August 12, 2022 Friday

യാത്ര ചരിത്രം ചലച്ചിത്രം

Janayugom Webdesk
February 2, 2020 5:00 am

സന്തോഷ് ജോര്‍ജ് കുളങ്ങര — ഈ പേര് മലയാളി കേട്ടുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. യാത്രകള്‍ ദൃശ്യവല്‍ക്കരിച്ച്, മലയാളിക്ക് പുതിയൊരു ദൃശ്യാനുഭവവും ആസ്വാദന രീതിയും ശീലമാക്കിയെടുത്തതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. 120ല്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, ഇപ്പോള്‍ ഭൂമിയുടെ അതിര്‍ത്തി മറികടന്ന് ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി നില്‍ക്കുന്നു ‘സഞ്ചാരം.’ കുട്ടിക്കാലത്ത് യാത്രക്കൊരുങ്ങുമ്പോള്‍ അനുഭവങ്ങള്‍ കുറിച്ചുവയ്ക്കാന്‍ അച്ഛന്‍ നല്‍കിയിരുന്ന നോട്ടുബുക്കിലാണ് തുടക്കം. അതൊരു വലിയ സന്ദേശമായി മനസ്സിലുള്‍ച്ചേര്‍ന്നു. ഒരാളുടെ യാത്രകള്‍ ഈ കാലഘട്ടത്തിനോ, തലമുറയ്ക്കോ വേണ്ടി മാത്രമല്ല, വരാനിരിക്കുന്ന തലമുറയ്ക്കുകൂടിയാണെന്ന സന്ദേശമായിരുന്നു അതിലടങ്ങിയിരുന്നത്. പിന്നിട്ട യാത്രാപഥങ്ങളെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച്, മലയാളിയുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച്, ‘സഞ്ചാരം’ പകര്‍ന്നു നല്‍കിയ അറിവുകളെക്കുറിച്ചെല്ലാം സന്തോഷ് ജോര്‍ജ് കുളങ്ങര മനസ് തുറക്കുന്നു.….

പ്രചോദനം

കുട്ടിക്കാലത്ത് യാത്ര ചെയ്യുമ്പോൾ അച്ഛൻ എനിക്ക് ഒരു നോട്ടുബുക്ക് തരുമായിരുന്നു. ഇത് വലിയ ഒരു സന്ദേശം ആണ് നല്‍കിയത്. യാത്ര എന്നത് തകർത്ത് ആഘോഷിക്കാൻ ഉളള ഒരു കാര്യമാണ് എന്ന ചിന്ത തോന്നിയിട്ടേ ഇല്ല. എന്റെ യാത്രകൾ ഈ കാലഘട്ടത്തിനോ തലമുറയ്ക്കോ വേണ്ടി മാത്രമല്ല. ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് കൂടി പ്രയോജനപ്പെടണം. ഒരായിരം വർഷം കഴിഞ്ഞ് ഈ ദൃശ്യങ്ങൾ കാണുന്ന ഒരാൾക്ക് ഞാൻ കടന്നു പോയ വഴികളുടെ സ്പന്ദനം മുഴുവൻ മനസ്സിലാകണം. ‘സഞ്ചാരം’ ഒരിക്കലും അസാധ്യമായ ഒരു കാര്യത്തെ പറ്റിയല്ല പറയുന്നത്. എനിക്ക് സാധിക്കുമെങ്കിൽ മറ്റുള്ളവര്‍ക്കും തീർച്ചയായും സാധിക്കും എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. യാത്രകൾ അസാധ്യമായ ഒന്നല്ല. ഒരാൾ ദിവസം നൂറ് രൂപ മിച്ചംപിടിച്ചാൽ തീർച്ചയായിട്ടും എല്ലാവർഷവും അയാൾക്ക് ഒരു വിദേശ യാത്ര പോകാൻ സാധിക്കും എന്നത് ഉറപ്പുള്ള ഒരു കാര്യമാണ്. ദൈർഘ്യം കൂടിയ യാത്രയാണെങ്കിൽ ഇത് ഇരുന്നൂറോ മുന്നൂറോ ആയി ഉയര്‍ത്തിയാല്‍ മതി.

