നിലമ്പൂരിലെ ചന്ദനം കേസ്: മുഖ്യ പ്രതി കിഴടങ്ങി

Web Desk
Posted on September 28, 2018, 12:27 pm
 ചന്ദനക്കേസില്‍ കീഴടങ്ങിയ പ്രതി നജ്മുദ്ദീന്‍
നിലമ്പൂര്‍: കഴിഞ്ഞ ജൂണില്‍ മഞ്ചേരിയില്‍ നിന്ന് ചന്ദനം പിടികൂടിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. മഞ്ചേരി വള്ളുവമ്പ്രം പുല്ലാരയിലെ പുന്നക്കോട് നജ്മുദ്ദീന്‍ കുരിക്കളാണ്(36) എടവണ്ണ റെയ്ഞ്ച് കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ സുനില്‍ കുമാറിന്റെ മുമ്പിലാണ് കീഴടങ്ങിയത്. നജ്മുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതി കീഴടങ്ങിയത്. നജ്മുദ്ദീന്‍ കുരിക്കളുടെയും സഹോദരന്‍ സലാമിന്റെയും വീടുകളോട് ചേര്‍ന്നുള്ള ഷെഡുകളില്‍ നിന്നാണ് കഴിഞ്ഞ ജൂണ്‍ 29ന് ചന്ദന മുട്ടികളും ചീളുകളും ഉള്‍പ്പടെ 1200 കിലോ ചന്ദനം പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
പരിശോധന സമയത്ത് നജ്മുദ്ദീന്‍ സ്ഥലത്തില്ലായിരുന്നു. നജ്മുദ്ദീനും സഹോദരന്‍ സലാമിന്റെ ഭാര്യക്കുമെതിരെയാണ് കേസെടുത്തത്. സലാം വിദേശത്താണ്. കോഴിക്കോട് വനം ഫഌയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ ഇമ്രാസിന്റെ നേതൃത്വത്തില്‍ പ്രതിയേയും കൊണ്ട് വനം വകുപ്പ് തെളിവെടുപ്പ് നടത്തി.  ജില്ലയില്‍ പുല്ലാര കേന്ദ്രീകരിച്ച് ചന്ദനം മാഫിയ സജീവമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ ചന്ദന വേട്ടയാണ് ഇവിടെ നടന്നിട്ടുള്ളത്. കോഴിക്കോട് വനം ഫഌയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ പി ധനേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു ചന്ദനം പിടികൂടിയിരുന്നത്.