Janayugom Online
visit janayugom

സന്ദര്‍ശനം

Web Desk
Posted on July 29, 2018, 5:49 pm

ഞാന്‍ ഒറ്റയല്ല
ഒരു കിളിയും രണ്ട് മീനുകളും
എന്നിലുണ്ട്.
സന്ദര്‍ശകാ,
എല്ലാം കാണാതെപോകരുത്.

കാറ്റ് പിളര്‍ന്ന
കാഞ്ഞിരത്തിലെ
കിളിയുടെ കൂട്
വാക്കിനോളം വിശക്കുമ്പോള്‍
കയ്പ് തിന്നുന്ന
ചിലപ്പുകള്‍
മുറിവ് ചിറകായിട്ടും
ഒഴുക്കിനോട് മാപ്പിരന്നിട്ടും
ചൂണ്ടകൊരുത്തെടുത്ത
രണ്ട് സ്വപ്നങ്ങള്‍
ആണും പെണ്ണുമല്ല
എന്നിട്ടും
പിണങ്ങിപ്പിരിഞ്ഞവ.

ചാടിവീഴുന്നതിനും
ഭയന്നോടുന്നതിനും
ഇടയ്ക്ക്പാര്‍ക്കുന്ന
കൊമ്പില്ലാത്ത മൃഗത്തിന്
പ്രത്യേകം പേരില്ല.
ആര്‍ക്കും ഒപ്പം നിന്ന്
ഫോട്ടോ എടുക്കാം.

മടങ്ങുമ്പോള്‍
ശ്രദ്ധിക്കുക
അതിരിലെ
ചെമ്പരത്തിയില്‍ നിന്നും
പൂക്കള്‍ പറിക്കരുത്.
ഉന്മാദത്തിന്റെ പരാഗങ്ങള്‍
ഹൃദയത്തില്‍ വീഴും
ഒരിക്കല്‍ ഞാനും
എന്നെ സന്ദര്‍ശിച്ചിരുന്നു.

രാജു ഡി മംഗലത്ത്