സ്വയം സമരം ചെയ്യുന്ന കവിതകള്‍

Web Desk
Posted on May 05, 2018, 7:53 pm

എന്‍ പി മുരളീകൃഷ്ണന്‍

എഴുത്തിന് ആത്മബലി നല്‍കുന്ന അവസ്ഥയാണ് പലപ്പോഴും പ്രവാസ സാഹിത്യത്തിന് സംഭവിക്കുന്നത്. ജന്മദേശത്തെ പ്രവാസിയാണ് കവി. നമ്മുടെ സാഹിത്യത്തിലും കലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് ഒരു പക്ഷേ പ്രവാസ സാഹിത്യമായിരിക്കും. ബെന്യാമിന്റെ ആടുജീവിതവും അത്തരത്തിലുള്ള നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത മഹത്തായ സാഹിത്യശില്‍പമായി ഉയര്‍ന്നുനില്‍ക്കുന്നു.
വര്‍ത്തമാനകാലത്തിന്റെ മരവിപ്പുകളാണ് അരുണ്‍ദാസ് എന്ന കവിയുടെ കനലെഴുത്തുകള്‍. അഭയാര്‍ഥികളുടെ നൊമ്പരക്കാഴ്ചകളെ, ക്രൂരത നിറഞ്ഞ ചെയ്തികളെ കരളലിയിക്കുന്ന വിധത്തില്‍ അരുണ്‍ ദാസ് കാലികപ്രസക്തിയോടെ പറഞ്ഞുവയ്ക്കുന്നു.
”ഇനിയും ഈ നിശബ്ദത
അപകടകരമാണ്
ആത്മാവുളള ഒരു വാക്ക്
സ്‌നേഹത്തിന്റെ ഒരു വാക്ക്
ക്രോധത്തിന്റെ ഒരു വാക്ക്
ഈ ലോകം നശിക്കുമെന്ന്
വിളംബരപ്പെടുത്തുന്ന
ഒരു കരച്ചിലെങ്കിലും മതി”

