തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചന്ദന മരം മുറിച്ചുകടത്തി

Web Desk
Posted on September 04, 2018, 9:38 pm

പുനലൂര്‍: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ചന്ദന മരം മുറിച്ചുകടത്തിയ സംഭവത്തിലെ അന്വേക്ഷണം ഊര്‍ജ്ജിതമാക്കി. തെന്മല ഡിഎഫ്ഒ സുനില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തമിഴ്‌നാട്ടിലെ പൊലീസ്, വനപാലകര്‍ എന്നിവരുമായി സംയുക്തമായും പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ പുളിയറ, കര്‍ക്കിടി, ചെങ്കോട്ട, തെങ്കാശി, അടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചണ് അന്വേഷണം. മുമ്പും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വനം കൊള്ള സംഘം കടമാന്‍പാറ  , പാലരുവി, കോട്ടവാസല്‍, കമ്പിലൈന്‍ തുടങ്ങിയ വനമേഖലകളില്‍ നിന്നും വ്യാപകമായി ചന്ദന മരം മറിച്ചു കടത്തിയിന്നു. ഇതില്‍ എല്ലാ പ്രതികളെയും വനപാലക സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. തെന്മല ഫോറസ്റ്റ് ഡിവിഷനിലെ കോട്ടവാസലിലെ സ്വാഭാവിക വനത്തില്‍ നിന്നായിരുന്നു 70 സെന്റീമീറ്റര്‍ ചുറ്റ് വണ്ണമുള്ള ചന്ദന മരം മുറിച്ചു കടത്തിയത്. മരംമുറിക്കുന്ന ശബ്ദം കേട്ട് എത്തിയ വനം വകുപ്പിലെ വാച്ചര്‍മാരെ നാലംഗ സംഘത്തിലെ ഒരാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ചന്ദനമരത്തിന്റെ പ്രധാന ഭാഗങ്ങളുമായി കടന്നു കളഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വന കൊള്ള സംഘമായിരുന്നു ചന്ദന മോഷണത്തിന് പിന്നില്‍. ഇതാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യകാരണം. മറയൂര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ചന്ദന പ്ലാന്റഷനാണ് ആര്യങ്കാവിലെ കടമാന്‍പാറ ചന്ദന പ്ലാന്റേഷന്‍. ഇതിന് സമീപത്തെ കോട്ടവാസലില്‍ നിന്നാണ് ഇപ്പോള്‍ ചന്ദന മരം മുറിച്ചു കടത്തിയത്. കടമാന്‍പാറ ചന്ദന പ്ലാന്റേഷനില്‍ നിന്നും ചന്ദന മുറിച്ചു കടത്തുന്നത് തടയാന്‍ വേണ്ടി കഴിഞ്ഞ മാസം ഇവിടെ പുതിയ ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.