നിതി ആയോഗ് മുന്‍ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

Web Desk
Posted on June 21, 2019, 10:59 pm

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ നിതി ആയോഗ് മുന്‍ സിഇഒ സിന്ദുശ്രീ കുള്ളറെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി. കൂടാതെ ചെറുകിട വ്യവസായ വകുപ്പ് സെക്രട്ടറി അനൂപ് കെ പൂജാരി, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രബോധ് സക്‌സേന, സാമ്പത്തികകാര്യ വകുപ്പ് മുന്‍ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും സിവിസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. 305 കോടി രൂപയുടെ ഫണ്ട് സ്വീകരിക്കാനാണ് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയത്. ഇതിലുള്ള ക്രമക്കേട് സിവിസി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.

You May like this Video