9 July 2025, Wednesday
KSFE Galaxy Chits Banner 2

സമകാലനോവലും പുതുകാലവായനയും

ഷാഹിർ കെ എസ്
June 29, 2025 7:50 am

മകാലികമായ 15 മലയാള നോവലുകളുടെ സമഗ്ര പഠനത്തിലൂടെ വായനയുടെ ഒരു പുതിയ ലോകം തുറന്നു തരുന്ന പഠനഗ്രന്ഥമാണ് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രേഖ ആര്‍ താങ്കളുടെ ‘ഉൾക്കാട്ടിലെ ചന്ദനമരങ്ങൾ,’ ആസ്വാദനത്തിനപ്പുറം
നോവൽവായന ബാക്കിയാക്കുന്ന ചിന്തകളും രാഷ്ട്രീയ നൈതിക ഉത്ക്കണ്ഠകളുമാണ് രേഖയിതിൽ പങ്കുവയ്ക്കുന്നത്. സമകാലികമലയാളത്തിൽ പുതിയ പെൺപക്ഷം സൃഷ്ടിക്കുന്നതിനുപിന്നിലുള്ള അമ്മമാരുടെ സ്വാധീനം നോവലിൽ എത്രത്തോളം പ്രകടമാണെന്നും സൈബറെഴുത്തിലെ ആഖ്യാനകൗതുകങ്ങളും രണ്ടു ലേഖനങ്ങളായി നോവൽ പഠനങ്ങളുടെ അവസാനം ചേർത്തിട്ടുണ്ട്. തുടക്കക്കാരിയുടെ സംഭ്രമം എഴുത്തിലോ അവതരണത്തിലോ വായിച്ചെടുക്കാൻ കഴിയാത്തവിധം തികഞ്ഞ കയ്യടക്കവും ഭാഷാപ്രാവീണ്യവും നിലപാടുകളുടെ ആർജവവും ഓരോ പഠനത്തിനുമുണ്ട്. പാശ്ചാത്യ പൗരസ്ത്യനിരൂപണ മാനദണ്ഡങ്ങളെയോ അതിന്റെ സാങ്കേതിക പദാവലികളെയോ ആശ്രയിക്കാതെ സാഹിത്യ നിരൂപണം സാധ്യമാണെന്ന് പറയാനും കൂടിയാണ് രേഖ നോവൽ പഠനത്തിൽ കൈവെക്കുന്നതെന്ന് തോന്നും. ഭാഷാ വിദ്യാർത്ഥികൾക്ക് ബിരുദബിരുദാനന്തരതലത്തിലും ഗവേഷണത്തിലും ഉപയോഗയോഗ്യമാക്കാവുന്നതാണ് ഈ പുസ്തകം. നോവലിന്റെ ഇതിവൃത്തത്തെ ആഴത്തിൽ പഠിച്ച് വായനക്കാരന് പുതിയൊരു നോവൽ വായന സാധ്യമാക്കുകയും ചെയ്യുന്നു. നിരൂപകയുടെ പദസമ്പത്തും അനന്യമായ പ്രയോഗവൈഭവവും ഗ്രന്ഥത്തിന്റെ ആദ്യന്തം അനുഭവിച്ചറിയാം. നോവലിലെ രാഷ്ട്രീയ നിലപാടുകളെയും പാരിസ്ഥിതിക ശരികളെയും നിരൂപക തുറന്നുകാട്ടുന്നു. കപട സദാചാരത്തെ വിമർശന വിധേയമാക്കുന്നു. സത്യാനന്തരകാല സമൂഹത്തിന്റെ ഭാവുകത്വത്തിനും ജീവിതക്രമത്തിനും ഭാവനാലോകത്തിനും യോജിക്കാത്ത കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നു. ഫിക്ഷനെഴുത്തിലെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു. 