‘സഞ്ചാര’ത്തെക്കുറിച്ച്

പണ്ട് മുതലേ ടെലിവിഷൻ ചാനൽ എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു. ഈ സ്വപ്നം എന്നെങ്കിലും നടക്കുമോ, എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. ഞാൻ ടെക് നോളജിയിൽ ജീവിക്കുന്ന ഒരാളാണ്. ചാനൽ രൂപീകരിക്കാൻ അത് വളരെ അധികം സഹായിച്ചു. എന്നെ സംബന്ധിച്ച് ഒരു ചാനൽ എന്നത് അതിന്റെ സാറ്റലൈറ്റോ, ഓഫീസോ ഒന്നുമല്ല. മറിച്ച് അതിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലെ വ്യത്യസ്തതയാണ്. വലിയ അത്ഭുതങ്ങളും പ്രതികരണങ്ങളും കിട്ടുന്നു എന്നുള്ള ചിന്തയൊന്നും എനിക്ക് ഇപ്പോഴുമില്ല. ആദ്യമേ പറഞ്ഞതുപോലെ തന്നെ ഇതിന്റെ പ്രതികരണത്തെപ്പറ്റിയും, പ്രതിഫലത്തെപ്പറ്റിയും ചിന്തിച്ചിട്ടില്ല. കാരണം, ഇത് ഞാൻ പ്രണയിച്ച ഒരു മേഖലയാണ്. എനിക്ക് ആസ്വദിക്കാൻ വേണ്ടിയാണ് ഈ സ്വപ്നം നേടിയത്. എനിക്ക് മടുപ്പ് തോന്നുമ്പോൾ ഞാനായിട്ട് ഇത് നിർത്തുകയും ചെയ്യും. മലയാളികളുടെ ഒരു പരമ്പരാഗത ചിന്ത എന്തെന്നാൽ ഭൂമിയുടെ ഒരു കേന്ദ്ര സ്ഥലത്താണ് ‘കേരളം’ എന്നാണ്. മറ്റു രാജ്യങ്ങൾ കേരളത്തിന് ചുറ്റും കറങ്ങുന്നു എന്ന ചിന്തയിലാണ് നാം മുന്നോട്ടു പോകുന്നത്. ആ ചിന്ത മലയാളികൾ മാറ്റിയാൽ മതി. നമ്മളെക്കാൾ വലിയവർ ലോകത്ത് ഉണ്ടെന്നുള്ള സത്യം മനസ്സിലാക്കി, അവരെയൊക്കെ അറിയാനും പഠിക്കാനും ശ്രമിച്ചു കഴിഞ്ഞാൽ നമ്മുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഭക്ഷണങ്ങൾ, ഊഷ്മളതകൾ, സൗഹൃദങ്ങൾ, ആൾക്കാർ, ചരിത്രം തുടങ്ങിയ കാര്യങ്ങളാണ് ആ സ്ഥലത്തേക്ക് പിന്നെയും പിന്നെയും ഒരാൾക്ക് ചെല്ലാനുള്ള ആഗ്രഹം രൂപപ്പെടുത്തുന്നത്. അസർബയ്ജാൻ പോലുള്ള സ്ഥലങ്ങളിൽ ചെന്നപ്പോൾ അവിടെ കുടുംബവുമൊത്ത് പോകണം എന്ന് തോന്നുകയും പിന്നീട് പോയിട്ടുമുണ്ട്. വർഷത്തിൽ ഒരു തവണ എങ്കിലും കുടുംബവുമൊത്ത് വിദേശയാത്ര പോകുന്ന ഒരാളാണ് ഞാന്‍.

