19 April 2024, Friday

Related news

January 14, 2024
October 6, 2023
July 1, 2023
May 3, 2023
May 3, 2023
January 23, 2023
January 9, 2023
December 6, 2022
November 11, 2022
November 5, 2022

സമസ്തയും മുജാഹിദുകളും തുറന്ന പോരില്‍; പ്രതിസന്ധിയില്‍ ലീഗ്

കെ കെ ജയേഷ്
കോഴിക്കോട്
January 9, 2023 8:13 pm

സമസ്ത ഇ കെ വിഭാഗവും മുജാഹിദുകളും തമ്മിലുള്ള എതിർപ്പ് പരസ്യപോരാട്ടത്തിലേക്ക് വഴിമാറിയതോടെ തീർത്തും പ്രതിസന്ധിയിലായി മുസ്ലീം ലീഗ്. ആർക്കൊപ്പം നിന്നാലും മറുവിഭാഗം എതിരാവുമെന്നതുകൊണ്ട് തന്നെ വിഷയത്തിൽ പരമാവധി മൗനം പാലിക്കാനാണ് ലീഗ് തീരുമാനം. 

നേരത്തെ തന്നെ ആശയപരമായി ഇരുസംഘടനകളും വ്യത്യസ്ത നിലപാടുകളാണ് പിന്തുടർന്നിരുന്നതെങ്കിലും അടുത്തിടെ കോഴിക്കോട്ട് ചേർന്ന മുജാഹിദ് സമ്മേളനത്തിന് ശേഷമാണ് എതിർപ്പ് പൂർണമായി മറനീക്കി പുറത്തുവന്നിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തിൽ സമസ്തയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടി നൽകാൻ സമസ്തയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന ആദർശ സമ്മേളനത്തിൽ മുജാഹിദ് നിലപാടുകളെ രൂക്ഷമായ ഭാഷയിലാണ് നേതാക്കൾ വിമർശിച്ചത്. 

തീവ്രവാദ സംഘടനകളിലേക്ക് ആളുകൾ കടന്നു ചെല്ലാൻ മുജാഹിദ് സംഘടനകൾ വഴിതെളിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ മുജാഹിദിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നവീനവാദികളെന്ന് വിശേഷിപ്പിക്കുന്നവർ ഹദീസ് നിഷേധ ആശയങ്ങളെ പിന്തുർന്നുവരുന്നത് മതനിരാസത്തിലേക്ക് എത്തിക്കുമെന്ന് ആദർശ സമ്മേളനം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദ് മുന്നേറ്റമെന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് മുജാഹിദ് നേതൃത്വം. മൂന്നുമാസത്തോളം നീളുന്ന സുന്നി വിരുദ്ധ ക്യാമ്പയിനിലൂടെ സുന്നി മതപണ്ഡിതർ നടത്തുന്ന ആത്മീയ ചൂഷണങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

പല ലീഗ് നേതാക്കളും പ്രവർത്തകരും സമസ്തയ്ക്കും മുജാഹിദ് പ്രസ്ഥാനത്തിനും ഒപ്പം നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന ഏറ്റുമുട്ടലിൽ ആർക്കുമൊപ്പം നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് ലീഗ് നേതൃത്വത്തിനുള്ളത്. മുജാഹിദ് സമ്മേളനത്തിൽ സുന്നിവിരുദ്ധ നീക്കങ്ങളുണ്ടാവുമെന്ന കണക്കുകൂട്ടലില്‍ സമസ്തയുടെ ഭാഗമായ മുസ്ലീം ലീഗ് നേതാക്കൾക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ സമസ്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളുമെല്ലാം മുജാഹിദ് പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.ഈ പിന്മാറ്റം ലീഗും ആശ്വാസമായി കണ്ടിരുന്നു. 

പാണക്കാട് കുടുംബത്തിൽ നിന്നുള്ളവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തതുകൊണ്ട് സമസ്തയുടെ എതിർപ്പ് കുറയുമെന്നായിരുന്നു ലീഗ് പ്രതീക്ഷ. എന്നാൽ മുജാഹിദ് നേതാക്കൾ കടുത്ത വിമർശനങ്ങളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മാറിക്കഴിഞ്ഞു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തത് സമസ്തയിൽ ലീഗിനെതിരെ പ്രതിഷേധം ശക്തമാക്കുന്ന സ്ഥിതിയാണുള്ളത്. സമ്മേളനത്തിൽ ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള ഉൾപ്പെടെ പങ്കെടുത്തതും സമസ്ത വലിയ ചർച്ചയായി ഉയർത്തിക്കൊണ്ടുവന്നിരുന്നു.

ഇതേസമയം മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന പാണക്കാട് കുടുംബാംഗങ്ങളായ ലീഗ് നേതാക്കൾ സമസ്തയുടെ ആദർശ സമ്മേളനത്തിൽ പങ്കെടുത്തതിൽ മുജാഹിദ് വിഭാഗത്തിന് വലിയ പ്രതിഷേധമുണ്ട്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് വിളിച്ചിരുന്നെങ്കിലും പങ്കെടുക്കാതിരുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ആദർശ സമ്മേളനവേദിയിലെത്തിയിരുന്നു. മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയിൽ ലീഗ് നേതാക്കള്‍ പങ്കെടുത്തത് അംഗീകരിക്കാനാവില്ലെന്നും നേതൃത്വം നിലപാടെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Samas­ta and Mujahideen in open bat­tle; League in crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.