‘സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന ‘എന്ന സുന്ദരമായ തലക്കെട്ടുള്ള ആദ്യ പഠനം സി രാധാകൃഷ്ണന്റെ കാലം കാത്തുവയ്ക്കുന്നത് എന്ന നോവലിന്റെതാണ്. ആധുനികലോകം നേരിടുന്ന യുദ്ധ ഭീഷണി ഉൾപ്പെടെയുള്ള ഭീതികളെയും ജീവിവംശത്തിന്റെ വിനാശത്തിനായി ശാസ്ത്രനേട്ടങ്ങളെ ഉപയോഗിക്കുന്നതിലെ ദുരന്ത ബോധത്തെയും ഈ പഠനത്തിൽ എടുത്തുകാട്ടുന്നു. സർഗാത്മക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എം മുകുന്ദന്റെ നിലപാടുകളെ പഠനവിധേയമാക്കുന്നതാണ് നിങ്ങളെന്ന നോവലിന്റെ പഠനം. സാന്താൾ ഗോത്രവർഗ ജീവിതം ആവിഷ്കരിച്ച സാറ ജോസഫിന്റെ ബുധിനിയുടെ പഠനമാണ് തടവിലാക്കപ്പെടുന്ന ആദിഭൂതങ്ങൾ. ബംഗാൾ മുതൽ ജാർഖണ്ഡ് വരെ വ്യാപിച്ചുകിടക്കുന്ന ഭൂമിശാസ്ത്ര ഭൂമികയെ തന്റെ അക്ഷരജാലം കൊണ്ട് നോവലിന്റെ ആന്തരിക സ്ഥലമായി പരിവർത്തിപ്പിക്കുന്ന സാറ ജോസഫിന്റെ രചനാ തന്ത്രം ഇതിൽ വിശകലനവിധേയമാകുന്നു. എക്കോഫെമിനിസ്റ്റ് നിലപാടിലുള്ള ഈ നോവലിന്റെ പ്രസക്തിയും ഇരകൾക്കൊപ്പം നിൽക്കുന്ന എഴുത്തിന്റെ നൈതികതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. പെൺമയുടെ പെരുക്കങ്ങളെ അല്പവും മുഴക്കമില്ലാതെ ഉള്ളിലേറ്റുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയുടെ പഠനമാണ് അറ്റു വീണതിന്റെ അവസാനപിടപ്പ്. വയനാടിന്റെ പശ്ചാത്തലത്തിൽ ഷീലടോമി എഴുതിയ വല്ലിയുടെ പഠനമാണ് വയൽനാടിന്റെ വനഗാഥ. സൗന്ദര്യശാസ്ത്രത്തിന്റെയും പരിസ്ഥിതിപഠനത്തിന്റെയും അടിസ്ഥാനത്തിൽ ഷീലടോമിയുടെ സർഗാത്മക ജനിതകഘടന നോവലിൽ നിന്ന് രേഖ കണ്ടെത്തുന്നു. ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തീവണ്ടി എന്ന പഠനം പേര് സൂചിപ്പിക്കുന്നതുപോലെ വി ഷിനിലാലിന്റെ സമ്പർക്കക്രാന്തിയുടെതാണ്. രേഖ യുടെ നിരൂപണഗ്രന്ഥത്തിലെ ഏറെ ദൈർഘ്യമുള്ള ഈ പഠനം ആഴത്തിലുള്ള വായന അർഹിക്കുന്നതാണ്. സമകാല സമൂഹത്തിലെ വർഗ്ഗവർണ്ണരാഷ്ട്രീയവെറികളെ മൂന്നുദിനം കൊണ്ട് അടയാളപ്പെടുത്താൻ നോവലിനു കഴിഞ്ഞിരിക്കുന്നുവെന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നു. 2024ലെ കേരള സാഹിത്യഅക്കാദമി അവാർഡിനർഹമായ ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിന്റെ പഠനമാണ് കത്തിയെരിയുന്ന മനുഷ്യാവകാശങ്ങൾ. കുർദ് ജനതയ്ക്ക് മേൽ ടർക്കി, സിറിയ ഭരണകൂടങ്ങൾ നടത്തുന്ന വേട്ടയാടലിന്റെ ആവിഷ്കാരം ലോകത്തെവിടെയുമുള്ള നിസ്സഹായരായ മനുഷ്യർക്ക് മേലുള്ള ഭരണകൂടഭീകരതയായി ഹരിത പരിവർത്തിപ്പിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തുന്നു. കെ ആർ മീരയുടെ ഘാതകൻ, വി ജെ ജയംസിന്റെ നിരീശ്വരൻ, അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, ടി ഡി രാമകൃഷ്ണന്റെ അന്ധർബധിരർ മൂകർ, ടിപി ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ, ആർ രാജ്യശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത്, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്നീ നോവലുകളും ഈ പുസ്തകത്തിൽ പഠനവിധേയമാകുന്നു. 

ഉൾക്കാട്ടിലെ ചന്ദനമരങ്ങൾ
(പഠനം)
രേഖ ആര്‍ താങ്കള്‍
പൂർണ്ണ പബ്ലിക്കേഷൻ
വില: 300 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.