മറയൂരിലെ കള്ളക്കടത്ത് ചന്ദനം: ആന്ധ്ര ഫാക്ടറി വാറ്റിയെടുത്തത് കോടികളുടെ തൈലം

Web Desk
Posted on June 20, 2019, 10:20 pm

മറയൂര്‍: മറയൂര്‍ ചന്ദന കാടുകളില്‍ നിന്ന് മുറിച്ചു കടത്തിയ ചന്ദനം കണ്ടെത്തിയ ആന്ധ്ര അതിര്‍ത്തിയിലെ ബൊമ്മെ സമുദ്രത്തിലുള്ള ചന്ദന ഫാക്ടറിയില്‍ കോടികള്‍ വിലമതിക്കുന്ന ചന്ദനത്തൈലം ഉല്‍പ്പാദിച്ച് വിദേശത്തേക്കടക്കം കടത്തിയതായി വനം വകുപ്പുദ്യോഗസ്ഥരുടെ നിഗമനം.

720 കിലോചന്ദനം, 300 കിലോ ചന്ദനപ്പൊടി, 400 കിലോ ചന്ദനച്ചീളുകള്‍, 20 കിലോ തടി എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ഫാക്ടറി റെയ്ഡ് ചെയ്ത ഇടുക്കിയിലെ വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇതിനു മാത്രം ഒരു കോടിക്കുമേല്‍ വിലമതിക്കും. 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ചന്ദന ഫാക്ടറിയിലേക്ക് ചന്ദന തൈലം വാറ്റാനായി എത്തിച്ചിരുന്നത് കൂടുതലും കള്ളക്കടത്തായുള്ള ചന്ദനമായിരുന്നു. അതില്‍ തന്നെ മുഖ്യപങ്കും മറയൂര്‍ ചന്ദനവും.
കേരളത്തിലെ സര്‍ക്കാര്‍ ചന്ദന ഫാക്ടറിയുടെ നാലിരട്ടി സൗകര്യങ്ങളുള്ളതാണ് ഈ ചന്ദനകമ്പനി. ജനറേറ്റര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.
മറയൂര്‍ ചന്ദന റിസര്‍വ്വുകളില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദന മോഷണം വ്യാപകമായതോടെയാണ് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതും വമ്പന്‍ പ്രതികളെ പിടികൂടിയതും. മലപ്പുറം സ്വദേശികളായ മധുസുദനന്‍,സെയ്ഫുദീന്‍ എന്നിവര്‍ പിടിയിലായതോടെയാണ് അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

കള്ളക്കടത്തിലൂടെ എത്തിക്കുന്ന ചന്ദനത്തടികളില്‍ നിന്നും തൈലം നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിച്ചു വന്നത് 13 ബോയിലറുകളുള്ള വമ്പന്‍ ചന്ദന ഫാക്ടറി. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ചന്ദന ഫാക്ടറി കണ്ട് അമ്പരക്കുകയായിരുന്നു. കേരളത്തില്‍ പൊതുമേഖലയിലുള്ള മറയൂര്‍ ചന്ദന ഫാക്ടറില്‍ പ്രവര്‍ത്തിക്കുന്നത് മൂന്ന് ബോയിലറുകളാണ്. ചന്ദനത്തിന്റെ ലഭ്യത ഏറെയുള്ള മറയൂരില്‍ മൂന്ന് ബോയിലറുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കള്ളക്കടത്ത് സംഘം 13 ബോയിലറുകള്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദന തൈലം ഉത്പാദിപ്പിച്ചു പോന്നിരുന്നത്.

മറയൂരില്‍ ചന്ദനക്കൊള്ള വ്യാപകമായതിനെ തുടര്‍ന്ന് ഇതിന് തടയിടുന്നതിനായി മുഖ്യമന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ചന്ദന ഫാക്ടറികള്‍ നിര്‍ത്തലാക്കുകയും പൊതുമേഖലയില്‍ ചന്ദന ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഇത് ചന്ദന മാഫിയാ സംഘത്തിന് കനത്ത തിരിച്ചടിയായിരുന്നു. കേരളത്തില്‍ പരിശോധനയും അന്വേഷണവും ശക്തമാക്കിയതോടെയാണ് ചന്ദന മാഫിയ തൈലത്തിന്റെ നിര്‍മ്മാണം അയല്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. തമിഴ്‌നാട് അതിര്‍ത്തിയായ വേലൂരില്‍ നിന്നും ഒന്‍പത് കിലോമിറ്റര്‍ അകലത്തിലാണ് ചന്ദന ഫാക്ടറി പ്രവര്‍ത്തിച്ചു വന്ന ചിറ്റൂര്‍ ജില്ലയിലെ ബൊമ്മ സമുദ്രം. 2009 വരെ ഫാക്ടറി അനുമതികളോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായിട്ടാണ് ചന്ദന തൈല നിര്‍മ്മാണം നടത്തി വന്നിരുന്നത്.
ദുബായ് കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നാണ് അന്വേഷണം സംഘത്തിന് ലഭിച്ച വിവരം. ദുബായില്‍ ബിസിനസ് നടത്തിവരുന്ന മലപ്പുറം സ്വദേശിയുടെ പേരിലാണ് 2009 വരെ ലൈസന്‍സ് ഉണ്ടായിരുന്നത്.

ജൂണ്‍ മാസം 12 ന് പിടിയിലായ മലപ്പുറം മോങ്ങം സ്വദേശി കുഞ്ഞാപ്പു എന്ന പേരില്‍ അറിയപ്പെടുന്ന ഷൊഹൈബ് പിടിയിലായതോടെയാണ് ചന്ദന ഫാക്ടറിയെ കുറിച്ച് വിവരം ലഭിച്ചത്.
മറയൂരില്‍ നിന്നും മലപ്പുറം കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് ചന്ദനം കള്ളക്കടത്തിലൂടെ വാങ്ങിയിരുന്നത്. ഇതില്‍ ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ പിടിയിലായത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘവും ഇവര്‍ക്ക് മറയൂരില്‍ നിന്നും ചന്ദനം നല്‍കിയ സംഘവും ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നു.