേഹം ആ ജീവിതത്തെ താൻ പഠിച്ച കലയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകൾ സമാന്തര സിനിമകളായിരുന്നു. 70 കളും 80 കളും സമാന്തരസിനിമയുടെ പുഷ്കരകാലമായിരുന്നു. പിന്തള്ളപ്പെട്ടുപോയവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം കലയിലൂടെ ആവിഷ്കരിക്കണമെന്ന താല്പര്യം കലാകാരന്മാർക്ക് ഉണ്ടായിരുന്ന കാലം. യാഥാർത്ഥ്യബോധത്തോടെ കാമറയെ ബനഗൽ അവർക്ക് നേരെ പിടിച്ചു. അക്കാലത്ത് സിനിമ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ശക്തമായ മാധ്യമം കൂടിയായിരുന്നു. ശ്യാം ബനഗലിന്റെ സിനിമകൾ കണ്ടിറങ്ങുന്നവരുടെ മനസിൽ അവയിൽ അഭിനയിച്ച അഭിനേതാക്കളോ നായകനോ നായികയോ അല്ലായിരുന്നു നിലനിന്നത് മറിച്ച് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങൾ കാണികൾക്കൊപ്പം തിയേറ്ററിൽ നിന്ന് കൂടെയിറങ്ങിവന്നു.
ശ്യാം സുന്ദർ ബനഗൽ എന്ന ശ്യാം ബനഗൽ 24 സിനിമകൾ 45 ഡോക്യുമെന്ററികൾ 15 പരസ്യ ചിത്രങ്ങൾ എന്നിവ സംവിധാനം ചെയ്തയാളാണ്. സിനിമ സംവിധായകൻ്റെ കലയാണെങ്കിലും കൂട്ടായ്മയിലൂടെ മികവ് സൃഷ്ടിക്കാൻ ശ്യാം ബനഗൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് 18 ദേശീയ അവാർഡുകൾ ഫിലിം ഫെയർ അവാർഡ്, 2005ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന ഇന്ത്യയിലെ പരമോന്നത സിനിമാ പുരസ്കാരം എല്ലാം അദ്ദേഹത്തെ തേടി വന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യത്തെ ജനകീയ സിനിമ നിർമ്മിച്ചതും അദ്ദേഹം തന്നെ. ജനങ്ങളിൽനിന്ന് പണം പിരിച്ചെടുത്ത് ചെയ്ത സിനിമയാണ് മന്ഥൻ. 5 ലക്ഷം പാവപ്പെട്ട പാലുൽപാദകരായ കർഷകരിൽ നിന്ന് രണ്ട് രൂപ വീതം ശേഖരിച്ച് അദ്ദേഹവും ധവള വിപ്ലവത്തിന്റെ ശില്പിയായ വർഗീസ് കുര്യനും ചേർന്ന് അമൂലിന്റെ വിജയഗാഥ പറയാനായി എടുത്ത സിനിമയാണ് മന്ഥൻ. ഓപ്പറേഷൻ ഫ്ലഡ് എന്ന ധവള വിപ്ലവത്തിൻറെ വിജയം പ്രചരിപ്പിക്കാൻ പരസ്യങ്ങൾക്ക് പകരം ഒരു സിനിമ തന്നെയാണ് രണ്ടു പ്രതിഭാശാലികളും ചേർന്ന് ആലോചിച്ചത്. അങ്ങനെയാണ് മന്ഥൻ നിർമ്മിക്കപ്പെടുന്നത്. കള്ളപ്പണത്തിന്റെയും കാപട്യങ്ങളുടെയും പേരിൽ കുപ്രസിദ്ധമായ സിനിമ മേഖലയിൽ സാധാരണ മനുഷ്യൻെറ വേർപ്പൊഴുക്കിയെടുത്ത പണം മുതൽമുടക്കായി മാറ്റിയ സിനിമയാണ് മന്ഥൻ. വർഗീസ് കുര്യന്റെ ഒരു രീതിയായിരുന്നു ഒരു പദ്ധതി നടപ്പാക്കാൻ പറ്റിയ ആളെ കണ്ടെത്തിയാൽ അയാൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുക എന്നത്. അങ്ങനെയാണ് ബനഗലിലേക്ക് ഈ സിനിമയുടെ സംവിധാന ദൗത്യം എത്തിച്ചേർന്നത്. ഗുജറാത്തിലെ പാലുൽപാദകരുടെ ഗ്രാമങ്ങളിൽ താമസിച്ചു വിജയ് ടെൻ്റുൽക്കർ ആണ് തിരക്കഥ തയ്യാറാക്കിയത്. 9 മാസത്തെ ഷൂട്ടിങ്ങിന് സ്മിതാ പാട്ടീലും കിരീഷ് കർണാടും നസറുദ്ദീൻ ഷായും അമരീഷ് പുരിയും എല്ലാം എത്തിച്ചേർന്നു. 1976 ൽ പുറത്തുവന്ന മന്ദൻ സമാന്തര ചലച്ചിത്ര രചനയുടെ പുത്തൻ മാതൃകയായി മാറുകയും നിരവധി ദേശീയ പുരസ്കാരങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. അടുത്തിടെ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ പുതിയ പ്രകാരഭേദം ഡിജിറ്റൽ രീതിയിൽ അവതരിപ്പിക്കുകയുമുണ്ടായി. അതും സിനിമ ഇന്ത്യൻ സിനിമയ്ക്കുള്ള വലിയ അംഗീകാരം തന്നെ.
