15 ലക്ഷത്തിന്റെ ചന്ദനവുമായി മൂവർസംഘം പിടിയില്‍

Web Desk
Posted on November 29, 2017, 10:58 am

മറയൂര്‍: പതിനഞ്ച് ലക്ഷത്തിന്റെ ചന്ദനവുമായി തലയാറില്‍ മൂന്നു പേര്‍ പിടിയിൽ. സംഘത്തിലെ ഒരാൾ ഒരാള്‍ ഓടി രക്ഷപെട്ടു. റേഞ്ച്‌ ഓഫീസര്‍ ജോബ്‌ നെടിയാം പറമ്പിലിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മൂന്ന്‌ ദിവസങ്ങളായി പരിശോധന ശക്‌തമാക്കിയിരുന്നു.

പരിശോധനയിൽ ടവേര കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ ചന്ദനവേരുകളുമായി അടിമാലി വെള്ളത്തൂവല്‍ സ്വദേശികളായ ബിനോയ്‌ (40), ജോമോന്‍(30), വൈക്കം ഉദയപുരം സ്വദേശി ഷൈജു(41) എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്‌. എന്നാല്‍ ചന്ദനക്കടത്തിന്‌ നേതൃത്വം വഹിച്ചിരുന്ന അടിമാലി കൂമ്പന്‍പാറ സ്വദേശി അനൂപ്‌ (40) ഓടി രക്ഷപെട്ടു. ഇവരുടെ ആക്രമണത്തില്‍ മൂന്നു വനപാലകര്‍ക്ക്‌ പരിക്കേറ്റു.

പുളിക്കരവയല്‍ സ്വദേശി സൂര്യയുടെ പക്കല്‍ നിന്നാണ്‌ ചന്ദനം വാങ്ങിയതെന്ന്‌ പ്രതികള്‍ മൊഴി നല്‍കി. ഓടി രക്ഷപെട്ട അനൂപിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു. ഇവരെ ഇന്നലെ വൈകിട്ട്‌ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.