സഫാരി, ലേബർ ഇൻഡ്യ 

ഒരാൾ കാമുകിയുമായി പ്രണയത്തിലാണെന്ന് കരുതുക. ഒരു പാതിരാത്രി അയാളെ അത്യാവശ്യമായി കാണണം എന്ന ആവശ്യം കാമുകി പറയുകയാണെന്ന് വിചാരിക്കുക. അയാൾ എന്ത് വില കൊടുത്തും അവളെ കാണാൻ പോകില്ലേ? എന്നെ സംബന്ധിച്ചിടത്തോളം, ടെലിവിഷൻ എന്നത് ഒൻപതാം ക്ലാസ് മുതൽ പ്രണയിക്കാൻ തുടങ്ങിയ മാധ്യമം ആണ്. മറ്റൊന്ന് യാത്രകളും. ഇവർ രണ്ടുപേരും എനിക്ക് കാമുകിമാരാണ്. വെല്ലുവിളികളാണ് യാത്രകൾക്ക് ജീവൻ നൽകുന്നത്. ലേബർ ഇൻഡ്യ എന്ന അച്ചടി മാധ്യമം ആണ് എന്നെ വളർത്തിയതും, പോറ്റിയതും പക്ഷേ, മനസ്സ് മുഴുവൻ കിടക്കുന്നത് സഫാരി എന്ന ദൃശ്യമാധ്യമത്തിലാണ്. ഞാൻ ഈ രണ്ട് മാധ്യമങ്ങളും ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ്. എന്റെ വീക്ഷണങ്ങളും എന്റെ അനുഭവങ്ങളുമാണ് ‘സഞ്ചാര’ത്തിലൂടെ കാണിക്കുന്നത്. ‘സഫാരി’ എന്നത് എന്റെ അനുഭവത്താൽ രൂപീകരിക്കപ്പെട്ട ഒന്നാണ്. സ്വന്തമായി ഒരു പ്രസ്സ് ഇല്ലാത്ത കാലത്ത് പ്രിന്റ് ചെയ്യാനായി എറണാകുളത്തെ പ്രസിൽ വരുന്ന വേളയിൽ, സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങൾ കാണാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. ഇതിൽ നിന്നായിരുന്നു ക്യാമറയെക്കുറിച്ച് ആദ്യ പാഠങ്ങൾ പഠിച്ചത്. പിന്നീട്, മദ്രാസിൽ പോയി കോഴ് സ് ചെയ്യുകയുണ്ടായി. അവിടെ എസ് പി മുത്തുരാമൻ, ബി എന്‍ ലെനിൻ അങ്ങനെ പലരും വന്ന് ക്ലാസ് എടുക്കാറുണ്ടായിരുന്നു എംസിജെ കോഴ് സ് ചെയ്തപ്പോൾ ഷൂട്ടിംഗ് സ്ഥലത്ത് കണ്ട കാര്യങ്ങള്‍ പഠിക്കാൻ സാധിച്ചു.

യാത്രാനുഭവം

ചരിത്രം എന്നത് വെറും ഒരു സെൽഫിയിൽ പകർത്താൻ പറ്റുന്ന ഒന്നല്ല. അതിന് ഒരു വൈകാരികത കൂടിയുണ്ട്. ഭൂമിശാസ്ത്രം അനുസരിച്ച് യാത്ര ചെയ്യുന്ന ഒരാളല്ല ഞാൻ. ചരിത്രം അനുസരിച്ച് യാത്ര ചെയ്യുന്ന ആളാണ്. അത് നമ്മൾ തനിച്ച് അനുഭവിച്ചറിയേണ്ട ഒരു അനുഭവമാണ്. സൈബീരിയൻ യാത്ര വിരസമാണ്. വിരസത മാറണം എന്ന ലക്ഷ്യത്തോടുകൂടിയാണ് സംവിധായകന്‍ ലാല്‍ ജോസുമൊത്ത് ആ യാത്ര പ്ലാന്‍ ചെയ്തത്. വെനീസ് വളരെ മനോഹരമായൊരു സ്ഥലമാണ്. ആയിരക്കണക്കിന് വര്‍ഷമായി ആ രാജ്യത്തെ കെട്ടിടങ്ങള്‍ പഴയതായിത്തന്നെ നിലനിറുത്തിയിട്ടുള്ള പട്ടണം. ചരിത്രസംഭവങ്ങൾ അരങ്ങേറിയ സ്ഥലം പഴയതുപോലെ തന്നെ നിലകൊള്ളുന്നു. ഇത്തരത്തില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ നിരവധി. നാട്ടിലെ ഒരു ഗ്രാമത്തിലുള്ള വീട്ടിൽ ഒരു വിദേശി അപരിചിതനായി വന്ന് കയറി എന്ന് സങ്കൽപ്പിക്കുക. അത് ആ വീട്ടുകാരിൽ ഒരു സംശയവും ഭീതിയും ഒക്കെ ഉണർത്തും. അത് സ്വാഭാവികമാണ്. എന്നാൽ, ഒരു ചെറിയ വിഭാഗമെങ്കിലും ഇങ്ങനെ വരുന്നവരെ സ്വീകരിക്കും. ഇത്തരക്കാരെ ലോകത്ത് എല്ലായിടത്തും കാണാം. ഒരു അപരിചിതന്റെ അടുത്ത് വിചിത്രമായി ഇടപെടുന്നവരും സ്നേഹത്തോടെ സ്വീകരിക്കുന്നവരും എല്ലായിടത്തുമുണ്ട്. ആഫ്രിക്കയിലെ ജിബൂട്ടിയിൽ രണ്ടുപേർ വളരെ സ്നേഹത്തോടെ യാത്രയിൽ എന്നെ സഹായിച്ചവരാണ്. യാത്ര കഴിഞ്ഞ് മടങ്ങുന്ന ദിവസം കാണുന്ന കാഴ്ച എന്തെന്നാൽ, ഇവർ രണ്ടുപേരും തമ്മിൽ വലിയ വഴക്ക് ഉണ്ടാക്കുകയാണ്. എന്നെ സ്ഥലം കാണിച്ച സമയത്ത് ഒരാൾ കൂടുതൽ പണം എണ്ണി വാങ്ങി എന്നപേരിലാണ് ആ വഴക്ക്. ഞാൻ വെറും ഒരു ടൂറിസ്റ്റ് ആണ്, അവരെ സംബന്ധിച്ച്. അവർ നാളെ ഒന്നിച്ച് ജീവിക്കേണ്ടവരാണ്, ഇങ്ങനെയുള്ള വിചിത്രമായ അനുഭവങ്ങളും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