ശ്യാം ബനഗൽ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പ്രാമാണികത്വം നിറഞ്ഞ ഇന്ത്യൻ കുടുംബ ജീവിതശൈലിയിൽ നിന്ന് വ്യതിചലിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അദ്ദേഹത്തിൻ്റെ സിനിമകൾ സ്ത്രീകളെ പ്രേരിപ്പിക്കുന്നവയായിരുന്നു. തലയെടുപ്പുള്ള, ഗ്ലാമറിൽ വിശ്വസിക്കാത്ത സ്ത്രീകഥാപാത്രങ്ങൾ അദ്ദേഹത്തിൻ്റെ സിനിമകളിൽകൂടി വെളിച്ചത്തു വന്നു. സ്ത്രീകളുടെ വിവിധങ്ങളായ ശേഷികളെയും ചിന്തകളെയും പുറത്തുവിടുന്ന സ്ത്രീപക്ഷ നിലപാടുകൾ കൂട്ടിപ്പിടിച്ചു കൊണ്ടുള്ള ആശയങ്ങൾ ആയിരുന്നു ശ്യാംബനകൾ കാണികളുമായി സംവദിച്ചത്. മുഖ്യധാരാ സിനിമകൾ സാമൂഹിക വിഷയങ്ങൾ പങ്കുവെക്കാൻ മടി കാണിച്ചപ്പോൾ അദ്ദേഹത്തിൻ്റെ സിനിമകൾ അവ പുറത്തു പറയാൻ മടിച്ചില്ല. ജാതി മത സംവിധാനങ്ങൾ രാഷ്ട്രീയം യഥാർത്ഥ ജീവിതം ഗ്രാമീണ ജീവിതം എല്ലാം ഓരോ സിനിമകളുടെയും മുഖമുദ്രയായിരുന്നു.
ഇന്ത്യൻ ജീവിതത്തിൻ്റെ രാഷ്ട്രീയ സ്വപ്നങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും പരമാവധി ചർച്ച ചെയ്തിരുന്നു അദ്ദേഹത്തിൻറെ സിനിമകൾ.
53 എപ്പിസോഡുകളിലായി തയ്യാറാക്കിയ “ഭാരത് ഏക്ക് ഖോജ് “ എന്ന ചിത്രം നെഹ്റുവുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായി നിർമ്മിക്കപ്പെട്ടതാണ്. “ഇന്ത്യയെ കണ്ടെത്തൽ” എന്ന മഹത്തായ പുസ്തകത്തിന്റെ താളുകളിൽ വിരിഞ്ഞ ആശയങ്ങളാണ് ശ്യാംബനഗലിനെക്കൊണ്ട് അങ്ങനെയൊരു ചിത്രം എടുപ്പിച്ചത്. അതിന് പ്രേരണയായത്. 1950 തൻ്റെ കോളജിലെ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ വന്ന നെഹ്റുവിൻ്റെ സംസാരമായിരുന്നു ആ വലിയ പ്രേരണ. അന്ന് അവിടെ വിദ്യാർത്ഥിയായിരുന്നു ബനഗൽ. ആ സംഭാഷണത്തിന്റെ മാസ്മരികത ആയിരുന്നു പിന്നീട് ബനഗലിൽ ചിത്രമെടുക്കാൻ താല്പര്യം തീർത്തത്. കലയുടെ സൗന്ദര്യം തിരിച്ചറിഞ്ഞ ഇന്ദിരാഗാന്ധിയെയും ബനഗൽ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇന്ദിരയുടെ, കലകൾ ആസ്വദിക്കാനുള്ള ശേഷിയെ അദ്ദേഹം ആരാധനയോടെ കണ്ടിരുന്നു. എന്നാൽ അടിയന്തരാവസ്ഥയെ ബനഗൽ പൂർണ്ണമായും എതിർത്തു. രാഷ്ട്രീയമായി എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ബനഗലിന്റെ ഒരു സിനിമ പുറത്തിറങ്ങാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചപ്പോൾ ഇന്ദിരാഗാന്ധി പ്രത്യേകിച്ച് ഒരു പ്രദർശനം തന്നെ ആ സിനിമയ്ക്ക് വേണ്ടി വെക്കുകയും കണ്ട ശേഷം നിരോധനം പിൻവലിക്കണമെന്ന് സെൻസർ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തത് ചരിത്രത്തിൻ്റെ ഭാഗമാണ്. രാജ്യത്തിൻറെ പാരമ്പര്യത്തെയും കലകളെയും സംസ്കാരത്തെയും തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു ശ്യാം ബനഗൽ. അദ്ദേഹത്തിൻറെ സിനിമകൾ കാലാതിവർത്തിയായി നിലനിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.