അരക്ഷിതമായ ഇടങ്ങളില്‍ സങ്കീര്‍ണതകളുടെയും കൂട്ടംതെറ്റലുകളുടെയും മധ്യത്തില്‍ കവി തുഴ ചലിപ്പിക്കുന്നത് പ്രതിഷേധത്തോടെയാണ്. പ്രശ്‌നപരിഹാരത്തിന് ശബ്ദമുയര്‍ത്തുകയും അധിനിവേശങ്ങളുടെ തേരോട്ടങ്ങളില്‍ നിന്ന് പിന്‍തിരിയുവാനും കവി ഉച്ചത്തില്‍ ഒരു പുതിയ കൂടുതേടുകയുമാണ്.
സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നതില്‍ സാഹിത്യത്തിന് ഏറെ പങ്കുണ്ട്. സ്‌നേഹവും വിശ്വാസവും കൈമോശം വന്ന ജനതയ്ക്ക് മേല്‍ പരിശുദ്ധമായ മെഴുകുതിരി കത്തിക്കുകയാണ് കവി. മകളുടെ വേര്‍പാടില്‍ വിതുമ്പിപോകുന്ന അച്ഛനെയും പ്രാണന്റെ തികവിലേയ്ക്ക് നടന്നടുക്കുന്ന മരണമെന്ന നേര്‍സത്യത്തേയും നിലപാടുകളിലൂടെ അഴിമതിക്കെതിരെ പോരാടുന്ന സഖാവ് വി എസിനേയും മയില്‍പ്പീലിയേയും മഞ്ചാടിമുത്തുകളേയും ഓമനിക്കുന്ന ശലഭബാല്യത്തെയും ആത്മീയവേഷങ്ങളെ മറയായി ദുരുപയോഗം ചെയ്യുന്ന കപടപുരോഹിതരേയും നേരിനെ ഇരുട്ടറയില്‍ തള്ളി സംവാദപരമ്പരകള്‍ നടത്തുന്ന അന്തിചര്‍ച്ചകളേയും തിരയോടു മല്ലടിക്കുന്ന ജീവിതതാളത്തെയും പുത്തന്‍ സുഖങ്ങളില്‍ രമിക്കുന്ന ആധുനിക തലമുറയേയും പൊയ്മുഖം തീര്‍ത്ത് ചരിക്കുന്ന നവലോകത്തേയും അരുണ്‍ ദാസ് ഗൗരവമായി ചര്‍ച്ച ചെയ്യുന്നു.
തികട്ടിവരുന്ന ഓര്‍മകളും ഓര്‍മകളെ തിന്നുന്ന വര്‍ത്തമാന കാലവും അരുണ്‍ദാസിനെ എഴുതാതിരിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിക്കുന്നു. തിക്കും തിരക്കും നിറഞ്ഞ മുള്‍പ്പാതയാണ് മുന്നില്‍, ധനവും പദവിയും മാനവും നിശ്ചയിക്കുന്നതരത്തിലേയ്ക്ക് മാറ്റപ്പെടണം എന്ന ധ്വനി അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ ഇതിനെ ഭേദിച്ചുകൊണ്ട് ഉത്തമശീലങ്ങളുടെ ദൗത്യം ഏറ്റെടുക്കാന്‍ അരുണ്‍ദാസിലെ കവിക്ക് കഴിയുന്നു. സ്‌നേഹത്തിന്റെ ചങ്ങലക്കണ്ണികളെ വെട്ടിമാറ്റുന്നവരോട് നട്ടെല്ലുയര്‍ത്തി ‘അരുത്’ എന്ന് പറയാനുള്ള ആര്‍ജവം കനലെഴുത്തുകളില്‍ കനലായി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. തീരത്തെ വലയെ പതാകയാക്കിക്കൊണ്ട് മുദ്രാവാക്യം മുഴക്കി ഈ കവി വേറിട്ടു നില്‍ക്കുന്നു. ശരിയായ ദിശയിലേയ്ക്ക് പദയാത്ര നടത്തുന്നു.
ഇതെഴുതുമ്പോള്‍ കവിതയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയും ദുസഹമാകുന്ന ജീവിതപരിസരങ്ങളും തുറന്നുപറയാതെ വയ്യ, ക്രിയാത്മകമായ ഇടപെടലുകളിലേയ്ക്ക് കവികള്‍ കാതുകൂര്‍പ്പിക്കണം. ചുറ്റുപാടുകളില്‍ ഇരുട്ടുപരക്കുമ്പോള്‍ അക്ഷരവെളിച്ചം കൊളുത്തി പ്രകാശത്തെ പ്രസരിപ്പിക്കണം. ലോകനന്മയ്ക്കുവേണ്ടി കവിതയെ ഉപയോഗപ്പെടുത്തണം. ചുരുക്കത്തില്‍ അരുണ്‍ദാസ് അനുഷ്ഠിക്കുന്ന കാവ്യതപസ് സാമൂഹിക പ്രസക്തിയുള്ള ധാര്‍മികതയുടെ ചിറകൊച്ചകളായി കാറ്റില്‍ പാറിനടക്കുന്നു എന്നു കാണുമ്പോള്‍ മിന്നാമിനുങ്ങിന്റെ കുഞ്ഞുസന്തോഷം എന്റെ ഉള്ളിലും നിറഞ്ഞുതൂവുന്നു. കനലെഴുത്തുകളുടെ കനലിനെ ഊതിക്കത്തിക്കേണ്ട ബാധ്യത ഇനി വായനയുടെ പക്ഷത്താണ്. പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍, എന്തെഴുതണം എന്ന് കല്‍പിക്കുന്നവര്‍, യഥേഷ്ടം വായിക്കുക.

കനലെഴുത്തുകള്‍ (കവിത)
അരുണ്‍ദാസ്
ബുക്ക് കഫേ,
തിരുവനന്തപുരം
വില: 60 രൂപ