സ്പേസ് ടൂറിസം

ഞാൻ ഒരു ടൂറിസ്റ്റ് കൂടിയാണ്. ഇങ്ങനെ ഒരു ചിന്തയിൽ നിന്നാണ് സ്പേസ് ടുറിസം രൂപപ്പെട്ടത്. മറ്റുള്ളവര്‍ക്ക് തോന്നിയില്ല എന്നതുകൊണ്ടാണ് ആരും ഇതുവരെ അതിനു തയ്യാറാകാത്തത്. അല്ലാതെ മറ്റുള്ളവര്‍ മോശക്കാരായതുകൊണ്ടല്ല. ഇംഗ്ലണ്ടിലെ ട്രെയിൻ യാത്രയിൽ അപ്രതീക്ഷിതമായി കണ്ട ഒരു പത്രപരസ്യത്തിലൂടെയാണ് space tourism എന്ന ആശയത്തിലേക്ക് എത്തിയത്. കമ്പനി ഉടമയായ ബ്രാൻസനെ സംബന്ധിച്ച് ഇതൊരു ‘Pres­ti­gious’ പ്രോജക്ട് ആണ്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത്, സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് എത്രയും പെട്ടെന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. ഓരോ ആൾക്കാർക്കും അവരവരുടെ വിജയങ്ങളും പരാജയങ്ങളും ഉണ്ട്. റിച്ചാർഡ് ബ്രാൻസനെ സംബന്ധിച്ചിടത്തോളം, പറഞ്ഞ സമയത്ത് ഈ പ്രോജക്ട് ചെയ്യാൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരു പരാജയമാണ്. ഏതൊരു വലിയ മനുഷ്യനെയും ദൂരെ നിന്ന് നോക്കുമ്പോള്‍ അവർ എല്ലാറ്റിലും വിജയം നേടിയവരാണെന്ന് നമുക്ക് തോന്നാം. എന്നാല്‍ അവരെ അടുത്തറിയുമ്പോൾ അവരുടെ പരാജയങ്ങളും നമ്മൾ അറിയുന്നു. റിച്ചാർഡ് ബ്രാൻസന്റെ വിജയം മാത്രമല്ല, പരാജയങ്ങളും എനിക്കൊരു പാഠമാണ്.

ചരിത്രവും സിനിമയും

മനുഷ്യനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ കലാസൃഷ്ടിയാണ് സിനിമ. ‘ടൈറ്റാനിക്’ പോലെ മനോഹരവും ഹൃദയസ്പര്‍ശിയുമായ ലോകോത്തര ചലച്ചിത്രം രൂപപ്പെട്ടത് ചരിത്രത്തില്‍ നിന്നാണ്. ‘ഷിന്‍ഡ് ലേഴ് സ് ലിസ്റ്റ്’ തുടങ്ങി ഒട്ടനവധി പ്രശസ്തമായ ചലച്ചിത്രങ്ങള്‍ക്കും ചരിത്രമാണ് അടിസ്ഥാനം. അപ്പോള്‍ ചരിത്രം തന്നെയല്ലേ ഏറ്റവും ആസ്വാദ്യകരം. നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് എന്തേ ഇതൊരു വിരസമായ വിഷയമായി പോയത്? യൂറോപ്പില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. അവിടെ കുട്ടികള്‍ക്ക് ആന്‍ ഫ്രാങ്കിന്റെ പുസ്തകം നല്‍കിയിട്ട് ഇതിനു സമാനമായ ഡയറിക്കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെടും. കുട്ടികളുടെ ക്രിയാത്മകത വര്‍ദ്ധിക്കുന്നത് ഇത്തരത്തിലാണ്. യൂറോപ്യന്‍ ജനത ഇന്നു കാണുന്ന തരത്തില്‍ രൂപപ്പെട്ടത് അവര്‍ നേരിട്ട പ്രതിസന്ധികളുടെ ഫലമായാണ്. നമ്മളിപ്പോഴും വ്യര്‍ഥമായ വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്.

