ആ ജീവത്യാഗം ആവേശമാകുന്നു; സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

Web Desk
Posted on February 28, 2019, 12:33 pm

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ഇന്ത്യ പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ ചിത്രം വലിയൊരു ആവേശമായിരിക്കും സൃഷ്ടിക്കുക എന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദിയിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്റെ പേര് ‘മേജര്‍’ എന്നാണ്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ‘മേജറി‘ന്റെ നിര്‍മ്മാണ പങ്കാളികളാണ്. അദിവി സേഷ് തന്നെ തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ശശികിരണ്‍ ടിക്കയാണ്.