മുസ്‌ലിം സ്ത്രീകള്‍ വീട്ടിലിരുന്നു പ്രാര്‍ഥിച്ചാല്‍ മതി; വിവാദ നിലപാടുമായി സമസ്ത

Web Desk
Posted on April 16, 2019, 3:33 pm

മലപ്പുറം: മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തോട് എതിരാണെന്നും സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വീടാണ് ഉത്തമമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസല്യാര്‍. പള്ളികളിലെ സ്ത്രീപ്രവേശം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രിം കോടതിയില്‍നിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിശ്വാസകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം. അതില്‍ കോടതി ഇടപെടുന്നത് ശരിയല്ല. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ഇതുതന്നെയാണ് നിലപാട്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ വ്യക്തിനിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിമായാലും വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാന്‍ അനുമതി വേണെമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുസ്ലിം പളളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയച്ചു. ശബരിമല യുവതീപ്രവേശനവിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ തുല്യത അവകാശപ്പെടാന്‍ കഴിയുമോയെന്ന് പരിശോധിക്കാനും തീരുമാനിച്ചു.