ന്യൂജെൻ യാത്രാ രീതികൾ

‘Hitch hik­ing’; ഇന്ന് ഈ രീതി ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഒരുപാട് യാത്രികർ ഉണ്ട്. യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ വരെ യാത്ര ചെയ്യാൻ തയ്യാറാണ്. നമ്മുടെ ഒരു പരമ്പരാഗത ചിന്തയിൽ യാത്ര എന്നത് ഒരു ഒരു ടൂറിസ്റ്റ് ബസ്സ് പിടിച്ച്, അതിൽ പത്ത് നാല്പത് പേർ ഇരുന്ന്, സിനിമ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യുന്നതാണ്. അങ്ങനെയുള്ളവർ ടിവിയും എസിയും ഉള്ള ഒരു മുറി വാടകയ്ക്ക് എടുത്ത് അവിടെ ഇരുന്നാൽ പോരെ? യാത്ര എന്നത് ഒരു പുസ്തകം വായിക്കുന്നതുപോലെയാണ്. അമ്പത് പേർ എങ്ങനെയാണ് ഒരുമിച്ച് ഇരുന്ന് ഒരു പുസ്തകം വായിക്കുന്നത്. ഒരാൾ തനിച്ച് വായിക്കുമ്പോൾ അല്ലേ അയാളുടെ ഭാവനയും ചിന്താശക്തിയും വർദ്ധിക്കുന്നത്. അപ്പോഴല്ലേ വായനയുടെ സുഖം അറിയുന്നത്. അതുപോലെയാണ് യാത്രകളും. തനിച്ച് യാത്ര ചെയ്യുന്നതാണ് യാത്രകളുടെ ഭംഗിയും സൗന്ദര്യവുമെല്ലാം.

വെല്ലുവിളികള്‍

യാത്രകൾ മുറിയിൽ താമസിച്ച് തിരിച്ച് വരാൻ ഉള്ളതല്ല. വെല്ലുവിളികളാണ് യാത്രകൾക്ക് ജീവൻ നൽകുന്നത്. കുറേ യാത്ര ചെയ്തു കഴിഞ്ഞതുകൊണ്ട് പണ്ട് ചെയ്തത് പോലുള്ള മണ്ടത്തരങ്ങൾ കാണിക്കുന്നത് കുറവാണ്. മണ്ടത്തരങ്ങൾ പറ്റുമ്പോൾ അല്ലേ അബദ്ധങ്ങളും പ്രതിസന്ധികളും ഉണ്ടാവുകയുള്ളൂ. അതല്ലേ ഒരു വെല്ലുവിളി ആയി മാറുന്നത്. ഇത്രയധികം അനുഭവങ്ങൾ പറയാന്‍ സാധിക്കുന്നത് പരാജയങ്ങളുടെ വലിയ ഒരു ഭാണ്ഡം ചുമക്കുന്നതുകൊണ്ടാണ്. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്നും സംസാരിക്കാൻ അറിയാത്ത ഒരു നിസ്സാര മനുഷ്യനായേനെ!

ടൂറിസത്തെക്കുറിച്ച്

നമ്മുടെ നാട്ടിൽ ടൂറിസം എന്നത് rede­fine ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കേരളം ഇതുവരെയും ഒരു യൂത്ത് des­ti­na­tion ആയിട്ടില്ല. റിസോർട്ടുകളിൽ ഉള്ള താമസമല്ല ഒരു സ്ഥലത്തേക്ക് യുവാക്കളെ ആകർഷിക്കുന്നത്. യുവാക്കൾ പൊതുവെ സാധാരണ മനുഷ്യരുടെ ജീവിതം, പ്രകൃതിയുടെ അത്ഭുതങ്ങൾ, ഇതൊക്കെ തൊട്ടറിയാൻ ശ്രമിക്കുന്നവർ ആണ്. അതിനെ ഒരു പര്യവേക്ഷണ വീക്ഷണത്തിൽ കാണുന്നവരാണ്. അതാണ് അവർ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാൻ ലോകത്തിലെ നൂറ്റി ഇരുപതിലധികം രാജ്യങ്ങളിലെ ഹോട്ടലിലെ ശീതികരിച്ച മുറികളിൽ താമസിച്ചിട്ടുള്ള ഒരാളാണ്. ഈ മുറികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഞാൻ ഗ്രാമങ്ങളിലേയ്ക്കും ഉൾനാടുകളിലേക്കും ഇറങ്ങി ചെല്ലുമ്പോഴാണ് ഒരു രാജ്യത്തെ തൊട്ടറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.