അമ്പലപ്പാറ ചന്ദന കേസ്; മലപ്പുറത്തെ നാലു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

Web Desk
Posted on May 25, 2019, 10:50 pm

മറയൂര്‍: മറയൂര്‍ ചന്ദനക്കാട്ടില്‍ നിന്നും ചന്ദന മരങ്ങള്‍ കടത്തിയ കേസിലെ നാലു പ്രതികളെ കണ്ടെത്തുന്നതിന് വനം വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു. ഒളിവില്‍ കഴിയുന്ന മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാര സ്വദേശികളായ ബോസ് എന്നും കുഞ്ഞിപ്പു എന്നും വിളിക്കുന്ന ഷൊഹൈബ്, കയ്പന്‍കോട് അബ്ദുള്‍ നാസര്‍, വള്ളുവമ്പ്രം സ്വദേശി അക്കര ഗഫൂര്‍, ബേബി സോണ്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ അന്‍വര്‍ എന്നിവരെ കണ്ടെത്തുവാന്‍ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുവാന്‍ വനം വകുപ്പ് ഒരുങ്ങുന്നത്.ദേവികുളം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ വീടുകളില്‍ നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടും പിടികൂടുവാന്‍ കഴിയാത്തതിനാലാണ് നോട്ടീസ് ഇറക്കുന്നത്. ഏഴു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ നോട്ടീസ് ഇറക്കുമെന്ന് പ്രതികളുടെ ബന്ധുക്കളോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ ചന്ദനം കടത്തുവാന്‍ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുക്കുവാന്‍ തീരുമാനിച്ചതായി മറയൂര്‍ റേഞ്ച് ഓഫീസര്‍ ജോബ്.ജെ .നര്യാംപറമ്പില്‍ പറഞ്ഞു.
2018 ഡിസംബര്‍ 19 ന് മറയൂര്‍ റേഞ്ചിലെ നാച്ചി വയല്‍ സ്‌റ്റേഷനിലെ അമ്പലപ്പാറ ഭാഗത്ത് നിന്നും മൂന്നു ചന്ദന വേരുകള്‍ കടത്തിയിരുന്നു. ഈ കേസ്സില്‍ പിടിയിലായ മറയൂര്‍ നെല്ലിപ്പെട്ടി സ്വദേശികളായ ആറുമുഖം ‚അന്ന മുത്തു എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തര്‍ സംസ്ഥാന ലോബിയുടെ സജീവ സാന്നിധ്യം തിരിച്ചറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  2019 മാര്‍ച്ച് 11ന് അടിമാലിക്ക് സമീപം വാളറയില്‍ വച്ച് 60 കിലോ ചന്ദനം രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശി സെയ്ഫുദ്ദിന്‍, കാസര്‍ഗോഡ്മ സ്വദേശി മധുസൂദനന്‍ എന്നിവരെയും പിടികൂടി.ഇവരില്‍ നിന്നും ലഭിച്ച ഫോണുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കുഞ്ഞിപ്പൂവിന്റെയും സംഘത്തിലേക്കും എത്തിചേര്‍ന്നത്. ഈ പ്രതികളുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മറയൂര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്ക് വന്നതും കണ്ടെത്തിയിരുന്നു.

ആഡംബരങ്ങളുടെ നിറവിലും സ്വാധീനത്തിന്റെ തണലിലും പ്രതികള്‍.
മറയൂര്‍ ചന്ദന കേസ്സിലെ പിടികിട്ടാപ്പുള്ളികളായ മലപ്പുറത്തുള്ള പ്രതികളുടെ ജീവിതം ആഡംബരത്തിന്റെ പൂര്‍ണ്ണതയിലാണ്.സാമ്പത്തികമായി ഏറെ മുന്നില്‍ നില്ക്കുന്ന പ്രതികള്‍ക്ക് ഏറെ സ്വാധീനമുള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു .ഇവരെ പിടികൂടുന്നതിന് ശക്തമായ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇവരുടെ വീടുകളും എല്ലാ വിധ ആഡംബരങ്ങളോടും കൂടിയുള്ളതാണ്. നീന്തല്‍കുളവും അത്യാധുനിക ആര്‍ഭാടത്തോടു കൂടിയുള്ള സംവിധാനങ്ങളും ഈ വീടുകളിലുണ്ട്.വീടുകള്‍ എല്ലാം ക്യാമറ നിരീക്ഷണത്തിന്റെ കീഴിലുമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതും മറ്റും പ്രതികള്‍ മൊബൈല്‍ ഫോണ്‍ മുഖാന്തിരം കണ്ടു കൊണ്ടിരുന്നു. ഹവാല, സ്വര്‍ണ്ണം, ചന്ദനം എന്നിവ കടത്തി ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികളെന്ന് മറയൂര്‍ ഡപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എ. നിസാം പറഞ്ഞു. സമീപവാസികള്‍ക്ക് ഇവരുടെ പ്രവൃത്തികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല.മാന്യന്‍മാരായിട്ട് ഇവിടെ ജിവിക്കുന്ന ഇവരുടെ യഥാര്‍ത്ഥ വേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് സമീപവാസികള്‍ അറിയുന്നത്.

  1. ഒളിവില്‍ കഴിയുന്ന കുഞ്ഞിപ്പു എന്ന ഷൊഹൈബ്. 2 കുഞ്ഞിപ്പൂവിന്റെയും ഗഫൂറിന്റെ ആഡംബര വീടുകളില്‍ നടന്ന പരിശോധന.

YOU MAY ALSO LIKE THIS VIDEO: