മറയൂര്‍ ചന്ദന ഇ ലേലത്തില്‍ റെക്കോഡ് വില്‍പന: ആദ്യഘട്ടത്തില്‍ വരുമാനം 28 കോടി രൂപ

Web Desk
Posted on January 10, 2019, 8:13 pm

മറയൂര്‍: മറയൂര്‍ ഇ ചന്ദന ലേലത്തില്‍ റെക്കോഡ് വില്‍പന. ലേലത്തിത്തിലൂടെ  സര്‍ക്കാരിന് നികുതിയുള്‍പടെ ലഭിച്ചത് 28.23കോടി രൂപ. വിവിധ തരത്തിലുള്ള  14.373 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. 2018–19 സാമ്പത്തികവര്‍ഷം രണ്ട്  തവണകളിലായി വില്‍പന നടന്നതില്‍ സര്‍ക്കാരിന് ലഭിച്ചത് 66 കോടിരൂപയാണ്.  ഇത് മറയൂര്‍ ചന്ദന ലേല ചരിത്രത്തില്‍ ഉയര്‍ന്ന വിറ്റുവരവാണ്. ഇന്നലെ ഒറ്റ  ദിവസത്തില്‍ രണ്ട് ഘട്ടമായി വൈകിട്ട് 6 മണിവരെയാണ് ലേലം നടന്നത്.

ഇതില്‍  ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ വിവിധ തരത്തിലുള്ള ചന്ദനം 18 കോടി 76
ലക്ഷം രൂപക്കും, കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍ 2.5 കോടി രൂപക്കും കൊച്ചിന്‍  ദേവസ്വംബോര്‍ഡ് 22 ലക്ഷം രൂപക്കും കൊല്‍ക്കത്തയിലുള്ള ശ്രീ  ഗുരുവായൂരപ്പന്‍ സാമാജം മൂന്ന് ലക്ഷം രൂപക്കും ചന്ദനം വാങ്ങി.  ഒട്ടേറെപേര്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍  ചെയ്തിരുന്നുവെങ്കിലും എട്ട്് പേരാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്. മറ്റു  ചന്ദനങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദനത്തിന് ഗുണ നിലാവാരം  കൂടുതലായതിനാല്‍ വില ഉയര്‍ന്നതാണെങ്കിലും പ്രമുഖ കമ്പനികള്‍ വാങ്ങാന്‍
താത്പര്യപെടുന്നത് മറയൂര്‍ ചന്ദനത്തിന് ഡിമാന്റ് വര്‍ദ്ധിക്കാന്‍  കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.