October 6, 2022 Thursday

കരിമണൽ ഖനന മേഖലകളിൽ കടലാക്രമണം രൂക്ഷം

സ്വന്തം ലേഖകൻ
ആലപ്പുഴ:
July 19, 2020 10:28 pm

സ്വന്തം ലേഖകൻ

കരിമണൽ ഖനനം നടക്കുന്ന ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി കൂടാതെ ഒറ്റപന, ആനന്ദേശ്വരം, പുത്തൻനട എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം ഇരച്ചു കയറിയതോടെ നിരവധി വീടുകൾക്കു് കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ വീടുകൾ തകർച്ചാ ഭീഷണിയിലുമാണ്. ഈ പ്രദേശങ്ങളിൽ കടലും ദേശീയപാതയുമായി 25 മീറ്റർ പോലും ദൂരമില്ല. ഇതോടെ ദേശീയപാതയും തകർച്ചാ ഭീഷണിയിലാണ്.

പുറക്കാട് പഞ്ചായത്തിൽ മഴ ശക്തമാകുമ്പോൾ എല്ലാ വർഷവും കടലാക്രമണം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ മഴ ശക്തമാകുന്നതിന് മുൻപ് തന്നെ കടലാക്രമണം രൂക്ഷമാകാൻ കാരണം അശാസ്ത്രീയമായ കരിമണൽ ഖനനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തോട്ടപ്പള്ളിയിൽ ആദ്യം ഖനനം നടത്തിയത് കടലിലാണ്. കൂറ്റൻ ഡ്രഡ്ജറുകളുടെ സഹായത്തോടെ ആഴ്ചകളോളം ഇവിടെ ഖനനം നടത്തി. തോട്ടപ്പള്ളിയുടെ സമീപ പ്രദേശങ്ങളായ പല്ലന, കുറ്റിക്കാട്, പാന്നൂർ എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉള്ളത്. കൂടാതെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളിലും ശക്തമായ കടൽ കയറ്റം ഉണ്ട്. ഇവിടെ പല സ്ഥലങ്ങളിലും ഒട്ടേറെ വീടുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.

കടൽ ഭിത്തി ഇല്ലാത്തത് ദുരിതത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. പല സ്ഥലങ്ങളിലും നാട്ടുകാർ സ്വന്തം ചെലവിലാണ് ചാക്കുകളിൽ മണൽ നിറച്ച് സംരക്ഷണ കവചം നിർമ്മിക്കുന്നത്. ജില്ലയുടെ തെക്കൻ മേഖലയിലെ രൂക്ഷമായ കടലാക്രമണത്തിന് കാരണം കരിമണൽ ഖനനം തന്നെയാണെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പറഞ്ഞു. കടലാക്രമണ ഭീഷണി നിലനിൽക്കുന്ന ആറാട്ടുപുഴ മുതൽ അമ്പലപ്പുഴവരെയുള്ള തീരപ്രദേശത്തിന് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം മൂലം ദുരിതങ്ങളുണ്ടാകുമെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. തോട്ടപ്പള്ളിയിൽ ആദ്യം ഖനനം നടത്തിയത് കടലിലാണ്. കൂറ്റൻ ഡ്രജജറുകളുടെ പൈപ്പ് കടലിലേക്ക് ഇറക്കി രണ്ടാഴ്ച്ചയോളം നടത്തിയ ഖനനത്തിന്റെ പ്രത്യാഘാതമാണ് പല്ലന പാന്നൂരിലും പുറക്കാടും ഇപ്പോൾ ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് കടൽഭിത്തി നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും അടിയന്തരമായി തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ENGLISH SUMMARY: sand min­ing areas; The sea lev­el ris­es sharply

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.