Janayugom Online
Vegetable price increase- Janayugom

സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

Web Desk
Posted on August 07, 2018, 10:06 pm

തിരുവനന്തപുരം: ദേശീയ പോഷകാഹാര മിഷന്‍ പോഷണ്‍ അഭിയാന്റെ ഭാഗമായ സമ്പുഷ്ട കേരളം അടുത്ത വര്‍ഷത്തോടെ കേരളം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സമ്പുഷ്ട കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എല്ലാ രജിസ്റ്ററുകളും നിര്‍ത്തലാക്കും. മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സമൂഹ മാധ്യമ പ്രചാരണ പരിപാടി സമ്പുഷ്ട കേരളം പദ്ധതിയില്‍ വ്യാപിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. പൂജ്യം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മയും പോഷണക്കുറവും (തൂക്കക്കുറവ്) വര്‍ഷത്തില്‍ രണ്ട് ശതമാനം വീതം ആറ് ശതമാനം തടയുകയും കുറയ്ക്കുകയും ചെയ്യുക, ആറ് മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ മൂന്ന് ശതമാനം വീതം ഒമ്പത് ശതമാനം കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കാരിലും വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ മൂന്ന് വീതം ഒമ്പത് ശതമാനം കുറയ്ക്കുക, ജനനതൂക്കക്കുറവ് വര്‍ഷത്തില്‍ രണ്ട് ശതമാനം വീതം ആറ് ശതമാനം കുറയ്ക്കുക എന്നിവയാണ് പോഷണ്‍ അഭിയാന്റെ ലക്ഷ്യങ്ങള്‍. ഇതിനുപുറമെ രണ്ടു ലക്ഷ്യങ്ങള്‍കൂടി കേരളത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3 ശതമാനത്തില്‍ നിന്നും 65 ആയി വര്‍ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും നാല് ശതമാനം കുറയ്ക്കുക എന്നിവയാണവ. മുലയൂട്ടല്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇതില്‍ ആദ്യത്തെ ലക്ഷ്യം പൂര്‍ണമായും രണ്ടാമത്തേത് ഭാഗികമായും നേടിയെടുക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്‍.
സംസ്ഥാന സര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പ് രൂപീകരിച്ചശേഷം ആദ്യമായി നടത്തിയ മുലയൂട്ടല്‍ വാരാചരണം സമൂഹമാധ്യമങ്ങളുടെ ശക്തമായ ഇടപെടലില്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ വരെയെത്തിയതായാണ് വിലയിരുത്തല്‍. 10 ലക്ഷം പേരിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍മീഡിയ ക്യാംപയിന്‍ ആരംഭിച്ചത്. 71,500ത്തോളം വരുന്ന അങ്കണവാടി ജീവനക്കാരിലൂടെയാണ് സന്ദേശം എത്തിച്ചത്. നാണിയമ്മ എന്ന കഥാപാത്രം, ആദ്യാമൃതം എന്ന മുദ്രാവാക്യം എന്നിവ ഉപയോഗിച്ച് പ്രധാനമായും വാട്‌സ് ആപ്പിലൂടെ സര്‍ക്കാര്‍ നടത്തിയ സമൂഹമാധ്യമ പ്രചരണത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഇതിന് പിന്തുണയായി വാര്‍ഡ് തലം വരെ അവബോധ ക്ലാസുകള്‍, ശില്പശാലകള്‍, ആരോഗ്യമുള്ള കുഞ്ഞ് അടക്കമുള്ള നിരവധി മത്സരങ്ങള്‍, കൗണ്‍സലിംഗ്, പ്രശ്‌നോത്തരികള്‍ എന്നിവ നടത്തിയിരുന്നു. റയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ വാരാചരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു. സമാപന ചടങ്ങുകള്‍ ഇന്നലെ ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ചു.